Connect with us

National

ചന്ദ്രശേഖര്‍ റാവുവും മമതയും ഇന്ന് കൂടിക്കാഴ്ച നടത്തും

Published

|

Last Updated

ഹൈദരാബാദ്: കോണ്‍ഗ്രസ്, ബി ജെ പി പാര്‍ട്ടികള്‍ക്ക് ബദല്‍ എന്നോണം “ജനങ്ങളുടെ മൂന്നാം മുന്നണി” ആശയം ഉയര്‍ത്തിയ ടി ആര്‍ എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവു ഇന്ന് കൊല്‍ക്കത്തയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ സന്ദര്‍ശിക്കും. അതേസമയം മുന്നണി സംബന്ധിച്ച ഭാവി ചര്‍ച്ചകള്‍ ഇരുവരുടെയും നിലപാടുകളുടെ സംഘര്‍ഷമാകുമെന്നാണ് സൂചന. കോണ്‍ഗ്രസിനോട് തൊട്ടുകൂടായ്മ വേണ്ടതില്ലെന്ന നിലപാടാണ് മമതക്ക്. എന്നാല്‍ കോണ്‍ഗ്രസ് ഒരു തരത്തിലും സഖ്യത്തിന്റെ ഭാഗമാകരുതെന്നാണ് ചന്ദ്രശേഖര്‍ റാവുവിന്റെ ഉറച്ച അഭിപ്രായം. തെലങ്കാനയിലെ ഒന്നാം നമ്പര്‍ വില്ലനാണ് കോണ്‍ഗ്രസ് എന്ന് ഈയടുത്ത് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

എന്‍ ഡി എയുമായി സഖ്യം ഒഴിവാക്കിയ ടി ഡി പിയുമായി ചര്‍ച്ച നടത്താന്‍ വൈമനസ്യം വേണ്ടെന്നാണ് ടി ആര്‍ എസ് നല്‍കുന്ന സൂചന. ബി ജെ പിയെയും കോണ്‍ഗ്രസിനെയും മാറ്റിനിര്‍ത്തി രാജ്യത്തുടനീളമുള്ള രാഷ്ട്രീയ പാര്‍ട്ടികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ചര്‍ച്ച നടത്തുന്നതിന് നായിഡു തീരുമാനിച്ചിട്ടുണ്ട്. അടുത്ത മാസം ആദ്യം തന്നെ ഈ ആശയവുമായി മുന്നോട്ടുപോകാനാണ് നായിഡുവിന്റെ തീരുമാനം.

മൂന്നാം മുന്നണി മമതയുടെ
നേതൃത്വത്തില്‍ വേണം: രാം ജഠ്മലാനി

ഇന്‍ഡോര്‍: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുറത്താക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ മൂന്നാം മുന്നണി രൂപവത്കരിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രാം ജഠ്മലാനി അഭിപ്രായപ്പെട്ടു. ജര്‍മനിയിലും മറ്റ് രാഷ്ട്രങ്ങളിലുമുള്ള കള്ളപ്പണം തിരിച്ചെടുക്കുന്നതില്‍ ബി ജെ പിയും കോണ്‍ഗ്രസും താത്പര്യം പ്രകടിപ്പിക്കുന്നില്ല. ജനങ്ങളെ വഞ്ചിക്കുകയെന്ന കുറ്റമാണ് ഇരു പാര്‍ട്ടികളും ചെയ്യുന്നത്. അതിനാല്‍ സത്യസന്ധരായ നേതാക്കളുടെ മൂന്നാം മുന്നണി ആവശ്യമാണെന്നും മുന്‍ കേന്ദ്ര നിയമ മന്ത്രി കൂടിയായ ജഠ്മലാനി പറഞ്ഞു.