സംസ്‌കാര മാറ്റവും തിരഞ്ഞെടുപ്പ് സന്നദ്ധതയും വ്യക്തമാക്കി കോണ്‍ഗ്രസ്

Posted on: March 19, 2018 6:30 am | Last updated: March 19, 2018 at 12:33 am

ന്യൂഡല്‍ഹി: പാര്‍ട്ടി സംസ്‌കാരത്തില്‍ വരുത്തുന്ന മാറ്റവും പൊതു തിരഞ്ഞെടുപ്പിന് സജ്ജമായി കഴിഞ്ഞുവെന്ന് വ്യക്തമാക്കിയും കോണ്‍ഗ്രസ് 84 ാം പ്ലീനറി സമ്മേളനത്തിന്റെ ആദ്യാവസാന നടപടിക്രമങ്ങള്‍. 2019ലെ പൊതു തിരഞ്ഞെടുപ്പില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിക്കരുതെന്നും ബാലറ്റിലേക്ക് മടങ്ങണമെന്നുമുള്ള രാഷ്ട്രീയ പ്രമേയം തിരഞ്ഞെടുപ്പിനുള്ള കൃത്യമായ പ്രചാരണത്തോടെയാണ് കോണ്‍ഗ്രസ് അവതരിപ്പിച്ചത്. കൂടാതെ ബി ജെ പിക്കതിരെ വിശാല സഖ്യം വേണമെന്നതും സര്‍ക്കാറിനെതിരെയുള്ള കുറ്റപത്രമായി അവതരിപ്പിച്ച മറ്റു പ്രമേയങ്ങളും പാര്‍ട്ടി പ്രതിപക്ഷമെന്ന നിലയിലുള്ള ദൗത്യം ശക്തപ്പെടുത്തുമെന്നതിന്റെ തെളിവ് കൂടിയാണ്.

കേന്ദ്ര സര്‍ക്കാറിന്റെ പാക് നയം ദുരന്തമാണെന്നായിരുന്നു സമ്മേളനത്തില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി ആനന്ദ് ശര്‍മ അവതരിപ്പിച്ച അന്താരാഷ്ട്ര പ്രമേയം. പാക് നയത്തില്‍ വ്യക്തമായ രൂപരേഖ ഇല്ല. നയം പുനഃപരിശോധിക്കേണ്ട കാലം അതിക്രമിച്ചുവെന്നും പാക് ബന്ധത്തില്‍ പ്രധാനമന്ത്രി മോദി നിലപാട് വ്യക്തമാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. പാക് നയം വിഭജന വിഷയമാക്കി മാറ്റിയ കേന്ദ്ര നടപടി തിരിച്ചടിയായി. അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം ഇപ്പോള്‍ ഏറ്റവും മോശം അവസ്ഥയിലാണെന്നും പ്രമേയം വിലയിരുത്തി. യു പി എ സര്‍ക്കാര്‍ സ്വീകരിച്ച വിദേശകാര്യനയങ്ങള്‍ എത്രത്തോളം ഫലവത്തായിരുന്നുവെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

ബി ജെ പിയുടെ ‘ഒരു രാഷ്ട്രം ഒരു നയം’ എന്ന മുദ്രവാക്യത്തെ എതിര്‍ത്താണ് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യയുടെ വൈജാത്യത്തിനു നേരെ കണ്ണടച്ചാണ് ബി ജെ പിയുടെ സാമ്പത്തിക തത്വശാസ്ത്രമെന്നും പ്രമേയം കുറ്റപ്പെടുത്തി. പ്ലീനറി സമ്മേളനത്തിന്റെ രണ്ടാം ദിനത്തിലാണ് മുന്‍ ധനകാര്യ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം സാമ്പത്തിക പ്രമേയം അവതരിപ്പിച്ചത്.
കോണ്‍ഗ്രസ് സംസ്‌കാരത്തില്‍ വരാന്‍ പോകുന്ന മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കല്‍ കൂടിയായിരുന്നു ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ സമ്മേളനം. സമ്മേളന വേദിയില്‍ പ്രസംഗിക്കാനുള്ള പീഠം മാത്രം, മുഴുവന്‍ നേതാക്കള്‍ക്കും പ്രതിനിധികള്‍ക്കും സദസ്സില്‍ കൃത്യമായി നിശ്ചയിച്ച ഇരിപ്പിടങ്ങള്‍, നേതാക്കളുടെ പ്രസംഗങ്ങള്‍ക്ക് കൃത്യമായ സമയക്രമം, സമയം അതിക്രമിച്ചാല്‍ മുന്നറിയിപ്പ് മണി മുഴക്കം, മുതിര്‍ന്ന നേതാക്കളെ അഭിവാദ്യം ചെയ്ത് പ്രസംഗം ആരംഭിക്കുന്ന രീതി തുടങ്ങിയവയിലും കാര്യമായ മാറ്റങ്ങളാണ് രാഹുല്‍ ഗാന്ധി അധ്യക്ഷ പദമെറ്റടുത്തതിനുള്ള ശേഷമുള്ള പ്ലീനറി സമ്മേളനത്തില്‍ ദൃശ്യമായത്.

പാര്‍ട്ടിയില്‍ യുവാക്കള്‍ക്ക് പ്രധാന്യം നല്‍കുമെന്നും നേതാക്കളെ മുകളില്‍ നിന്ന് കെട്ടിയിറക്കുന്ന പരിപാടി അവസാനിപ്പിക്കുമെന്നും രാഹുല്‍ സമാപന പ്രസംഗത്തില്‍ വ്യക്തമാക്കുകയും ചെയ്തു.