കര്‍ണാടകയില്‍ ബി ജെ പി നേതാവ് കോണ്‍ഗ്രസിലേക്ക്

Posted on: March 19, 2018 6:28 am | Last updated: March 19, 2018 at 12:33 am

ബെംഗളൂരു: ബെംഗളൂരു കോര്‍പ്പറേഷന്‍ മുന്‍ മേയറും ബി ജെ പി നേതാവുമായ വെങ്കടേഷ് മൂര്‍ത്തി കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നു. മൂര്‍ത്തിയെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരുന്നതിന് മുഖ്യമന്ത്രി സിദ്ധരാമയ്യയും മറ്റു നേതാക്കളും അനുകൂല നിലപാടാണ് കൈക്കൊണ്ടത്. കഴിഞ്ഞ ദിവസം വെങ്കടേഷ്മൂര്‍ത്തി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കെ പി സി സി ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ വെങ്കടേഷ് കോണ്‍ഗ്രസ് അംഗത്വമെടുക്കും.

ബെംഗളൂരുവില്‍ ഏറ്റവും കൂടുതല്‍ കാലം മേയറായ വ്യക്തിയാണ് വെങ്കടേഷ് മൂര്‍ത്തി. 2013ല്‍ ശാന്തിനഗര്‍ മണ്ഡലത്തില്‍ നിന്ന് ബി ജെ പി ടിക്കറ്റില്‍ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2015ല്‍ നടന്ന ബി ബി എം പി തിരഞ്ഞെടുപ്പില്‍ വെങ്കടേഷ് മൂര്‍ത്തിക്ക് ബി ജെ പി ടിക്കറ്റ് നിഷേധിക്കുകയും ചെയ്തു.

കോണ്‍ഗ്രസില്‍ ചേരുന്ന മൂര്‍ത്തിയെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമോയെന്നത് വ്യക്തമല്ല. പത്മനാഭ നഗറില്‍ നിന്ന് മൂര്‍ത്തിയെ മത്സരിപ്പിക്കണമെന്ന ആവശ്യം ഇദ്ദേഹത്തിന്റെ അനുയായികള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.