Connect with us

International

ചാരനെതിരെ പ്രയോഗിച്ച വിഷം ബ്രിട്ടനിലെ ലബോറട്ടറിയില്‍ നിന്ന്: റഷ്യ

Published

|

Last Updated

ലണ്ടന്‍: റഷ്യയുടെ മുന്‍ ചാരനും മകള്‍ക്കും കുത്തിവെച്ച വിഷം ബ്രിട്ടനിലെ തന്നെ ഒരു ലബോറട്ടറിയില്‍ നിന്നുള്ളതാണെന്ന് റഷ്യയുടെ യൂറോപ്യന്‍ യൂനിയന്‍ അംബാസിഡര്‍. റഷ്യന്‍ മുന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയക്കുമെതിരെ നടന്ന വിഷപ്രയോഗത്തെ സംബന്ധിച്ച വിവാദം കത്തിനില്‍ക്കുന്നതിനിടൊണ് ബ്രിട്ടന് മേല്‍ ആരോപണം ഉന്നയിച്ച് റഷ്യ രംഗത്തെത്തിയിരിക്കുന്നത്. വിഷയത്തില്‍ റഷ്യയുടെ പ്രതികരണം ബ്രിട്ടന്‍ ആരാഞ്ഞിരുന്നുവെങ്കിലും തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന് റഷ്യ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അമേരിക്കയുള്‍പ്പടെയുള്ള ബ്രിട്ടന്റെ സഖ്യരാജ്യങ്ങള്‍ റഷ്യക്കെതിരെ അണിനിരക്കുകയും റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കി ബ്രിട്ടന്‍ പ്രതികാരം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് മറുപടിയായി ബ്രിട്ടന്റെ പ്രതിനിധികളെ റഷ്യയും പുറത്താക്കി. ഇതു സംബന്ധിച്ച വാഗ്വാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ചാരന് കുത്തിവെച്ച വിഷം ബ്രിട്ടന്റെ ലബോറട്ടറിയില്‍ നിന്ന് തന്നെ ഉള്ളതാണെന്ന് റഷ്യ ആരോപിക്കുന്നത്.

ചാരനും അദ്ദേഹത്തിന്റെ മകള്‍ക്കും വിഷപ്രയോഗമേറ്റ സംഭവത്തില്‍ റഷ്യക്ക് ഒരു ഉത്തരവാദിത്വവുമില്ല. വിഷം സൂക്ഷിച്ചുവെക്കുന്ന പരിപാടി റഷ്യക്കില്ല. നഗരത്തില്‍ നിന്ന് വെറും 12 കിലോമീറ്റര്‍ അകലെയാണ് പോര്‍ട്ടോണ്‍ ഡൗണ്‍ ലബോറട്ടറിയെന്നും റഷ്യയുടെ യൂറോപ്യന്‍ യൂനിയന്‍ അംബാസഡര്‍ വ്‌ളാദിമിര്‍ ഷിസോവ് പറഞ്ഞു. എന്നാല്‍ ബ്രിട്ടനിലെ ലബോറട്ടറിയുടെ മേല്‍ കുറ്റം ചുമത്തുന്ന റഷ്യന്‍ നടപടി പരിഹാസ്യമാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു.

Latest