അഫ്‌റിന്‍ നഗരം തുര്‍ക്കി നിയന്ത്രണത്തില്‍

Posted on: March 19, 2018 6:24 am | Last updated: March 19, 2018 at 12:26 am
SHARE

ദമസ്‌കസ്: സിറിയയിലെ അഫ്്‌റിന്‍ നഗരത്തിന്റെ നിയന്ത്രണം സംയുക്തമായി നടത്തിയ നീക്കത്തിനൊടുവില്‍ തുര്‍ക്കി സൈന്യവും ഫ്രീ സിറിയന്‍ ആര്‍മിയും(എഫ് എസ് എ) തിരിച്ചുപിടിച്ചു. കുര്‍ദ് തീവ്രവാദികളുടെ നിയന്ത്രണത്തിലായിരുന്നു ഈ നഗരം. നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തകാര്യം തുര്‍ക്കി സൈന്യവും പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും സ്ഥിരീകരിച്ചിട്ടുണ്ട്. കുര്‍ദ് തീവ്രവാദികള്‍ പ്രദേശങ്ങളില്‍ കുഴിച്ചിട്ട കുഴിബോംബുകള്‍ ഉള്‍പ്പടെയുള്ള സ്‌ഫോടക വസ്തുക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നും സൈന്യം ട്വിറ്ററില്‍ വ്യക്തമാക്കി. പ്രാദേശിക സമയം രാവിലെ 8.30ന് അഫ്‌റിന്‍ നഗരം സൈന്യത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലായെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു. നഗരത്തിന്റെ മധ്യത്തില്‍ തുര്‍ക്കി സൈന്യം പതാക സ്ഥാപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടു. ജനങ്ങള്‍ ആഹ്ലാദഭരിതരായി നഗരങ്ങളിലും ഗ്രാമങ്ങളിലും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ച മുതല്‍ നഗരത്തില്‍ നിന്ന് ഒന്നര ലക്ഷത്തിലധികം ആളുകള്‍ പലായനം ചെയ്തതായി സിറിയയിലെ മനുഷ്യാവകാശ നിരീക്ഷണ സംഘടന അറിയിച്ചു. ഈ വര്‍ഷം ജനുവരിയിലാണ് കുര്‍ദ് തീവ്രവാദികള്‍ക്കെതിരെ തുര്‍ക്കി സൈന്യം നടപടികള്‍ ആരംഭിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here