Connect with us

International

റഷ്യയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി

Published

|

Last Updated

മോസ്‌കോ: പുതിയ റഷ്യന്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. നിലവിലെ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ തന്നെ പ്രസിഡന്റ് പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റു ഏഴ് പേര്‍ മത്സര രംഗത്തുണ്ടെങ്കിലും എല്ലാ അഭിപ്രായ സര്‍വേകളും പുടിന് തന്നെയാണ് സാധ്യത കല്‍പ്പിക്കുന്നത്. വലിയ ഭൂരിപക്ഷത്തോടെ പുടിന്‍ നാലാം തവണയും അധികാരത്തിലെത്തുമെന്നും സര്‍വേകള്‍ പറയുന്നു. തിരഞ്ഞെടുപ്പ് ഫലം ഇന്ന് മുതല്‍ തന്നെ പുറത്തുവരും.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം പുടിന്‍ മോസ്‌കോയിലെ ക്രെംലിനില്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്യും. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്.

ഒരു ലക്ഷത്തിലധികം പോളിംഗ് സ്‌റ്റേഷനുകളിലായി 109 മില്യന്‍ ജനങ്ങള്‍ അവരുടെ വോട്ട് രേഖപ്പെടുത്തി. ഇതിന് പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റഷ്യക്കാര്‍ 145 രാജ്യങ്ങളില്‍ നിന്ന് അവരുടെ വോട്ടവകാശം വിനിയോഗിച്ചു. രാജ്യം മുറിച്ചുകടന്നുപോകുന്ന 38 ട്രെയിനുകളിലും ആശുപത്രികളിലും സൈനിക കേന്ദ്രങ്ങളിലും പോളിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചിരുന്നു. റഷ്യയിലേക്ക് കൂട്ടിച്ചേര്‍ത്ത ക്രീമിയയിലുള്ളവര്‍ ചരിത്രത്തിലാദ്യമായി റഷ്യന്‍ പ്രസിഡന്റ് വോട്ടെടുപ്പില്‍ പങ്കെടുത്തു. നാല് വര്‍ഷം മുമ്പാണ് ക്രീമിയയെ റഷ്യന്‍ റിപ്പബ്ലിക്കിലേക്ക് കൂട്ടിച്ചേര്‍ത്തിരുന്നത്.

---- facebook comment plugin here -----

Latest