Connect with us

Kerala

സ്വകാര്യ വ്യക്തിക്ക് സബ്കലക്ടറുടെ ഭൂമി ദാനം: തിരുവനന്തപുരം കലക്ടര്‍ അന്വേഷിക്കും

Published

|

Last Updated

തിരുവനന്തപുരം: സ്വകാര്യ വ്യക്തിയില്‍ നിന്ന് റവന്യൂ വകുപ്പ് ഏറ്റെടുത്ത ഭൂമി ചട്ടങ്ങള്‍ ലംഘിച്ച് കുടുംബ സുഹൃത്തിന്റെ ബന്ധുവിന് തിരിച്ചു നല്‍കിയ തിരുവനന്തപുരം സബ്കലക്ടറുടെ നടപടി വിവാദമായ പശ്ചാത്തലത്തില്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തുടര്‍ നടപടികളിലേക്ക് കടക്കും.

അയിരൂര്‍ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കാനായി നിര്‍ദേശിക്കപ്പട്ട ഭൂമിയാണ് സബ്കലക്ടര്‍ ദിവ്യ എസ് അയ്യര്‍ കുടുംബ സുഹൃത്തിന്റെ ബന്ധുവിന് തിരികെ നല്‍കാന്‍ ഉത്തരവിട്ടത്. റവന്യു വകുപ്പ് ഏറ്റെടുത്ത ഒരു കോടിയോളം രൂപ മതിപ്പു വിലയുള്ള പുറമ്പോക്ക് ഭൂമിയാണ് തിരികെ നല്‍കി ഉത്തരവിറക്കിയത്. ഒഴിപ്പിച്ചെടുത്ത ഭൂമി അയിരൂര്‍ പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം നിര്‍മിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനിടെ ഒഴിപ്പിക്കല്‍ നടപടിക്കെതിരെ ഭൂമി കൈവശം വെച്ചിരുന്നയാള്‍ ഹൈക്കോടതിയെ സമീപിച്ചതിനാല്‍ തുടര്‍ നടപടികള്‍ക്കായി കാത്തിരിക്കുകയായിരുന്നു. ഇതിനിടെ കോടതിയുടെ നിര്‍ദേശത്തിന്റെ മറവിലാണ് സബ്കലക്ടറുടെ ഇടപെടല്‍. സംഭവത്തില്‍ സബ്കലക്ടര്‍ സ്വജനപക്ഷപാതം നടത്തിയെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് റവന്യു വകുപ്പ് നടപടിക്കൊരുങ്ങുന്നത്. നിലവിലെ സാഹചര്യത്തില്‍ ഉത്തരവ് റദ്ദാക്കി ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കുമെന്നാണ് വിവരം. 2009ലെ കേരള ഭൂസംരക്ഷണ നിയമത്തിലെ ഭേദഗതി പ്രകാരം സര്‍ക്കാര്‍ ഭൂമി കൈയേറ്റക്കാരന് മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവും അരലക്ഷം മുതല്‍ രണ്ട് ലക്ഷം രൂപ വരെ പിഴയും ഈടാക്കാന്‍ നിയമം ശിപാര്‍ശ ചെയ്യുന്നുണ്ടെന്നിരിക്കെയാണ് സ്വജനപക്ഷപാതത്തോടെ സബ്കലക്ടര്‍ ഇടപെട്ടെന്ന ആരോപണമുയര്‍ന്നിരിക്കുന്നത്.

ഭര്‍തൃ പിതാവിന്റെ സഹപാഠിയും ഉറ്റ സുഹൃത്തുമായിരുന്നു അഡ്വ.അനില്‍കുമാറിന്റെ പിതൃസഹോദരന്റെ മകന്‍ കൃഷ്ണകുമാറിനാണ് സബ് കലക്ടറുടെ ഉത്തരവിലൂടെ ആനുകൂല്യം ലഭിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി സ്വകാര്യ വ്യക്തി അനധികൃതമായി വര്‍ഷങ്ങളോളം കൈവശം വച്ചിരുന്ന ഈ ഭൂമി ഏറ്റെടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും വിവിധ സന്നദ്ധ സംഘടനകളും സര്‍ക്കാറിനോട് ആവശ്യപ്പെട്ടത് പ്രകാരം റീസര്‍വെ 227ല്‍പ്പെട്ട 11 ആര്‍ (27 സെന്റ്) റോഡ് പുറമ്പോക്ക് ഭൂമി 2017 ജൂലൈ 19ന് വര്‍ക്കല തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചെടുത്തത്.

തുടര്‍ന്ന് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഭൂമി ഏറ്റെടുത്തതു മൂലം തന്റെ പിറകിലുള്ള വസ്തുവിലേക്ക് വഴി നഷ്ടമായി, വെള്ളപ്പൊക്കത്തില്‍ നഷ്ടമായ ഭൂമിക്ക് പകരം അനുവദിക്കണം, തന്റെ ഭാഗം കേള്‍ക്കാതെയാണ് റവന്യൂം വകുപ്പ് ഭൂമി ഏറ്റെടുത്തത് തുടങ്ങിയ കാര്യങ്ങളായിരുന്നു ഇയാള്‍ കോടതിയില്‍ വിശദീകരിച്ചത്. ഇത് പരിഗണിച്ച ഹൈക്കോടതി പരാതിക്കാരന്റെ ഭാഗം കേട്ട് ഉചിതമായ തീരുമാനമെടുക്കാന്‍ ഉത്തവിടുകയായിരുന്നു. കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സബ്കലക്ടര്‍ കൈയേറിയ കക്ഷിയെ നോട്ടീസ് നല്‍കി വിളിപ്പിച്ച് അവരുടെ ഭാഗം മാത്രം കേട്ട് ഭൂമി ഏറ്റെടുത്ത നടപടി റദ്ദാക്കി ഇയാള്‍ക്ക് അനുകൂലമായ ഉത്തരവ് നല്‍കുകയായിരുന്നു. ഭൂമി ഏറ്റെടുക്കലിന് നേതൃത്വം നല്‍കിയ റവന്യു ഉദ്യോഗസ്ഥരുടെ ഭാഗം കേള്‍ക്കാന്‍ പോലും സബ് കലക്ടര്‍ തയ്യാറായിരുന്നില്ല. മാത്രമല്ല, ഫെബ്രുവരി 24 ന് പുറപ്പെടുവിച്ച ഉത്തരവില്‍ റദ്ദാക്കലിന്റെ കാരണം വ്യക്തമായി പ്രതിപാദിച്ചിട്ടുമില്ല.

Latest