
കോതമംഗലം: ഗുണമേന്മ കൊണ്ട് പ്രസിദ്ധമായ മറയൂരിലെ ശര്‍ക്കര നിര്‍മാണം പ്രതിസന്ധി നേരിടുന്നു. മറയൂര്‍ ശര്‍ക്കരക്ക് വിപണിയിലെ വിലക്കുറവാണ് ഈ മേഖലയിലെ കരിമ്പു കര്‍ഷകരെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നത്. ഉത്പാദിപ്പിക്കുന്ന ശര്‍ക്കര, വിപണിയില്‍ എത്തിക്കുമ്പോള്‍ ലഭിക്കുന്ന വില മുതലാകാത്തതിനാല്‍ വിളവെടുക്കാതെ കരിമ്പ് തോട്ടത്തില്‍ തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയാണുള്ളത്. ഏഴ് വര്‍ഷം മുമ്പ് ലഭിച്ചിരുന്ന വില ഇപ്പോഴും ലഭിക്കുന്നത് ഉത്പാദനച്ചെലവിന് പോലും തികയുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
62 കിലോ ഗ്രാം തൂക്കം വരുന്ന മറയൂര്‍ ശര്‍ക്കരക്ക് ഇപ്പോള്‍ 2500 രൂപയാണ് വിലയായി ലഭിക്കുന്നത്. രുചികൊണ്ടും ഗുണമേന്മ കൊണ്ടും പ്രസിദ്ധമായ മറയൂര്‍ ശര്‍ക്കരക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. ഇതിനാല്‍ വിപണിയില്‍ തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന ശര്‍ക്കരയെക്കാള്‍ ഉയര്‍ന്ന വില ലഭിച്ചിരുന്നു.
കഴിഞ്ഞ മൂന്ന് മാസം മുമ്പ് വരെ 62 കി. ലോ കൊള്ളുന്ന ശര്‍ക്കരക്ക് ചാക്കിന് മൂവായിരം രൂപ വരെ വില ലഭിച്ചിരുന്നു. ഇപ്പോള്‍ ഇത് 2500 രൂപയായി കുറഞ്ഞിരിക്കുകയാണ്. ഇക്കാരണത്താല്‍ കരിമ്പ് വെട്ടുകൂലി ഉള്‍പ്പെടെയുള്ള നിര്‍മാണ ചെലവ് പോലും ലഭിക്കാതെ വരുമെന്ന സാഹചര്യത്തിലാണ് കര്‍ഷകര്‍ ശര്‍ക്കര നിര്‍മാണം നിര്‍ത്തിവെച്ചത്. മൂപ്പെത്തിയ കരിമ്പ് പോലും വെട്ടി ശര്‍ക്കര ഉത്പാദിപ്പിക്കാനാകാതെ കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
അഞ്ച് വര്‍ഷം മുമ്പ് വരെ മറയൂരില്‍ ശര്‍ക്കര വ്യാപാരികള്‍ മറയൂര്‍ ശര്‍ക്കര മാത്രം കേരള വിപണിയിലെത്തിച്ചതിനെ തുടര്‍ന്ന് കര്‍ഷകര്‍ക്ക് നല്ല വില ലഭിച്ചിരുന്നതും ഇതോടെ ഈ മേഖലയിലെ കര്‍ഷകര്‍ കരിമ്പ് കൃഷിക്ക് മുന്‍തൂക്കം നല്‍കി കൃഷി കൂടുതല്‍ വ്യാപിക്കുകയും ചെയ്തിരുന്നു. മറയൂര്‍ ശര്‍ക്കരയുടെ മേന്മ മനസ്സിലാക്കിയവര്‍ ഇതുതന്നെ വാങ്ങാന്‍ തുടങ്ങുകയും ചെയ്തതോടെ കേരളത്തിലെ വിപണികളില്‍ മറയൂര്‍ ശര്‍ക്കരക്ക് ആവശ്യക്കാരും ഏറെയായിരുന്നു.
ഇതില്‍ ലാഭം കണ്ട ചില കച്ചവടക്കാര്‍ സമീപ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ശര്‍ക്കര നിര്‍മാണ കേന്ദ്രങ്ങളിലെത്തി വിലക്കുറവുള്ളതും രാസവസ്തുക്കള്‍ കൂടുതല്‍ ഉപയോഗിച്ച് നിര്‍മിച്ചതുമായ ശര്‍ക്കരക്കൊക്കൊപ്പം ഇവിടുത്തെ ശര്‍ക്കരയും കലര്‍ത്തി വിപണിയിലെത്തിച്ചതോടെ മറയൂര്‍ ശര്‍ക്കരക്ക് ശനി ദശ തുടങ്ങി. തമിഴ്‌നാട് ശര്‍ക്കരയുടെ പുളിപ്പുരസം ഒഴിവാക്കാനായി ശര്‍ക്കരയില്‍ പഞ്ചസാരയും കുമ്മായവും ചേര്‍ത്താണ് കേരളത്തിലെത്തിച്ച് വിറ്റ് ലാഭം കൊയ്യുന്നത്. കേരള ശര്‍ക്കര വ്യവസായവും അനുബന്ധ കൃഷിയും നിലനില്‍ക്കുന്ന മറയൂരില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി പേരാണുള്ളത്. പെരുമയില്‍ മുന്നില്‍ നില്‍ക്കുന്ന മറയൂര്‍ ശര്‍ക്കരക്ക് വിപണിയില്‍ പിടിച്ചുനില്‍ക്കുന്നതിനും ഇവിടുത്തെ കര്‍ഷകരെ രക്ഷിക്കുന്നതിനും സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണ്.