Connect with us

Ongoing News

സംസ്ഥാനത്ത് രണ്ടര ലക്ഷം കോഴി ഫാമുകള്‍ അടച്ചു പൂട്ടി

Published

|

Last Updated

മലപ്പുറം: കേരളത്തിലെ കോഴി വളര്‍ത്തല്‍ മേഖലയില്‍ ഇതര സംസ്ഥാന ലോബി പിടിമുറുക്കുന്നു. വി എച്ച് എല്‍, ശാന്തി, സുഗുണ പോലെയുള്ള കുത്തക കമ്പനികളാണ് കോഴി ഫാമുകളുടെ കുത്തക ഏറ്റെടുക്കുന്നത്. ഉപജീവന മാര്‍ഗമായി സ്വീകരിച്ചിരുന്ന കോഴി കര്‍ഷകരെയാണിത് പ്രതിസന്ധിയിലാക്കുന്നത്. ഇതേ തുടര്‍ന്ന് കോഴിക്കുഞ്ഞിന് വില കൂട്ടിയും വില്‍പ്പനക്കുള്ള കോഴിക്ക് വില കുറച്ചുമാണ് കുത്തക ലോബി വിപണിയില്‍ പിടിമുറുക്കുന്നത്.
തമിഴ്‌നാട്ടിലെ ഫാമില്‍ നിന്ന് വളര്‍ത്തിയ കോഴികളെ 50 രൂപക്കാണ് ഇവിടെ കുത്തക ലോബി വില്‍പ്പന നടത്തുന്നത്. ഒരു ദിവസം പ്രയമായ കുഞ്ഞിന് 42 രൂപയും 40 ദിവസം വളര്‍ത്തി വലുതാക്കുമ്പോള്‍ 85 രൂപയോളം ചെലവാണ് ഇവിടെയുള്ള കര്‍ഷകര്‍ക്ക് വരുന്നത്.

കുത്തക കമ്പനികള്‍ കോഴിക്ക് വില കുറച്ചതിനാല്‍ ഇവിടെയുള്ള കോഴി ഫാമുകാരും വില കുറക്കേണ്ട അവസ്ഥയിലാണ്. ഇതേ തുടര്‍ന്ന് രണ്ടര ലക്ഷം ഫാമുകളാണ് കേരളത്തില്‍ അടച്ചു പൂട്ടിയത്. ഏറ്റവും കൂടുതല്‍ ഫാമുകളുള്ള മലപ്പുറം ജില്ലയില്‍ നിന്ന് 25,000, പാലക്കാട് ജില്ലയില്‍ നിന്ന് 20,000 ഫാമുകളാണ് അടച്ചു പൂട്ടിയത്. അടച്ചുപൂട്ടിയ ഫാമുകളെല്ലാം കുത്തക കമ്പനികള്‍ തന്നെയാണ് ഏറ്റെടുക്കുന്നത്. കുടുംബശ്രീ, അയല്‍ക്കൂട്ടം, പ്രവാസികള്‍ തുടങ്ങിയവരാണ് മേഖലയില്‍ സജീവമായിരുന്നത്. ഇവരെല്ലാം ഇപ്പോള്‍ ദുരിതം പേറുകയാണ്.

ഇവിടെയുള്ള കോഴി ഫാമുകള്‍ അടച്ചു പൂട്ടിയതിന് ശേഷം വില കുത്തനെ കൂട്ടാനായിരിക്കും കുത്തക കമ്പനികളുടെ ശ്രമം. ജി എസ് ടി വന്നതോടെ കുത്തക കമ്പനികള്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ രണ്ട് മാസം കൊണ്ട് ഈ മേഖല പാടെ തകര്‍ന്നിരിക്കുകയാണ്. ഇതിന് പുറമെ അമേരിക്കന്‍ കോഴിക്കാലുകള്‍ കൂടി വരുന്നതോട് കൂടി ഈ മേഖല പൂര്‍ണമായും തകരുമെന്ന് കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് അസേസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ പി ഖാദറലി സിറാജിനോട് പറഞ്ഞു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Latest