Connect with us

Ongoing News

അവസാന പന്തില്‍ സിക്‌സ്; ഇന്ത്യ ചാമ്പ്യന്‍മാര്‍

Published

|

Last Updated

അവസാന പന്തില്‍ സിക്ടസടിച്ച് ഇന്ത്യന്‍ വിജയ ശില്‍പ്പിയായ കാര്‍ത്തികിന്റെ ആഹ്ലാദം

കൊളംബോ: നിദാഹാസ് ത്രിരാഷ്ട്ര ടിട്വന്റി ടൂര്‍ണമെന്റ് ഫൈനലില്‍ ഫോട്ടോ ഫിനിഷ്. അവസാന ബോളില്‍ സിക്‌സടിച്ച് ഇന്ത്യയെ വിജയതീരത്തെത്തിച്ച് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ് മാന്‍ ദിനേഷ് കാര്‍ത്തിക് ഫൈനലിന്റെ ഹിറോയായി. അവസാന പന്തില്‍ അഞ്ച് റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയെ ഒരു തകര്‍പ്പന്‍ സിക്‌സിലൂടെയാണ് കാര്‍ത്തിക് വിജയത്തേരിലേറ്റിയത്.

മൂന്ന് ഓവര്‍ ശേഷിക്കെ മനീഷ് പാണ്ഡെയെ മുസ്തഫീസിറിന്റെ പന്തില്‍ സാബിര്‍ റഹ്മാന്‍ പിടിച്ച് പുറത്താകുമ്പോള്‍ 133-5 അഞ്ച് എന്ന നിലയിലാണ്. വിജയിക്കാന്‍ വേണ്ടത് 12 പന്തുകളില്‍ 34 റണ്‍സ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തിക് ക്രീസിലേക്ക്. പരിചയ സമ്പന്നനായ കാര്‍ത്തിക് തുടങ്ങിയത് തന്നെ കൂറ്റന്‍ സിക്‌സുമായി. അടുത്ത ബോള്‍ ഫോര്‍. മുന്നാമത്തേ ബോള്‍ വീണ്ടും സിക്‌സ്. ബംഗ്ലാ കടുവകളുടെ സ്വപ്‌നങ്ങള്‍ക്കു മേല്‍ കൊടുങ്കാറ്റായി വീശുകയായിരുന്നു കാര്‍ത്തിക്. അവസാന ബോളിലും ഫോറടിച്ച് കാര്‍ത്തിക് സ്‌ട്രൈക്ക് വിജയ് ശങ്കറിന് കൈമാറുമ്പോള്‍ ഇന്ത്യക്ക് വിജയിക്കാന്‍ വേണ്ടത് 6 പന്തുകളില്‍ 12 റണ്‍സ്.
ആദ്യ ബോള്‍ വൈഡ്. വിജയിക്കാന്‍ അഞ്ച് പന്തുകളില്‍ 11. രണ്ടാം ബോള്‍ മിസ്. മൂന്നാമത്തേ ബോളില്‍ സിംഗ്ള്‍. സ്‌ട്രൈക്കില്‍ കാര്‍ത്തിക്. സൗമ്യ സര്‍ക്കാറിന്റെ യോര്‍ക്കര്‍ കാര്‍ത്തിക് സ്വീപ്പര്‍ കവറിലേക്ക് തൊടുത്തു വിട്ടെങ്കിലും സിംഗിളെടുക്കാനേ സാധിച്ചുള്ളൂ. വീണ്ടും സ്‌ട്രൈക്കില്‍ ശങ്കര്‍. തേര്‍ഡ് മാനിലേക്ക് ഫീല്‍ഡര്‍മാര്‍ക്കിടയില്‍ വിടവ് കണ്ടെത്തി ബോള്‍ ബൗണ്ടറി കടത്തി. ഇന്ത്യക്കും കപ്പിനുമിടയില്‍ രണ്ട് ബോളുകളില്‍ അഞ്ച് റണ്‍സ് അകലം. സൗമ്യ സര്‍ക്കാറിന്റെ പന്ത് ഉയര്‍ത്തിയടിച്ച പന്ത് ചെന്നു പതിച്ചത് ലോങ് ഓഫില്‍ ഫീല്‍ഡ് ചെയ്തിരുന്ന മെഹ്ദി ഹസന്റെ കൈകളില്‍.

സ്‌ട്രൈക്കില്‍ കാര്‍ത്തിക്. അവസാന പന്തില്‍ വിജയിക്കാന്‍ വേണ്ടത് അഞ്ച് റണ്‍സ്. വിജയം കൈവിട്ടെന്നു തോന്നിയ നിമിഷം , ബംഗ്ലാ കടുവകളുടെ മുഖമടച്ചു കാര്‍ത്തിക് തൊടുത്ത പന്ത് ബൗണ്ടറിക്കപ്പുറം ചെന്നു വീണു. കൈവിട്ടെന്നു കരുതിയ നിദഹാസ് ത്രിരാഷ്ട്ര ട്രോഫി കാര്‍ത്തികിന്റെ കൈക്കരുത്തില്‍ ഇന്ത്യ മുറുകെപ്പിടിച്ചു.

നേരത്തെ ഇന്ത്യന്‍ ബൗളര്‍മാരുടെ കരുത്തില്‍ ബംഗ്ലാദേശിന്റെ ബാറ്റിംഗ് എട്ട് വിക്കറ്റിന് 167 റണ്‍സ് എന്ന നിലയില്‍ അവസാനിപ്പിച്ചിരുന്നു. ബംഗ്ലാദേശിന് വേണ്ടി സാബിര്‍ റഹ്മാന്‍ അമ്പതു പന്തുകളില്‍ നാല് സിക്‌സുകളും ഏഴ് ഫോറുകളും പറത്തി 77 റണ്‍സെടുത്തു. തമീം ഇഖ്ബാല്‍ 15(13), ലിറ്റണ്‍ ദാസ് 11(9), മഹ്മൂദുല്ലാഹ് 21(16), മെഹ്ദി ഹസന്‍ 19(7) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബംഗ്ലാദേശ് ബാറ്റ്‌സ്മാന്മാര്‍. ഇന്ത്യക്ക് വേണ്ടി ചാഹല്‍ മൂന്നും ഉനദ്കട് രണ്ടും വാഷിംഗ്ടണ്‍ സുന്ദര്‍ ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിഗ് ആരംഭിച്ച ഇന്ത്യക്ക് 32 റണ്ണെടുക്കുന്നതിനിടെ ഓപ്പണ്‍ ശിഖര്‍ ധവാനേയും 10(7) സുരേഷ് റെയ്‌നയേയും 0(3) നഷ്ടമായി. ലോകേഷ് രാഹുലിനെ കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്നിംഗ്‌സ് മുന്നോട്ട് നയിച്ചെങ്കിലും 83ലെത്തിയപ്പോള്‍ രാഹുല്‍ വീണു. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി ആറ് റണ്‍കൂടെ ചേര്‍ത്തു ക്യാപ്റ്റനും വീണപ്പോള്‍ ഇന്ത്യ പരുങ്ങലിലായി. വിജയ് ശങ്കറിനൊപ്പം 35 റണ്‍സ് കൂടെ ചേര്‍ത്ത് മനീഷ് പാണ്ഡെയും മടങ്ങിയപ്പോഴാണ് ദിനേശ് കാര്‍ത്തികെത്തി സംഹാരതാണ്ഡവമാടി ഇന്ത്യയെ വിജയ തീരത്തെത്തിച്ചത്.

എട്ട് പന്തുകളില്‍ 29 റണ്‍സടിച്ചു കൂട്ടി വിജയ നായകനായ ദിനേശ് കാര്‍ത്തികാണ് ഫൈനലിലെ താരം. ടൂര്‍ണമെന്റിന്റെ താരമായി ഇന്ത്യന്‍ ടീമിലെ കൗമാരക്കാരനായ വാഷിംഗ്ടണ്‍ സുന്ദറിനെയും തിരഞ്ഞെടുത്തു.

 

Latest