ചെങ്ങന്നൂരിലെ തൊഴില്‍മേള ബി ജെ പി പാര്‍ട്ടി പാരിപാടിയായെന്ന് ആക്ഷേപവുമായി കോണ്‍ഗ്രസും സി പി എമ്മും രംഗത്ത്

Posted on: March 18, 2018 7:46 pm | Last updated: March 18, 2018 at 7:46 pm

ചെങ്ങന്നൂര്‍: കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ചെങ്ങന്നൂരില്‍ സംഘടിപ്പിച്ച തൊഴില്‍ മേളയ്ക്കെതിരെ സി പി എമ്മും കോണ്‍ഗ്രസും രംഗത്തെത്തി. തൊഴില്‍ മേള ബി ജെ പിയുടെ പാര്‍ട്ടി പരിപാടിയായി മാറിയെന്നാണ് ആക്ഷേപം. അതേസമയം പരിപാടിക്കെതിരെ ഉദ്യോഗാര്‍ഥികളും രംഗത്തെത്തി.

ചെങ്ങന്നൂരിലെ ഒരു സ്വകാര്യ സ്‌കൂളിലായിരുന്നു ഞായറാഴ്ച രാവിലെ മുതല്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ തൊഴില്‍ മേള നടന്നത്. പരിപാടിയില്‍ പാര്‍ലമെന്ററി ചുമതലളില്ലാത്ത ബി ജെ പി നേതാക്കള്‍ പങ്കെടുത്തതിനെതിരെയാണ് സി പി എമ്മിന്റയും കോണ്‍ഗ്രസിന്റേയും പരാതി. ചെങ്ങന്നൂരിലെ എന്‍ ഡി എ സ്ഥാനാര്‍ഥി പി എസ് ശ്രീധരന്‍ പിള്ള, ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ബി ജെ പി ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ സോമന്‍ എന്നിവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇതിനെതിരെ ആലപ്പുഴ ജില്ലാ കലക്ടര്‍ക്കാണ് സി പി എം പരാതി നല്‍കിയത്.

വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും തൊഴില്‍ മന്ത്രാലയത്തിനും പരാതി നല്‍കുമെന്ന് ഡി സി സി പ്രസിഡന്റ് എം ലിജു പറഞ്ഞു. സ്ഥലം എം പി കൊടിക്കുന്നില്‍ സുരേഷിനെ പോലും പരിപാടി അറിയിച്ചില്ലെന്ന പരാതിയുമുണ്ട്. തൊഴില്‍ മേളയില്‍ പങ്കെടുക്കാനെത്തി ചൂടും സ്ഥല പരിമതിയും മുലം വലഞ്ഞ ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിക്കുകയും ചെയ്തു. അതേസമയം തൊഴില്‍ മേളയെ സംബന്ധിച്ച വിവാദങ്ങള്‍ അനാവശ്യമാണന്ന് ബി ജെ പി നേതൃത്വം പ്രതികരിച്ചത്.

എല്ലാ ജില്ലകള്‍ക്കും വേണ്ടി നടത്തുന്ന തൊഴില്‍മേള ചെങ്ങന്നൂരില്‍ നടത്തുകയും അത് പ്രചാരണത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്ന ബി ജെ പി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരും മുമ്പായി സ്ഥാനാര്‍ഥിയായ ശ്രീധരന്‍പിള്ളയുടെ ചിത്രവും വെച്ചുള്ള പോസ്റ്ററുകള്‍ മണ്ഡലത്തില്‍ പതിപ്പിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്രയും മേക്ക് ഇന്ത്യ ലോഗോയുമുള്ള പോസ്റ്ററില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ചിത്രത്തോടൊപ്പമാണ് ശ്രീധരന്‍പിള്ളയുടെ പടവും വെച്ചിരുന്നത്. ഇത്രയും നാളും കാര്യമായ പ്രചാരണം ഇല്ലാതെ കടന്നു പോയിരുന്ന തൊഴില്‍മേള ചെങ്ങന്നൂരില്‍ പ്രചാരണ ആയുധമാക്കുന്നതിന്റെ ഭാഗമായി ബി ജെ പി സംസ്ഥാന നേതാക്കള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരണവും നടത്തിയിരുന്നു.