Connect with us

National

രാജ്യത്തെ ബേങ്കുകളില്‍ അവകാശികളില്ലാതെ 11,302 കോടിയിലധികം രൂപ

Published

|

Last Updated

ബെംഗളൂരു: രാജ്യത്തെ 64 ബേങ്കുകളിലായി അവകാശികളില്ലാതെ കിടക്കുന്നത് 11,302 കോടി രൂപയെന്ന് റിസര്‍വ് ബേങ്കിന്റെ കണക്കുകള്‍. ഏറ്റവും വലിയ പൊതുമേഖലാ ബേങ്കായ സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയിലാണ് കൂടുതല്‍ തുകയുള്ളത്. 1,262 കോടി. പഞ്ചാബ് നാഷനല്‍ ബേങ്കില്‍ 1,250 കോടി രൂപയും മറ്റ് ദേശസാത്കൃത ബേങ്കുകളിലായി 7,040 കോടി രൂപയും ആരും ഏറ്റെടുക്കാനില്ലാതെ കിടക്കുന്നു. ഇന്ത്യയിലെ ബേങ്കുകള്‍ കൈകാര്യം ചെയ്യുന്ന നൂറ് ലക്ഷം കോടിയുടെ ഒരു ചെറിയ അംശം മാത്രമാണിത്.

ഇങ്ങനെ അവകാശികളില്ലാതെ കിടക്കുന്ന പണമെല്ലാം മരിച്ചുപോയവരുടെ അക്കൗണ്ടുകളിലുള്ളതോ ഒന്നില്‍ കൂടുതല്‍ ബേങ്ക് അക്കൗണ്ട് ഉള്ളവരുടേതോ ആകാം. ബിനാമി പേരുകളിലുള്ളതാകാന്‍ സാധ്യത കുറവാണെന്നാണ് നിഗമനം.

പത്ത് വര്‍ഷത്തിലേറെയായി ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ബേങ്കിംഗ് റഗുലേഷന്‍ നിയമ പ്രകാരം സാമ്പത്തിക വര്‍ഷം അവസാനിച്ച് മുപ്പത് ദിവസത്തിനകം ആര്‍ ബി ഐയെ ബേങ്കുകള്‍ അറിയിക്കണം. എന്നാല്‍, പത്ത് വര്‍ഷത്തിന് ശേഷവും ഉപഭോക്താക്കള്‍ക്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനാകും.

ആക്‌സിസ്, ഡി സി ബി, എച്ച് ഡി എഫ് സി, ഐ സി ഐ സി ഐ, ഇന്‍ഡസ്, കൊടാക് മഹീന്ദ്ര, യെസ് ബേങ്ക് എന്നീ സ്വകാര്യ ബേങ്കുകളിലായി 824 കോടി രൂപയാണ് അവകാശികളില്ലാതെ കിടക്കുന്നത്.

ഇവക്ക് പുറമെ മറ്റ് പന്ത്രണ്ട് സ്വകാര്യ ബേങ്കുകളിലായി 592 കോടിയും ഇത്തരത്തില്‍ കിടക്കുന്നു. ഇവ രണ്ടും കൂടി ചേരുമ്പോള്‍ സ്വകാര്യ ബേങ്കുകളിലെ അവകാശികളില്ലാത്ത നിക്ഷേപം 1,416 കോടിയാകും.

ഐ സി ഐ സി ഐ ബേങ്ക് 476 കോടി, കൊടാക് മഹീന്ദ്ര 151 കോടി എന്നിവയാണ് സ്വകാര്യ ബേങ്കുകളില്‍ അവകാശികളില്ലാത്ത നിക്ഷേപങ്ങളില്‍ മുന്നില്‍. വിദേശത്തെ 25 ബേങ്കുകളിലായി അവകാശികളില്ലാതെ 332 കോടിയും കിടപ്പുണ്ട്. ഇതില്‍ 105 കോടിയുമായി എച്ച് എസ് ബി സിയാണ് മുന്നില്‍.

 

Latest