Connect with us

National

കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ പ്രധാനമന്ത്രി യോഗ ചെയ്യാന്‍ പറയുന്നു: രാഹുല്‍

Published

|

Last Updated

ന്യൂഡല്‍ഹി: ബി ജെ പിക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ചും പാര്‍ട്ടിയില്‍ മാറ്റങ്ങളുണ്ടാകുമെന്ന് വ്യക്തമാക്കിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്റെ 84ാമത് പ്ലീനറി സമ്മേളനത്തിന്റെ ചര്‍ച്ചകള്‍ക്ക് സമാപനം കുറിച്ച് സംസാരിക്കുകയായിരുന്നു രാഹുല്‍. ഇന്ത്യ മോദിയുടെ മായയില്‍ ജീവിക്കേണ്ടി വരുന്നു. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ മോദി യോഗ ചെയ്യുകയാണ്. തട്ടിപ്പുകാരും പ്രധാനമന്ത്രിയും തമ്മിലുള്ള ബന്ധത്തിന്റെ പേരാണ് മോദിയെന്നും രാഹുല്‍ കുറ്റപ്പെടുത്തി. അതേസമയം, യു പി എ സര്‍ക്കാറിന്റെ അവസാന നാളുകളില്‍ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ലെന്ന സ്വയം വിമര്‍ശവും രാഹുല്‍ ഗാന്ധി നടത്തി. കോണ്‍ഗ്രസില്‍ മാറ്റം അനിവാര്യമെന്നും രാഹുല്‍ പറഞ്ഞു.
ആര്‍ എസ് സിനെതിരെയും രൂക്ഷ വിമര്‍ശമാണ് രാഹുല്‍ ഉന്നയിച്ചത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി നമ്മുടെ നേതാക്കള്‍ ജയിലില്‍ കിടന്നപ്പോള്‍ സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ കാരുണ്യത്തിനായി കത്തെഴുതുകയായിരുന്നുവെന്ന കാര്യം ഇന്ത്യക്കാര്‍ ഒരിക്കലും മറക്കില്ല. ഉനയിലെ ദളിത് യുവാക്കളെ ആക്രമിച്ചതിലൂടെ ആര്‍ എസ് എസിന്റെ ആശയം വ്യക്തമായതാണ്. രാജ്യത്തെ മുസ്‌ലിംകളോട് ആര്‍ എസ് എസ് പറയുന്നത് നിങ്ങള്‍ ഇവിടത്തുകാരല്ലെന്നാണ്. തമിഴന്‍മാരോട് പറയുന്നത് അവരുടെ സുന്ദരമായ ഭാഷ മാറ്റണമെന്നാണ്. വടക്കുകിഴക്കന്‍ സംസ്ഥാനത്തുള്ള ജനങ്ങളോട് പറയുന്നത് നിങ്ങളുടെ ഭക്ഷണം ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്നാണ്. ഗൗരി ലങ്കേഷിനോടും കല്‍ബുര്‍ഗിയോടും അവര്‍ പറഞ്ഞത് മിണ്ടാതിരിക്കാനാണ്.
കൊലക്കേസ് പ്രതിയായ ആളെ പാര്‍ട്ടി അധ്യക്ഷനാക്കുന്നത് ബി ജെ പിക്ക് സ്വീകാര്യമാണെന്നും അമിത് ഷായെ സൂചിപ്പിച്ച് രാഹുല്‍ പറഞ്ഞു. നരേന്ദ്ര മോദി അഴിമതിക്കാരനാകുമ്പോള്‍ അദ്ദേഹം എങ്ങനെയാണ് അഴിമതിക്കെതിരെ പോരാടുകയെന്നും റാഫേല്‍ ഇടപാട് ചൂണ്ടിക്കാട്ടി രാഹൂല്‍ ചോദിച്ചു. കൗരവരുടെ ധാര്‍ഷ്ട്യവും സേനാ ബലവും തകര്‍ത്ത പാണ്ഡവരെ പോലെ കോണ്‍ഗ്രസ് സത്യത്തിനു വേണ്ടി പൊരുതുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

“ഒരു രാഷ്ട്രം ഒരു നയ”ത്തെ എതിര്‍ത്ത് പ്രമേയം

ഒരു രാഷ്ട്രം ഒരു നയം എന്ന കേന്ദ്ര സര്‍ക്കാര്‍ മുദ്രാവാക്യത്തെ എതിര്‍ത്ത് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ സാമ്പത്തിക പ്രമേയം. ഇന്ത്യയുടെ വൈജാത്യത്തിനു നേരെ കണ്ണടച്ചാണ് ബി ജെ പിയുടെ സാമ്പത്തിക തത്വശാസ്ത്രമെന്നും പ്രമേയം കുറ്റപ്പെടുത്തി. മുന്‍ ധനമന്ത്രി പി ചിദംബരമാണ് പ്രമേയം അവതരിപ്പിച്ചത്.
നോട്ട് നിരോധനം നടപ്പാക്കി ഒരു വര്‍ഷത്തിനു ശേഷവും തിരികെയെത്തിയ നോട്ടുകള്‍ എണ്ണിത്തീര്‍ന്നിട്ടില്ലെന്ന ആര്‍ ബി ഐയുടെ നിലപാടിനെ ചിദംബരം പരിഹസിച്ചു. നിങ്ങള്‍ക്ക് എന്തുകൊണ്ട് തിരുപ്പതിയിലെ ഭണ്ഡാരത്തില്‍ നിന്ന് പണം എണ്ണിത്തിട്ടപ്പെടുത്തുന്നവരുടെ അടുത്ത് പോയിക്കൂടാ? അവര്‍ നിങ്ങളേക്കാള്‍ വേഗത്തില്‍ പണം എണ്ണിത്തിട്ടപ്പെടുത്തും”- ആര്‍ ബി ഐ അധികൃതരോടായി ചിദംബരം പറഞ്ഞു.

Latest