ഗൗരി മുതല്‍ ലിംഗായത്ത് വരെ

Posted on: March 18, 2018 4:27 pm | Last updated: March 18, 2018 at 4:28 pm
SHARE

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെ പോര്‍മുഖത്ത് പ്രചാരണ ആയുധങ്ങളാവുന്ന സംഭവ വികാസങ്ങള്‍ക്കാണ് കടന്നുപോയ ദിവസങ്ങള്‍ സാക്ഷ്യം വഹിച്ചത്. ഏറെ കോളിളക്കം സൃഷ്ടിച്ച ഗൗരി ലങ്കേഷ് വധക്കേസിന് ചുരുളഴിക്കാന്‍ സാധിച്ചതാണ് സിദ്ധരാമയ്യ സര്‍ക്കാറിന് ഏറെ ആശ്വാസം നല്‍കുന്ന ഘടകം. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ സര്‍ക്കാറിന് പിടിവള്ളിയാണ് ഗൗരി വധക്കേസില്‍ ഇപ്പോഴുണ്ടായിട്ടുള്ള അന്വേഷണ പുരോഗതി. കൊലയുമായി ബന്ധമുള്ള ഹിന്ദുജനജാഗ്രതാ സമിതി പ്രവര്‍ത്തകന്‍ കെ ടി നവീന്‍കുമാറിനെ വലയിലാക്കിയതോടെ ഘാതകരിലേക്ക് എത്തിച്ചേരാന്‍ ഊര്‍ജിതമായ അന്വേഷണമാണ് എസ് ഐ ടി നടത്തിവരുന്നത്. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടാമനെ കണ്ടെത്താനും അന്വേഷണം നടക്കുന്നുണ്ട്. ഗോവ മഡ്ഗാവ് സ്‌ഫോടന കേസിലെ പ്രതി മഹാരാഷ്ട്ര കോലാപ്പൂര്‍ സ്വദേശിയായ പ്രവീണ്‍കുമാര്‍ ലിംകാറിന് വേണ്ടിയാണ് പോലീസ് ഇപ്പോള്‍ വല വിരിച്ചിരിക്കുന്നത്. നവീന്‍ നല്‍കിയ വിവരമനുസരിച്ചാണ് പ്രവീണിനെ തിരിച്ചറിഞ്ഞത്. തീവ്രഹിന്ദു സംഘടനയായ സനാതന്‍ സന്‍സ്തയുടെ പ്രവര്‍ത്തകനായ പ്രവീണ്‍ ഗോവ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് ഒളിവിലാണ്. പ്രവീണിനോടൊപ്പം ഒളിവില്‍ കഴിയുന്ന മറ്റു മൂന്നു പേര്‍ കൂടി പിടിയിലാവുന്നതോടെ ഗൗരിലങ്കേഷ് കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ സാധിക്കുമെന്നാണ് അന്വേഷണ സംഘം കണക്കുകൂട്ടുന്നത്. നവീന്‍കുമാറിനെ നുണപരിശോധനക്ക് വിധേയമാക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഗുജറാത്തിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലാണ് നുണപരിശോധന നടത്തുന്നത്. ഇതിലൂടെ ഗൗരിലങ്കേഷ് കൊലയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ സാധിക്കും.

പതാകയുടെ നിറം
കര്‍ണാടകയുടെ പുതിയ പതാകയെ ചൊല്ലിയുള്ള തര്‍ക്കം അയവില്ലാതെ തുടരുകയാണ്. ത്രിവര്‍ണ നിറത്തിലുള്ള പതാകക്ക് അംഗീകാരം നല്‍കിയ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് വിവിധ കന്നഡ സംഘടനകളും പ്രതിപക്ഷ കക്ഷികളും രംഗം കൊഴുപ്പിക്കുന്ന കാഴ്ചയാണ് കാണുന്നത്. രണ്ട് നിറമുള്ള പഴയ പതാകയാണ് കര്‍ണാടകയുടെ യഥാര്‍ഥ പതാകയെന്നും കന്നഡ സംസ്‌കാരത്തെ പ്രതിനിധാനം ചെയ്യുന്നതാണ് ഇതെന്നും മൂവര്‍ണ പതാക അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് ബി ജെ പിയുടെ നിലപാട്. ഇതേ നിലപാടില്‍ തന്നെയാണ് കന്നഡ ഒക്കൂട്ട ഉള്‍പ്പെടെയുള്ള വിവിധ കന്നഡ സംഘടനകളും. എന്നാല്‍, ത്രിവര്‍ണ നിറത്തിലുള്ള പുതിയ പതാക എല്ലാവരും അംഗീകരിച്ചെന്നും ഇതിനെ സംസ്ഥാന പതാകയാക്കാന്‍ തീരുമാനിച്ചെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. പതാകയിലെ മഞ്ഞ നിറം സമ്പത്തിനെയും ആഘോഷത്തെയും വെള്ളനിറം സമാധാനത്തെയും സ്ഥിരതയെയും ചുവപ്പ് നിറം ധീരതയെയും പ്രതാപത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നതെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.
എന്നാല്‍, സദ്ദുദ്ദേശ്യപരമല്ലാത്ത ലക്ഷ്യത്തോടുകൂടി വളച്ചൊടിച്ച് അര്‍ഥം നല്‍കരുതെന്നും പൊതുവെ അപകടത്തെ സൂചിപ്പിക്കുന്ന ചുവപ്പ് നിറത്തെ പോലെ സംസ്ഥാനത്തിന് അപകടകരമാണ് താങ്കളുമെന്ന് മുഖ്യമന്ത്രിയെ ഉദ്ദേശിച്ച് ബി ജെ പി എം പി പ്രതാപ് സിംഹ മറുപടി നല്‍കി. പൊതുജനങ്ങളും വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന് രണ്ട് തരം പതാകകള്‍ ആവശ്യമുണ്ടോയെന്ന ചോദ്യമാണ് ഭൂരിഭാഗം പേരും ഉയര്‍ത്തിയത്. പുതിയ പതാകക്കെതിരെ ബി ജെ പി നേരത്തെ തന്നെ വിമര്‍ശനമുന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പുതിയ പതാക കൊണ്ടുവന്നത് രാഷ്ട്രീയപ്രേരിതമാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് ബി എസ് യെദ്യൂരപ്പയും കുറ്റപ്പെടുത്തുന്നു. എന്നാല്‍ ഇപ്പോഴത്തെ പതാകയുമായി മുന്നോട്ട് പോകുമെന്നും യാതൊരു വിട്ടുവീഴ്ചയുമില്ലെന്നുമാണ് സിദ്ധരാമയ്യയുടെ നിലപാട്. സര്‍ക്കാറിന്റെ ഔദ്യോഗിക ചടങ്ങുകളില്‍ പുതിയ പതാക ഉപയോഗിക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
പുതിയ പതാകക്കെതിരെ കന്നഡ സംഘടനകളും തുടക്കം മുതല്‍ തന്നെ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ത്രിവര്‍ണ പതാക മാറ്റി കര്‍ണാടക രാജ്യോത്സവ ദിനത്തില്‍ ഉയര്‍ത്തുന്ന ചുവപ്പും മഞ്ഞയും കലര്‍ന്ന പതാക സംസ്ഥാനത്തിന്റെ പതാകയായി അംഗീകരിക്കണമെന്നതാണ് സംഘടനകളുടെ ആവശ്യം.

ലിംഗായത്ത് മതം
നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി സംസ്ഥാനത്തെ പ്രബലരായ ലിംഗായത്ത് വിഭാഗക്കാരുടെ ആവശ്യത്തിന് പരിഹാരം കാണാനുള്ള നീക്കത്തിലാണ് സിദ്ധരാമയ്യ സര്‍ക്കാര്‍. പ്രത്യേക മതം വേണമെന്നതാണ് ഈ വിഭാഗക്കാരുടെ കാലങ്ങളായുള്ള ആവശ്യം. എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ എതിര്‍പ്പ് രൂക്ഷമായത് സര്‍ക്കാറിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം ചേരാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കുമിടയില്‍ എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്ന് യോഗം 19ലേക്ക് മാറ്റുകയായിരുന്നു. ന്യൂനപക്ഷ പദവിയോടെ ലിംഗായത്തിന് പ്രത്യേക മതം അനുവദിക്കാമെന്ന് ജസ്റ്റിസ് നാഗമോഹന്‍ദാസ് കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. ലിംഗായത്ത് വിശ്വാസം ഹിന്ദുമത വിശ്വാസത്തില്‍ നിന്ന് വിഭിന്നമാണെന്നും ന്യൂനപക്ഷ പദവിയോടെ പ്രത്യേക മതത്തിന് അനുമതി നല്‍കാമെന്നുമാണ് കമ്മിറ്റി സര്‍ക്കാറിന് ശിപാര്‍ശ നല്‍കിയത്. ഇത് അംഗീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം. പാര്‍ട്ടിയിലെ മുസ്‌ലിം നേതാക്കള്‍ ഇതില്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തുന്നുണ്ട്. ലിംഗായത്തിന് ന്യൂനപക്ഷ പദവി ലഭിച്ചാല്‍ മുസ്‌ലിം സമുദായത്തിന് ലഭിക്കുന്ന അംഗീകാരത്തിന്റെ പങ്ക് ലിംഗായത്തിനും ലഭിക്കും. ഇത് മുസ്‌ലികള്‍ക്ക് നഷ്ടമുണ്ടാക്കും. ഇക്കാര്യം ഇവര്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മുസ്‌ലിംകളേക്കാള്‍ കൂടുതല്‍ ലിംഗായത്ത് വിഭാഗക്കാരാണ്. ലിംഗായത്തിന് മത പദവി നല്‍കിയാല്‍ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന നാല് ശതമാനം സംവരണം ഈ വിഭാഗത്തിനും ലഭിക്കും. ലിംഗായത്തിന് പ്രത്യേക മതം വേണമെന്ന ആവശ്യത്തില്‍ നിര്‍ദേശം സമര്‍പ്പിക്കുന്നതിനായി 2017 ഡിസംബറിലാണ് സര്‍ക്കാര്‍ ജസ്റ്റിസ് നാഗമോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ കമ്മിറ്റിയെ നിയോഗിച്ചത്. ലിംഗായത്തിന് പ്രത്യേക മത പദവി നല്‍കുന്നതിന് വീരശൈവ മഠാധിപതികളും എതിരാണ്. മുഖ്യമന്ത്രിയെ നേരില്‍കണ്ട് മഠാധിപതിമാര്‍ അസംതൃപ്തി അറിയിച്ചു. ലിംഗായത്ത് വിഭാഗത്തിന് മതപദവി നല്‍കുന്നതിനെ ബി ജെ പിയും എതിര്‍ക്കുകയാണ്. യെദ്യൂരപ്പയുടെ സ്വന്തം സമുദായമായ ലിംഗായത്ത് ബി ജെ പിയുടെ പ്രധാന വോട്ട് ബേങ്കാണ്. പ്രത്യേക മത വിഷയത്തില്‍ ബി ജെ പിയുടെ നിലപാട് അവര്‍ക്ക് വിനയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സര്‍ക്കാറിനും പ്രതിപക്ഷത്തിനും ഒരു പോലെ തലവേദനയുണ്ടാക്കുന്ന വിഷയമായി ലിംഗായത്ത് മാറുകയാണ്.

സുരക്ഷയില്ലാതെ ലോകായുക്തയും
ബെംഗളൂരുവിലെ ലോകായുക്ത ഓഫീസില്‍ കേസില്‍ വാദം കേട്ടുകൊണ്ടിരിക്കുന്നതിനിടെ ജസ്റ്റിസ് വിശ്വനാഥ ഷെട്ടി അക്രമിക്കപ്പെട്ടത് സര്‍ക്കാര്‍ സംവിധാനത്തിനേറ്റ തിരിച്ചടിയായി. തുമക്കൂരുവിലെ തേജ്‌രാജ്ശര്‍മയാണ് വിശ്വനാഥ ഷെട്ടിയെ ചേംബറിലേക്ക് ഓടിക്കയറി കത്തി കൊണ്ട് കുത്തിവീഴ്ത്തിയത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ശര്‍മയെ സുരക്ഷാജീവനക്കാര്‍ പിടികൂടുകയും ചെയ്തു. രാജസ്ഥാന്‍ സ്വദേശിയായ തേജ്‌രാജ് ശര്‍മ ബെംഗളൂരുവില്‍ ഫര്‍ണിച്ചര്‍ കട നടത്തിവരികയായിരുന്നു. സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ഫര്‍ണിച്ചറുകള്‍ വാങ്ങാന്‍ ടെന്‍ഡര്‍ വിളിച്ചതിലെ അഴിമതിക്കെതിരെ തേജ്‌രാജ് ലോകായുക്തക്ക് പരാതി നല്‍കിയിരുന്നു. 14 ഉദ്യോഗസ്ഥര്‍ക്കെതിരെ അഞ്ച് പരാതികളാണ് നല്‍കിയിരുന്നത്. എന്നാല്‍ മതിയായ തെളിവില്ലെന്ന കാരണത്താല്‍ പരാതികള്‍ വിശ്വനാഥ് ഷെട്ടി തള്ളിയതാണ് അക്രമത്തില്‍ കലാശിച്ചത്. മെറ്റല്‍ ഡിറ്റക്ടര്‍ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളൊന്നും ഇവിടെ പ്രവര്‍ത്തിച്ചിരുന്നില്ല. ജഡ്ജി ആക്രമിക്കപ്പെട്ടത് സര്‍ക്കാറിനെതിരെയുള്ള പ്രതിപക്ഷ വിമര്‍ശനത്തിനിടയാക്കി.
ബെംഗളൂരുവില്‍ മലയാളികള്‍ക്കും മലയാളികള്‍ നടത്തുന്ന കടകള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങളും ക്രമസമാധാന പ്രതിസന്ധിയായി മാറുന്നുണ്ട്. വാഹനങ്ങളില്‍ സഞ്ചരിക്കുകയും വഴി നടന്നുപോവുകയും ചെയ്യുന്ന മലയാളികളെ തിരഞ്ഞുപിടിച്ച് അക്രമിക്കുകയും ഇതിന് ശേഷം പണം കവര്‍ന്ന് കടന്നുകളയുകയും ചെയ്യുന്ന സംഭവങ്ങളും ആവര്‍ത്തിക്കുകയാണ്. കഴിഞ്ഞയാഴ്ച പുലര്‍ച്ചെ ബെംഗളൂരുവില്‍ ട്രെയിന്‍ ഇറങ്ങിയ മലയാളിക്ക് നേരെ നടന്ന അക്രമത്തിന്റെ ഞെട്ടല്‍ മാറും മുമ്പേയാണ് വീണ്ടും മലയാളികള്‍ അക്രമിക്കപ്പെട്ടത്. ഹെന്നൂരില്‍ മദ്യപിച്ചെത്തിയ ഒരു സംഘമാളുകള്‍ ബേക്കറിയിലുണ്ടായിരുന്നവരെ അക്രമിക്കുകയായിരുന്നു.

മെട്രോ ജീവനക്കാര്‍ സമരത്തിന്
വിവിധ ആവശ്യങ്ങളുന്നയിച്ച് ബെംഗളൂരു നമ്മ മെട്രോ ജീവനക്കാര്‍ ഈ മാസം 22 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. സമരം ഒഴിവാക്കാന്‍ ബി എം ആര്‍ സി എല്‍ മാനേജ്‌മെന്റ് ജീവനക്കാരുടെ യൂനിയനുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. മെട്രോ എംപ്ലോയീസ് യൂനിയനാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്കെതിരെ എസ്മ പ്രയോഗിക്കാന്‍ അനുമതി തേടി ബി എം ആര്‍ സി എല്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. തങ്ങളുടെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും ഡല്‍ഹി മെട്രോയുടെയും ജയ്പ്പൂര്‍ മെട്രോയുടെയും ജീവനക്കാരുടേതിന് തുല്യമാക്കണമെന്നതാണ് പ്രധാന ആവശ്യം. ബെംഗളൂരൂവില്‍ മെട്രോ സര്‍വീസ് തുടങ്ങിയിട്ട് വര്‍ഷങ്ങളായിട്ടും ഇതുവരെ ബി എം ആര്‍ സി എല്‍ സേവന നിയമങ്ങള്‍ പുറത്തിറക്കിയിട്ടില്ലെന്ന് എംപ്ലോയീസ് യൂനിയന്‍ ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here