Connect with us

Articles

ഈ ദിശാമാറ്റത്തിന് തുടര്‍ച്ചയുണ്ടാകുമോ?

Published

|

Last Updated

ജനാധിപത്യത്തിന്റെ സൗന്ദര്യം തിരുത്തലുകളാണ്. അധികാരത്തിന്റെ ഹുങ്ക് തലക്ക് പിടിച്ച ഭരണാധികാരികളെ ജനങ്ങള്‍ നിശ്ശബ്ദമായി നിലക്ക് നിര്‍ത്തും. ഒരു മുന്‍ സൂചനയും നല്‍കാതെയാകും ചിലപ്പോള്‍ ജനങ്ങള്‍ ഗംഭീരമായ പ്രതികരണം നടത്തുക. ത്രിപുര പിടിച്ചതിന്റെ വിജയ ലഹരിയിറങ്ങും മുമ്പ് ബി ജെ പിക്ക് കിട്ടിയ പ്രഹരം അത്തരത്തിലുള്ള ഒന്നാണ്. എസ് പി- ബി എസ് പി സഖ്യവും പ്രതിപക്ഷത്തിന്റെ ഐക്യനിരയുമെല്ലാം സാഹചര്യമൊരുക്കല്‍ മാത്രമാണ്. മതേതര ഇന്ത്യയെക്കുറിച്ചുള്ള ഈ പ്രതീക്ഷ എത്രമാത്രം ശക്തമാണ് എന്നത് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തെളിയിക്കപ്പെടേണ്ട ഒന്നാണ്. പക്ഷേ, ഒന്നിപ്പോള്‍ പറയാനാകും. പ്രതീക്ഷയുടെ കിരണങ്ങള്‍ തന്നെയാണ് ചുറ്റും കാണുന്നത്.

ബി ജെ പിയുടെ നേതൃത്വത്തില്‍ ഭരണം ലഭിക്കുന്നിടങ്ങളിലെല്ലാം ദളിത്- ന്യൂനപക്ഷങ്ങള്‍ക്ക് നേരെ വ്യാപകമായ അതിക്രമങ്ങള്‍ നടക്കുകയും ആര്‍ എസ് എസ് താത്പര്യങ്ങള്‍ നടപ്പാക്കുന്നതിന് രാജ്യത്തിന്റെ ഭരണ സംവിധാനം ദുരുപയോഗം ചെയ്യുകയും രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിച്ച അതിക്രമങ്ങളെയും ക്രൂരതകളെയും മൗനംകൊണ്ട് ന്യായീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അമിതാധികാരം ചോദ്യം ചെയ്യപ്പെടുന്ന തരത്തിലുള്ള ദിശാമാറ്റം നടക്കുന്നത്.
ശക്തമായ പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ പാര്‍ട്ടിയെയും ഘടക കക്ഷികളെയും ചൊല്‍പ്പടിക്ക് നിര്‍ത്തി സ്വന്തം താത്പര്യങ്ങള്‍ നടപ്പാക്കിക്കൊണ്ടിരുന്ന മോദി സര്‍ക്കാറിന് മേല്‍ പ്രതിരോധത്തിന്റെ നിഴല്‍ രൂപപ്പെട്ടുവരുന്നുവെന്നുള്ളതാണ് പുതിയ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്. ശിഥിലമായ പ്രതിപക്ഷത്തെ ഒന്നിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു. ബദ്ധ വൈരികളായ കക്ഷികള്‍ ഫാസിസ്റ്റ് വിരുദ്ധതയെന്ന മിനിമം പരിപാടി മുന്‍നിര്‍ത്തി സഹകരിക്കുന്നു. എല്ലാം സഹിച്ച് എക്കാലത്തും കൂടെ നിന്നുകൊള്ളുമെന്ന ബി ജെ പിയുടെ അഹന്തയെ വെല്ലുവിളിച്ച് തെലുഗുദേശം പാര്‍ട്ടി, ശിവസേന തുടങ്ങിയ ഘടക കക്ഷികള്‍ പുറത്തേക്കുള്ള വഴി തേടുന്നു. പല കൈവഴികളാണ് ഇവയെല്ലാം. പക്ഷേ, ഇവ നാളെ മഹാപ്രവാഹമായി മാറും. അപ്പോള്‍ ഒലിച്ചു പോകുക ഫാസിസ്റ്റ് സര്‍ക്കാറായിരിക്കും.

അധികാര മേല്‍ക്കോയ്മയും, രാഷ്ട്രീയ തന്ത്രങ്ങളും, വര്‍ഗീയതയും നുണപ്രചാരണവും സാങ്കേതിക വിദ്യ മുന്‍ നിര്‍ത്തിയുള്ള ഇവന്റ് മാനേജ്‌മെന്റിന്റെ തന്ത്രങ്ങളും ജനാധിപത്യത്തെ മറികടക്കാനുള്ള ആയുധമാക്കി ഉപയോഗിച്ച് നരേന്ദ്ര മോദി കഴിഞ്ഞ നാല്‌വര്‍ഷക്കാലം രാജ്യം ഭരിച്ചപ്പോള്‍ ഇതിനെതിരെ കാര്യമായ ശബ്ദമുയര്‍ത്താന്‍ പോലും ത്രാണിയില്ലാത്ത പ്രതിപക്ഷം ഒരേസമയം ദുര്‍ബലരും ശിഥിലമാക്കപ്പെട്ടവരുമായിരുന്നു. എന്നാല്‍ ഉത്തര്‍ പ്രദേശിലെയും ബിഹാറിലെയും ഉപ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പി നേരിട്ട ദയനീയ പരാജയവും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ഐക്യ നിരയും യു പിയിലെ എസ് പി- ബി എസ് പി സഹകരണവും ത്രിപുര തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായുള്ള സഹകരണത്തിന് ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് പുനര്‍വിചിന്തനത്തിനുള്ള അവസരമൊരുങ്ങിയതും പ്രാദേശിക ആവശ്യം മുന്‍ നിര്‍ത്തിയാണെങ്കിലും തെലുഗുദേശം പാര്‍ട്ടിയുടെ മുന്നണി വിടലും മുന്നണിയില്‍ ശിവസേനയുടെ എതിര്‍പ്പ് രൂക്ഷമാകുന്നതും ശുഭ സൂചനകളായാണ് കാണേണ്ടത്. ഇതോടൊപ്പം ബി എസ് പിയുമായി പൊതുധാരണയിലെത്താനുള്ള രാഹുലിന്റെ നീക്കങ്ങളും എസ് പിയും ആര്‍ ജെ ഡിയുമായുള്ള ബന്ധം ഊഷ്മളമാക്കാനുള്ള ശ്രമങ്ങളും എന്‍ സി പിയുമായുള്ള തര്‍ക്കങ്ങള്‍ മുഴുവന്‍ തീര്‍ക്കാനുള്ള നടപടികളും മമതയുടെ ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിക്കാനുള്ള തീരുമാനവും ടി ഡി പി, ടി ആര്‍ എസ്, ബി ജെ ഡി നേതാക്കളെയും കൂട്ടായ്മയില്‍ ചേര്‍ക്കാനുള്ള ചരടുവലികളും ഊര്‍ജിതമാക്കി പ്രധാന പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസ് നടത്തുന്ന നീക്കങ്ങള്‍ ബുദ്ധിപരവും അര്‍ഥവത്തുമാണ്.
എന്നാല്‍ ഇത്തരം സാധ്യതകള്‍ എത്രത്തോളം ഉപയോഗപ്പെടുത്താനാകുമെന്ന കാര്യത്തില്‍ ഏറെ സന്ദേഹമുണ്ട്. പ്രാദേശിക താത്പര്യങ്ങള്‍ ദേശീയ താത്പര്യത്തിന് മേല്‍ അധീശത്വം നേടുന്ന ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ഐക്യത്തിന് കൂടുതല്‍ പരുക്കേല്‍ക്കാതെ കൊണ്ടുപോകുകയെന്നത് വളരെ ശ്രമകരമായിരിക്കും. ഒപ്പം അധികാരം ഉപയോഗിച്ച് രാഷ്ട്രീയ, ആശയ നിലപാടുകളെ വിലക്കുവാങ്ങുന്നതില്‍ ബി ജെ പി കാഴ്ചവെക്കുന്ന പ്രകടനവും കൂട്ടായ്മയുടെ സാധ്യതക്ക് മങ്ങലേല്‍പ്പിക്കുന്നതാണ്. ഇതിന് പുറമെ തെലുഗുദേശം പാര്‍ട്ടിയുള്‍പ്പെടെ ചെറിയ പാര്‍ട്ടികളുടെ ഇണക്കവും പിണക്കവും വെറും പ്രാദേശിക താത്പര്യങ്ങള്‍ക്ക് വേണ്ടിയാണെന്നതിനാല്‍ അധികാരമുപയോഗിച്ച് ഇതിനെ മറികടക്കാനാകുമെന്നത് സമീപകാലത്തെ സംഭവ വികാസങ്ങള്‍ നമ്മോട് പറയുന്നുണ്ട്. ഇത് ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റത്തിന് തടസ്സം സൃഷ്ടിക്കുന്ന ഘടകമാണ്. പകുതിയോളം സീറ്റുകളില്‍ വിജയിക്കാനായിട്ടും ഗോവയിലും മേഘാലയയിലും സര്‍ക്കാറുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെന്നത് ഗൗരവത്തോടെ കാണേണ്ടതാണ്.

മാത്രമല്ല, ദേശീയ മതേതര താത്പര്യത്തിനപ്പുറം പ്രതിപക്ഷ പാര്‍ട്ടികള്‍ തങ്ങളുടെ സ്വാര്‍ഥ താത്പര്യങ്ങള്‍ക്കും സംഘടനാ അധികാര താത്പര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നതും ഇത്തരം കൂട്ടായ്മയുടെ വിജയത്തിന് വിഘാതമാണ്. മതേതര പാര്‍ട്ടികളുടെ കൂട്ടായ്മയില്‍ ഇത്തരം പാര്‍ട്ടികളുടെ സാന്നിധ്യം എത്ര കാലത്തേക്കാണെന്നത് പ്രവചനാതീതമാണ്. പല തവണ മുന്നണികള്‍ മാറിയ തെലുഗുദേശം പാര്‍ട്ടിയും പലപ്പോഴും ഐക്യം തകര്‍ക്കുന്ന തരത്തില്‍ ഒഴിഞ്ഞു നില്‍ക്കുന്ന ബി എസ് പി പോലുള്ള പാര്‍ട്ടികളുടെ നിലപാടുകളും പ്രതിപക്ഷ കൂട്ടായ്മയെ ശ്രമകരമാക്കും. ഇതിന് പുറമേ രാഷ്ട്രീയ സാഹചര്യങ്ങളെ ഗൗരവത്തോടെ സമീപിക്കാതെയുള്ള കോണ്‍ഗ്രസിന്റെ വീഴ്ചകളും ഫാസിസത്തിന് പലപ്പോഴും വളമായിട്ടുണ്ട്. ഗുജറാത്തില്‍ വിശാല സഖ്യത്തില്‍ എന്‍ സി പി ഉള്‍പ്പെടെയുള്ള ചെറു കക്ഷികളെ കൂടെ കൂട്ടാന്‍ കഴിയാതിരുന്നത്, അവസാനം നടന്ന യു പി ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിച്ചത് തുടങ്ങിയവയെല്ലാം ഇത്തരം വീഴ്ചകളുടെ പട്ടികയില്‍ എണ്ണപ്പെടുന്നവയാണ്. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളില്‍ അനുയോജ്യമായ അടവുനയങ്ങള്‍ക്കും സമവായങ്ങള്‍ക്കുമുള്ള സാധ്യതകള്‍ പ്രത്യയ ശാസ്ത്രത്തിന്റെ മുള്ളുവേലി കെട്ടിയടക്കുന്ന ഇടതുപാര്‍ട്ടികളുടെ സമീപനവും ഒരളവുവരെ ഇത്തരം കൂട്ടായ്മകളുടെ ആയുസ്സ് നിര്‍ണയിക്കുന്നതില്‍ പ്രധാന ഘടകമാണ്.
ഇത്തരം പ്രശ്‌നങ്ങള്‍ പഠിച്ച് സമയോചിതമായി ഇടപെടലുകള്‍ നടത്തി ഒരു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നിരയെ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയുടെ പോര്‍മുഖത്ത് നിര്‍ത്താനും കൂട്ടായ്മക്കകത്ത് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ യഥാസമയം കൈകാര്യം ചെയ്യാനും വിട്ടുവീഴ്ചയുടെ പ്രാധാന്യം എല്ലാവരെയും ബോധ്യപ്പെടുത്താനും ത്രാണിയുള്ള ഒരു പാര്‍ട്ടിയുടെയും നേതാവിന്റെയും അഭാവം തന്നെയാണ് പ്രധാന വെല്ലുവിളി. മുഖ്യപ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസിനും അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ഇതിന് എത്രത്തോളം കഴിയുമെന്ന് കണ്ടറിയണം. തന്റെ സാന്നിധ്യം ആവശ്യമായ പലയിടത്തും അസാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകുകയും പൊരുതിനോക്കാതെ തോറ്റുകൊടുക്കുകയും ചെയ്തു കളയും രാഹുല്‍. രാജ്യത്ത് 21 സംസ്ഥാനങ്ങളുടെ ഭരണത്തില്‍ ഏറിയും കുറഞ്ഞും ബി ജെ പിയുടെ പങ്കുണ്ടെന്നത് സമ്മതിക്കുമ്പോഴും ദേശീയ തലത്തില്‍ പ്രതിക്ഷ വിശാല ഐക്യത്തിലൂടെ ബി ജെ പിയെ പ്രതിരോധിക്കാനാകുമെന്ന വിലയിരുത്തലില്‍ നിന്നാണ് പൊതുതിരഞ്ഞെടുപ്പിന് വിളിപ്പാടകലെ നില്‍ക്കുന്ന സാഹചര്യത്തില്‍ കൂട്ടായ്മക്കായി തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നത്. സോണിയാ ഗാന്ധി ഡല്‍ഹിയില്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് നല്‍കിയ അത്താഴ വിരുന്നിലൂടെ പ്രതിപക്ഷ കൂട്ടായ്മക്കുള്ള നീക്കങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. അത്താഴ വിരുന്നില്‍ സി പി എം, സി പി ഐ, എന്‍ സി പി, ജെ ഡി യു, എസ് പി, ബി എസ് പി, ആര്‍ ജെ ഡി, ഡി എം കെ തുടങ്ങിയ കക്ഷികളുടെ നേതാക്കള്‍ പങ്കെടുത്തു.
ഉത്തര്‍ പ്രദേശിലെ എസ് പി- ബി എസ് പി കൂട്ടുകെട്ട്, മമതയുടെ നിരന്തര ഫാസിസ്റ്റ് വിരുദ്ധ നിലപാട്, ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ സഹകരണ നയത്തിലെ പുനര്‍ വിചിന്തനം എന്നിവ ഏറെ ആശ്വാസകരമാണ്. വിജയസാധ്യത തുലോം കുറവാണെങ്കിലും മോദി സര്‍ക്കാറിനെതിരെ ഒരു അവിശ്വാസ പ്രമേയം പാര്‍ലിമെന്റില്‍ കൊണ്ടുവരികയെന്നുള്ളത് തന്നെ ഒരു വലിയ പോരാട്ടമായി കാണേണ്ടതുണ്ട്. നാല്‌വര്‍ഷത്തിനിടെ മോദി സര്‍ക്കാറിനെതിരെ ആദ്യ അവിശ്വാസ പ്രമേയമാണ് വരുന്നത്. വൈ എസ് ആര്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന പ്രമേയത്തോട് പ്രതിപക്ഷ പാര്‍ട്ടികള്‍ ആദ്യഘട്ടത്തില്‍ പരസ്യമായി സഹകരിച്ചിരുന്നില്ല. വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെ ബദ്ധവൈരികളായ കോണ്‍ഗ്രസ് പക്ഷേ, എന്‍ ഡി എ വിട്ട ഡി ടി പിയുടെ നിലപാടിനോട് വളരെ പെട്ടെന്നാണ് പ്രതികരിച്ചത്. ഒപ്പം തൃണമൂല്‍ കോണ്‍ഗ്രസ്, സി പി എം തുടങ്ങിയ കക്ഷികളും പരസ്യ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. അവിശ്വാസ പ്രമേയ നോട്ടീസിന് അനുമതി കിട്ടണമെങ്കില്‍ 50 അംഗങ്ങളുടെ പിന്തുണ വേണമെന്നിരിക്കെ നിലവില്‍ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷ കക്ഷികളുടെ പിന്തുണ ലഭിച്ചതിനാല്‍ നാളെ സഭക്ക് അവിശ്വാസ പ്രമേയം പരിഗണിച്ചേ തീരൂ.
അവിശ്വാസ പ്രമേയത്തെ മറികടക്കാനുള്ള അംഗബലം ഇപ്പോഴും ബി ജെ പിക്കുണ്ടെങ്കിലും പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങാന്‍ ഒരു വര്‍ഷം മാത്രം അവശേഷിക്കെ വരുന്ന പ്രതിപക്ഷ സംയുക്ത പ്രമേയം മോദി സര്‍ക്കാറിന് വലിയ പ്രതിച്ഛായാ നഷ്ടം സൃഷ്ടിക്കുന്നുണ്ട്. ഇടഞ്ഞ് നില്‍ക്കുന്ന ശിവസേന കൂടി മുന്നണി വിട്ടാല്‍ പോലും 297 അംഗങ്ങളുടെ പിന്തുണയുള്ള എന്‍ ഡി എക്ക് അവിശ്വാസ പ്രമേയം മറികടക്കാനാകും. പക്ഷേ, ഉപതിരഞ്ഞെടുപ്പുകളില്‍ നിരന്തരം തോല്‍ക്കുകയും ഘടകകക്ഷികള്‍ ഒന്നൊന്നായി ഇറങ്ങിപ്പോകുകയും ചെയ്യുമ്പോള്‍ അംഗബലത്തില്‍ അഹങ്കരിച്ച് നില്‍ക്കാന്‍ ബി ജെ പിക്ക് സാധിക്കില്ല. ഈ ഘട്ടത്തില്‍ ബി ജെ പിയില്‍ ആഭ്യന്തര കലഹം രൂക്ഷമാകാനുള്ള സാധ്യതയേറെയാണെന്ന വിലയിരുത്തല്‍ കൂടി ചേര്‍ത്ത് വായിക്കേണ്ടതാണ്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest