പുതിയ ബാറുകള്‍ തുറക്കില്ല; തുറക്കുന്നത് അടച്ചുപൂട്ടിയ ബാറുകളെന്ന് എക്‌സൈസ് മന്ത്രി

Posted on: March 17, 2018 10:41 am | Last updated: March 17, 2018 at 12:54 pm

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബാറുകള്‍ അനുവദിക്കില്ലെന്നും സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍, അടച്ചുപൂട്ടിയ ബാറുകള്‍ മാത്രമേ തുറക്കൂവെന്നും എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. സംസ്ഥാനത്ത് യുഡിഎഫ് ഭരിച്ചിരുന്നപ്പോള്‍ ഉണ്ടായിരുന്ന അത്രയും ബാറുകള്‍ ഇപ്പോഴില്ല. ബാക്കി കാര്യങ്ങള്‍ ഭാവിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ അഞ്ഞൂറ് മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ വരുന്ന പഞ്ചായത്തുകളിലെ അടച്ചിട്ട ബാറുകള്‍ കൂടി തുറക്കാന്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നു. ഇതുവലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.

കോര്‍പറേഷന്‍, മുനിസിപ്പല്‍ പ്രദേശങ്ങളില്‍ ഇളവ് നല്‍കിയതിന് പിന്നാലെയാണ് പതിനായിരത്തിലധികം ജനസംഖ്യയുള്ള പഞ്ചായത്തുകളില്‍ കൂടി ബാറുകള്‍ തുറക്കാമെന്ന പുതിയ നിര്‍ദേശം. നിലവിലെ സെന്‍സസ്, പഞ്ചായത്ത് വകുപ്പ് രേഖകള്‍ക്ക് അനുസൃതമായി പതിനായിരത്തിന് മുകളില്‍ ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗരമേഖലയായി കണക്കാക്കാമെന്നാണ് ഉത്തരവ്. വിനോദസഞ്ചാര മേഖലയാണെങ്കില്‍ നിശ്ചിത ജനസംഖ്യ ഇല്ലെങ്കിലും മദ്യശാലകള്‍ തുറക്കുന്നതിന് ഇളവ് നല്‍കും. ഇതോടെ സംസ്ഥാനത്ത് അടച്ചുപൂട്ടിയ ത്രീ സ്റ്റാറിന് മുകളിലുള്ള ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും കള്ളുഷാപ്പുകളും പൂര്‍ണമായി തുറക്കും.
ത്രീ സ്റ്റാര്‍ ബാറുകള്‍ അനുവദിക്കുന്നതില്‍ നഗരസ്വഭാവമുള്ള പഞ്ചായത്തുകള്‍ക്ക് ഇളവ് അനുവദിക്കാമെന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം നല്‍കിയത്.