വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ കേസെടുത്തു

Posted on: March 17, 2018 9:57 am | Last updated: March 17, 2018 at 12:33 pm

കോഴിക്കോട്: ഹോളി ആഘോഷങ്ങളുടെ പേരില്‍ വിദ്യാര്‍ഥികളെ മ്യഗീയമായി മര്‍ദിച്ച ഫാറൂഖ് കോളജിലെ അധ്യാപകര്‍ക്കെതിരെ പോലീസ് ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. നിഷാദ്,ഷാജിര്‍,യൂനസ് എന്നീ അധ്യാപകര്‍ക്കെതിരെയാണ് ഫറോക്ക് പോലീസ് കേസെടുത്തത്. നിയമവരുദ്ധമായി സംഘം ചേര്‍ന്നു, കലാപത്തിന് നേത്യത്വം നല്‍കി, മാരകായുധങ്ങള്‍ ഉപയോഗിച്ച് അക്രമിച്ചു തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

വിദ്യാര്‍ഥികള്‍ വാഹനമിടിപ്പിച്ച് പരുക്കേല്‍പ്പിച്ചുവെന്ന ലാബ് അസിസ്റ്റന്റിന്റെ പരാതിയില്‍ വിദ്യാര്‍ഥികള്‍ക്കെതിരേയും കേസെടുത്തു. അധ്യാപകരുടെ പരാതിയില്‍ ഒരു വിദ്യാര്‍ഥിക്കെതിരേയും കേസുണ്ട്. ജാമ്യമില്ല വകുപ്പു പ്രകാരം കേസെടുത്തതിനാല്‍ അധ്യാപകരുടെ അറസ്റ്റ് ഉടനെയുണ്ടായേക്കും. അധ്യാപകരുടെ ആക്രമണത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥികള്‍ ഇപ്പോഴും ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.