Connect with us

Kerala

എം സുകുമാരന് സാഹിത്യ കേരളത്തിന്റെ അന്ത്യാജ്ഞലി; മൃതദേഹം ഇന്ന് സംസ്‌കരിക്കും

Published

|

Last Updated

തിരുവനന്തപുരം: സാഹിത്യകാരന്‍ എം സുകുമാരന്റെ സംസ്‌കാരം ഇന്ന് ഉച്ചക്ക് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും. തിരുവനന്തപുരം കോട്ടയ്ക്ക്കത്തുള്ള വീട്ടിലാണ് മൃതദേഹം ഇപ്പോള്‍ ഉള്ളത്.
വിദേശത്തുള്ള മരുമകന്‍ എത്തിയ ശേഷമേ പൊതുദര്‍ശനം സംബന്ധിച്ച് തീരുമാനം ഉണ്ടാകുകയുള്ളൂ. ഇന്നലെ രാത്രി ഒമ്പതോടെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലായിരുന്നു അന്ത്യം.

കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവാണ്. 1943ല്‍ നാരായണ മന്നാടിയാരുടെയും മീനാക്ഷിയമ്മയുടെയും മകനായി പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലാണ് ജനനം.
ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പഠനം അവസാനിപ്പിച്ചു. കുറച്ചുകാലം ഷുഗര്‍ ഫാക്ടറിയിലും ആറ് മാസം ഒരു സ്വകാര്യ വിദ്യാലയത്തില്‍ പ്രൈമറി വിഭാഗം അധ്യാപകനായും ജോലി ചെയ്തു. 1963ല്‍ തിരുവനന്തപുരത്ത് അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ ക്ലര്‍ക്കായി ചേര്‍ന്നു. 1974ല്‍ ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സര്‍വീസില്‍ നിന്ന് പുറത്താക്കപ്പെട്ടു. സംഘഗാനം, ഉണര്‍ത്തുപാട്ട് എന്നീ കഥകള്‍ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്.

ചുവന്ന ചിഹ്നങ്ങള്‍ എന്ന ചെറുകഥാ സമാഹാരത്തിന് 2006ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും “മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍” എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. പിതൃതര്‍പ്പണം 1992ലെ മികച്ച ചെറുകഥക്കുള്ള പത്മരാജന്‍ പുരസ്‌കാരം നേടി.
സംസ്ഥാന സര്‍ക്കാറിന്റെ മികച്ച കഥക്കുള്ള ചലച്ചിത്ര പുരസ്‌കാരം 1981ല്‍ ശേഷക്രിയക്കും 95ല്‍ കഴകത്തിനും ലഭിച്ചു. കഥാകാരി രജനി മന്നാടിയാര്‍ മകളാണ്.

Latest