മിലാന്‍ കടന്ന് ആഴ്‌സണല്‍

Posted on: March 17, 2018 6:25 am | Last updated: March 16, 2018 at 11:55 pm
ആഴ്‌സണലിന്റെ വെല്‍ബെക്കിന്റെ മുന്നേറ്റം

ലണ്ടന്‍: യൂറോപ ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പ് റെഡി. പ്രീക്വാര്‍ട്ടറിലെ സൂപ്പര്‍ പോരില്‍ രണ്ടാം തവണയും എസി മിലാനെതിരേ ജയം നേടിയ ആഴ്‌സനല്‍ ക്വാര്‍ട്ടറിലേക്ക് കുതിച്ചു.
ലണ്ടനില്‍ നടന്ന രണ്ടാപാദത്തില്‍ ഗണ്ണേഴ്‌സ് 3-1ന് മിലാനെ തകര്‍ത്തു. മുന്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാര്‍ കൂടിയായ മിലാനെതിരേ ഇരുപാദങ്ങളുമായി 5-1ന്റെ തകര്‍പ്പന്‍ വിജയമാണ് ആഴ്‌സനല്‍ ആഘോഷിച്ചത്. ഒന്നാംപാദത്തില്‍ ആഴ്‌സനല്‍ 2-0നു ജയിച്ചിരുന്നു. ഹോം ഗ്രൗണ്ടില്‍ നടന്ന രണ്ടാംപാദത്തില്‍ ഒരു ഗോളിനു ലീഡ് ചെയ്ത ശേഷമാണ് മിലാന്‍ തോല്‍വിയിലേക്കു വീണത്. ഇരട്ടഗോള്‍ നേടിയ ഡാനി വെല്‍ബെക്കാണ് ഗണ്ണേഴ്‌സിന്റെ ഹീറോ. മൂന്നാമത്തെ ഗോള്‍ ഗ്രാനിത് സാക്കയുടെ വകയായിരുന്നു.

അത്‌ലറ്റികോ മാഡ്രിഡ്, ലൈപ്‌സിഷ്, ലാസിയോ, ലിസ്ബണ്‍, മാഴ്‌സെ, സാല്‍സ്ബര്‍ഗ്, സിഎസ്‌കെഎ മോസ്‌കോ എന്നിവരാണ് അവസാന എട്ടില്‍ ഇടം പിടിച്ച മറ്റു ടീമുകള്‍. മിലാനെ കൂടാതെ ജര്‍മനിയില്‍ നിന്നുള്ള ബൊറൂസ്യ ഡോട്മുണ്ടും ക്വാര്‍ട്ടര്‍ കാണാതെ മടങ്ങി. ഫെര്‍ണാണ്ടോ ടോറസിന്റെ ഇരട്ടഗോളില്‍ ലോക്കോമോട്ടീവ് മോസ്‌കോയെ അത്‌ലറ്റികോ 51ന് തരിപ്പണമാക്കി. 65, 70 മിനിറ്റുകളിലായിരുന്നു ടോറസിന്റെ ഇരട്ടഗോളുകള്‍. എയ്ഞ്ചല്‍ കൊറെയ, സോള്‍, അന്റോണിയോ ഗ്രീസ്മാന്‍ എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.