കാലിത്തീറ്റ കുംഭകോണം: ലാലു ഉള്‍പ്പെട്ട കേസില്‍ വിധി മാറ്റി

നാലാമത്തെ കേസില്‍ വിധി പറയുന്ന തീയതി പ്രഖ്യാപിച്ചില്ല
Posted on: March 17, 2018 6:18 am | Last updated: March 16, 2018 at 11:47 pm

റാഞ്ചി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവിനും ജഗന്നാഥ് മിശ്രക്കും എതിരായ കാലിത്തീറ്റ കുംഭ കോണത്തിലെ നാലാം കേസില്‍ വിധി പറയുന്നത് സി ബി ഐ പ്രത്യേക കോടതി മാറ്റി. ആര്‍ ജെ ഡി നേതാക്കളുടെ അഭിഭാഷകര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് വിധി പറയുന്നത് മാറ്റിയത്. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.

സര്‍ക്കാറിന് 3.13 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ ദുംക ട്രഷറി കേസിലാണ് വിധി പറയുന്നത് മാറ്റിയത്. ഈ കേസില്‍ ലാലുവിനും മിശ്രക്കും പുറമേ ഐ എ എസ്, എ എച്ച് ഡി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 29 പ്രതികളാണുള്ളത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ആദ്യ മൂന്ന് കേസുകളിലും ലാലു പ്രസാദ് യാദവ് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ജഗന്നാഥ് മിശ്രക്കെതിരെ രണ്ട് കേസുകളാണ് തെളിയിക്കപ്പെട്ടത്. 37.62 കോടി നഷ്ടമുണ്ടാക്കിയ ഛായ്ബസദ് ട്രഷറി കേസില്‍ ഈ വര്‍ഷം ജനുവരിയില്‍ ലാലുവിനും മിശ്രക്കും പ്രത്യേക സി ബി ഐ കോടതി ആറ് വര്‍ഷം തടവ് വിധിച്ചിരുന്നു.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസില്‍ വിചാരണ പൂര്‍ത്തിയാകാനിരിക്കുകയാണ്. റാഞ്ചിയിലെ ദൊരാന്ദ ട്രഷറിയില്‍ നിന്ന് 139 കോടി രൂപ പിന്‍വലിച്ച കേസാണിത്. ബീഹാറിലെ മൃഗസംരക്ഷണ വകുപ്പിലെ പദ്ധതികളുടെ മറവില്‍ വിവിധ ജില്ലകളിലെ സര്‍ക്കാര്‍ ട്രഷറികളില്‍ നിന്ന് 900 കോടിയിലധികം രൂപ തട്ടിയെടുത്തു എന്നതാണ് ബീഹാര്‍ രാഷ്ട്രീയത്തെ അടിമുടിയുലച്ച കാലിത്തീറ്റ കുഭകോണം. 1990കളില്‍ സംസ്ഥാനത്ത് ആര്‍ ജെ ഡി അധികാരത്തിലിരുന്നപ്പോഴാണ് കേസിന് ആസ്പദമായ തട്ടിപ്പ് നടന്നത്.