കര്‍ണാടകയില്‍ യോഗി കളത്തിന് പുറത്ത്

Posted on: March 17, 2018 6:19 am | Last updated: March 16, 2018 at 11:49 pm

ബെംഗളൂരു: കര്‍ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഒഴിവാക്കാന്‍ തീരുമാനം. യു പി ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പിക്കുണ്ടായ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. യോഗിയെ കര്‍ണാടകയില്‍ പ്രചാരണത്തില്‍ ഇറക്കുന്നത് തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി ദേശീയ നേതൃത്വം.

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കര്‍ണാടകയില്‍ ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും തിരിച്ചുപിടിക്കാന്‍ ബി ജെ പിയും തീവ്രശ്രമത്തിലാണ്. കോ ണ്‍ഗ്രസിന് വേണ്ടി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കം കര്‍ണാടകയില്‍ പ്രചാരണത്തിനിറങ്ങിയപ്പോള്‍ ബി ജെ പി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവരെയാണ് കളത്തിലിറക്കിയത്. യു പിയിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ യോഗിക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

സംസ്ഥാനത്ത് ഇതിനകം നിരവധി യോഗങ്ങളില്‍ യോഗി സംസാരിച്ചിട്ടുണ്ട്.