പിണക്കം പണ്ടുതൊട്ടേ; ഇപ്പോള്‍ പൊട്ടിത്തെറി

  ഗുജറാത്ത് കലാപം മുതല്‍ നായിഡു മോദിയുടെ നിത്യ വിമര്‍ശകന്‍
  Posted on: March 17, 2018 6:15 am | Last updated: March 16, 2018 at 11:46 pm

  ചന്ദ്രബാബു നായിഡുവും നരേന്ദ്ര മോദിയും (ഫയല്‍)

  ഹൈദരാബാദ്: ബി ജെ പിയും തെലുഗു ദേശം പാര്‍ട്ടിയും (ടി ഡി പി) തമ്മിലുള്ള ബന്ധത്തിന്റെയും അനൈക്യത്തിന്റെയും കഥകള്‍ തുടങ്ങുന്നത് ആന്ധ്ര പ്രദേശിന് പ്രത്യേക പദവി എന്ന ആവശ്യത്തില്‍ നിന്നല്ല. അതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ആന്ധ്ര പ്രദേശിന് പ്രത്യേക പദവി എന്ന ടി ഡി പിയുടെ ആവശ്യം ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഈ മാസം ഏഴിന് തുറന്നടിച്ചതോടെ അത് മറനീക്കി പുറത്തുവന്നെന്ന് മാത്രം. 2019ല്‍ ആന്ധ്ര പ്രദേശ് നിയമസഭയിലേക്കും ലോക്‌സഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പോരാട്ടത്തിനുള്ള രാഷ്ട്രീയ കളമൊരുക്കുക എന്നതാണ് ഇനി ബി ജെ പിക്കും ടി ഡി പിക്കും മുന്നിലുള്ളത്.

  2015 ഓക്‌ടോബറില്‍ സംസ്ഥാന വിഭജനത്തിന് ശേഷം ആന്ധ്ര പ്രദേശിന്റെ തലസ്ഥാന നഗരിയായ അമരാവതിക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടതിന് പിന്നാലെ തന്നെ ഇരു പാര്‍ട്ടികളും തമ്മിലുള്ള അസ്വാരസ്യം പുറത്തായിരുന്നു. ചടങ്ങില്‍ വലിയ പ്ര ഖ്യാപനങ്ങള്‍ മുഴക്കിയ മോദി പക്ഷേ, പാര്‍ലിമെന്റില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുന്ന നിലപാടാണ് കൈക്കൊണ്ടത്. പ്രഖ്യാപനങ്ങള്‍ അപ്പാടെ വിഴുങ്ങിയ മോദി, ഫണ്ട് അനുവദിക്കുന്നതിനെ കുറിച്ച് മിണ്ടിയത് പോലുമില്ല. ഈ അതൃപ്തിക്ക് പിന്നാലെയാണ് സംസ്ഥാനത്തിന് പ്രത്യേക പദവിയെന്ന മറ്റൊരു ആവശ്യവുമായി ടി ഡി പി കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ കൈനീട്ടിയത്. ഈ ആവശ്യം നിതി അയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍ പരിഹാസപൂര്‍വം തള്ളിക്കളഞ്ഞത് ഈ വര്‍ഷം ജനുവരിയിലാണ്. ‘ആവശ്യം നല്ലത് തന്നെ. അതേക്കുറിച്ച് നിങ്ങള്‍ ചിന്തിക്കണം. കേന്ദ്രത്തിന്റെ കൈയില്‍ വെറുതേ കിടക്കുന്ന പണമൊന്നുമില്ല. ആളോഹരി വരുമാനത്തില്‍ ദേശീയ ശരാശരിക്ക് മുന്നില്‍ നില്‍ക്കുന്ന ആന്ധ്ര പ്രദേശിനെ പോലെ മറ്റേത് സംസ്ഥാനത്തിനും വേണമെങ്കില്‍ പ്രത്യേക പദവിക്ക് ആവശ്യമുന്നയിക്കാം’- രാജീവ് കുമാര്‍ തുറന്നടിച്ചു.

  2002ലെ ഗുജറാത്ത് കലാപത്തിന് ശേഷം നരേന്ദ്ര മോദിയുടെ നിത്യ വിമര്‍ശകനായിരുന്നു നായിഡു. പൗരന്മാരെ സംരക്ഷിക്കുക എന്നത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണെന്ന് ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ച നായിഡു, മോഡിയുടെ രാജി ആവശ്യപ്പെടുകയും എന്‍ ഡി എ വിടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. 2012ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി നാലാം തവണ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ മോദി ക്ഷണിച്ചെങ്കിലും നായിഡു നിരസിച്ചിരുന്നു. ഇതൊക്കെ നായിഡു മറന്നെന്നോ ക്ഷമിച്ചെന്നോ കരുതാന്‍ കഴിയാത്ത സാഹചര്യമാണ്.

  വ്യാവസായിക മേഖലയുടെ ആവശ്യങ്ങള്‍ക്കായി 29 തവണ ഡല്‍ഹി സന്ദര്‍ശിച്ച ചന്ദ്രബാബു നായിഡുവിനെ ബി ജെ പിയോ കേന്ദ്ര സര്‍ക്കാറോ കാര്യമായി ഗൗനിച്ചേയിരുന്നില്ല. ഈസ്റ്റ് കോസ്റ്റ് റെയില്‍വേ ഡിവിഷന്‍ വിഭജിച്ച് വിശാഖപട്ടണം ആസ്ഥാനമായി റെയില്‍വേ മേഖല എന്ന ടി ഡി പിയുടെ ആവശ്യത്തോട് കേന്ദ്രം മുഖം തിരിച്ചതും ചന്ദ്രബാബു നായിഡുവിന്റെ മനസ്സില്‍ മുറിവായി അവശേഷിക്കുന്നുണ്ട്. ഇതിന്റെയൊക്കെ ആകെത്തുകയായി വേണം ഇപ്പോള്‍ ടി ഡി പിയുടെ നീക്കത്തെ വിലയിരുത്താന്‍.