Connect with us

Kerala

റബ്ബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക കര്‍മസമിതി

Published

|

Last Updated

തിരുവനന്തപുരം: വിലത്തകര്‍ച്ചയടക്കം റബ്ബര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ കേന്ദ്ര വാണിജ്യ വകുപ്പ് പ്രത്യേക കര്‍മ സമിതി രൂപവത്കരിച്ചു. കേരള ചീഫ് സെക്രട്ടറി ചെയര്‍മാനും ത്രിപുര ചീഫ് സെക്രട്ടറി സഹ ചെയര്‍മാനുമായി രൂപവത്കരിച്ച ടാസ്‌ക് ഫോഴ്‌സില്‍ കേന്ദ്ര വാണിജ്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറി (പ്ലാന്റേഷന്‍), കേന്ദ്ര വ്യവസായ നയ പ്രോത്സാഹന (ഡി ഐ പി പി) വകുപ്പ് ജോയിന്റ് സെക്രട്ടറി (പ്ലാന്റേഷന്‍), കേന്ദ്ര വാണിജ്യ വകുപ്പ് ഡയറക്ടര്‍ (പ്ലാന്റേഷന്‍), കേരളം, ത്രിപുര എന്നിവിടങ്ങളിലെ കൃഷി വകുപ്പില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളാകും. റബ്ബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് സമിതിയുടെ കണ്‍വീനര്‍. കര്‍മ സമിതി രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

വിലയിടിവിനെ തുടര്‍ന്ന് റബ്ബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഉത്പാദനം വര്‍ധിപ്പിച്ച് ആവശ്യവും വിതരണവും തമ്മിലുള്ള വിടവ് നികത്തുന്നതിനും ഇറക്കുമതി നിയന്ത്രിക്കുന്നതിനുമുള്ള ഹ്രസ്വകാല നടപടികളും ദീര്‍ഘകാല പദ്ധതികളും സംബന്ധിച്ച ശിപാര്‍ശകള്‍ നല്‍കാനാണ് സമിതിയോട് ആവശ്യപ്പെട്ടത്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളിലെ വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും തമ്മിലുള്ള ഏകോപനം ഉറപ്പാക്കുക, ലോക വ്യാപാര സംഘടനയുടെ കരാറുകള്‍, മറ്റ് വ്യാപാര ഉടമ്പടികള്‍, കേന്ദ്ര സര്‍ക്കാറിന്റെ പൊതുവായ സാമ്പത്തിക നയം, റബ്ബര്‍ വ്യവസായത്തിന്റെ മൂല്യശൃംഖല എന്നിവയുടെയും റബ്ബര്‍ കര്‍ഷകര്‍, സംസ്‌കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, റബ്ബര്‍ ഉത്പന്ന നിര്‍മാതാക്കള്‍, വ്യാപാരികള്‍, തൊഴിലാളികള്‍, റബ്ബര്‍ ഉത്പന്നങ്ങളുടെ ഉപഭോക്താക്കള്‍ മുതലായവരുടെയും ക്ഷേമം എന്നിവ കണക്കിലെടുത്ത് റബ്ബര്‍ നയം ശിപാര്‍ശ ചെയ്യാനും നിര്‍ദേശമുണ്ട്. കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി സുരേഷ് പ്രഭുവുമായി കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നടത്തിയ ചര്‍ച്ചയില്‍ റബ്ബര്‍ നയം പ്രഖ്യാപിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാന കൃഷി മന്ത്രി വി എസ് സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കഴിഞ്ഞ മാസം 22ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രിയെ കണ്ട് നിവേദനം നല്‍കിയിരുന്നു.

Latest