ജസ്റ്റിസ് ലോയയുടെ മരണം: വാദം പൂര്‍ത്തിയായി; വിധി പറയാന്‍ മാറ്റി

Posted on: March 17, 2018 6:12 am | Last updated: March 16, 2018 at 11:41 pm

ന്യൂഡല്‍ഹി: ജസ്റ്റിസ് ബി എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ വാദം പൂര്‍ത്തിയായി വിധി പറയാനായി മാറ്റിവെച്ചു. പ്രത്യേക സംഘം അന്വേഷിക്കണമെന്ന ഹരജിയാണ് വിധി പറയാനായി മാറ്റിയത്. മരണത്തില്‍ ദുരൂഹതയില്ലെന്നായിരുന്നു മഹാരാഷ്ട്ര സര്‍ക്കാറിന്റെ വാദം. സി ബി ഐ കോടതി ജഡ്ജി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം ഗൗരവതരമാണെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, മഹാരാഷ്ട്ര സര്‍ക്കാറിനോട് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അടക്കമുള്ളവ ഹാജരാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.

മാധ്യമ പ്രവര്‍ത്തകന്‍ ബി എസ് ലോണ്‍, സാമൂഹിക പ്രവര്‍ത്തകന്‍ തെഹ്‌സീന്‍ പൂനവാല എന്നിവരാണ് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. പോലീസ് ഉദ്യോഗസ്ഥരും ബി ജെ പി അധ്യക്ഷന്‍ അമിത് ഷായും ഉള്‍പ്പെട്ട സുഹ്‌റാബുദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടത് ജസ്റ്റിസ് ലോയ ആയിരുന്നു.

മരണത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച സന്നദ്ധ സംഘടന, അദ്ദേഹം മരിച്ചത് വിഷം ഉള്ളില്‍ച്ചെന്ന് ആകാമെന്ന ആശങ്ക ഉന്നയിച്ചിരുന്നു.

ഹൃദയാഘാതം മൂലമല്ല ലോയ മരിച്ചതെന്ന് ഇ സി ജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുവെന്നും സംഘടന ചൂണ്ടിക്കാട്ടിയിരുന്നു. ജസ്റ്റിസ് ലോയക്ക് ഹൃദയാഘാതം ഉണ്ടായതിന്റെ സൂചനകള്‍ ഒന്നുമില്ലെന്ന് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടിയിരുന്നു.