ഗൗരി ലങ്കേഷ് വധം: രണ്ടാമന്‍ ഗോവ സ്‌ഫോടന കേസിലെ പ്രതി

  • പോലീസ് തിരയുന്നത് പ്രവീണിനെ
  • നവീന്‍ കുമാറിനെ സി ബി ഐ ചോദ്യം ചെയ്യും
Posted on: March 17, 2018 6:24 am | Last updated: March 16, 2018 at 11:39 pm

ബെംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊന്ന കേസില്‍ പോലീസ് അന്വേഷിക്കുന്ന രണ്ടാമന്‍ ഗോവ സ്‌ഫോടനക്കേസിലെ പ്രതി. 2009 ഒക്‌ടോബര്‍ 19ന് മഡ്ഗാവിലുണ്ടായ സ്‌ഫോടനത്തിലെ പ്രതി മഹാരാഷ്ട്ര കോലാപ്പൂര്‍ സ്വദേശി പ്രവീണ്‍കുമാര്‍ ലിംകാറിനെയാണ് (34) ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് എസ് ഐ ടി അന്വേഷിക്കുന്നത്. ഇയാള്‍ക്ക് ഗൗരി വധത്തിലുള്ള പങ്കിനെക്കുറിച്ച് പോലീസിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തീവ്രഹിന്ദു സംഘടനയായ സനാതന്‍ സന്‍സ്‌തെയുടെ പ്രവര്‍ത്തകനായ പ്രവീണ്‍, ഗോവ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുകയാണ്.

കേസില്‍ എന്‍ ഐ എ കുറ്റം ചുമത്തിയതോടെയാണ് പ്രവീണും കൂട്ടു പ്രതികളായ മംഗളൂരുവിലെ ജയപ്രകാശ്(45), പൂനെയില്‍ നിന്നുള്ള സാരംഗ് അകോല്‍ക്കര്‍ (38), സാന്‍ഗ്‌ലി സ്വദേശിയായ രുദ്ര പാട്ടീല്‍ (37) എന്നിവരും ഒളിവില്‍ പോയത്. ഇവര്‍ കൂടി പിടിയിലാകുന്നതോടെ രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഗൗരി ലങ്കേഷ് കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍. എന്‍ ഐ എ പ്രവീണിനെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

അതിനിടെ, ഗൗരി വധത്തില്‍ നേരത്തെ അറസ്റ്റിലായ നവീന്‍ കുമാറിനെ സി ബി ഐ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ഇയാള്‍ നല്‍കിയ വിവരമനുസരിച്ചാണ് പ്രവീണിനെ തിരിച്ചറിഞ്ഞത്. പുരോഗമന വാദികളായ ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധബോല്‍ക്കര്‍ എന്നിവരുടെ കൊലയുമായി നവീന് ബന്ധമുണ്ടെന്ന ചില നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പന്‍സാരെ വധം അന്വേഷിക്കുന്ന മഹാരാഷ്ട്ര പ്രത്യേക അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്തിരുന്നു.

നരേന്ദ്ര ധബോല്‍ക്കര്‍ കൊല്ലപ്പെട്ട കേസില്‍ അന്വേഷണം നടത്തുന്ന സി ബി ഐ ഉദ്യോഗസ്ഥരാണ് നവീന്‍ കുമാറിനെ ചോദ്യം ചെയ്യുക. നവീന്‍ കുമാറിനെ നുണപരിശോധനക്ക് വിധേയമാക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് കത്തെഴുതിയിട്ടുണ്ട്. ഗുജറാത്തിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലാണ് നുണപരിശോധന നടത്തുന്നത്.

ഗൗരി വധത്തില്‍ നവീന്‍കുമാറിനെതിരെ കൊലക്കുറ്റം ചുമത്തിയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നാടന്‍ തോക്ക് ഉപയോഗിച്ച് നവീനില്‍ നിന്ന് പരിശീലനം നേടിയ നാല് പേരെ കണ്ടെത്താനും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. യുക്തിവാദിയായ കെ എസ് ഭഗവാനാണ് സംഘത്തിന്റെ അടുത്ത ഇരയെന്ന് നവീന്‍ കുമാര്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. സനാതന്‍ സന്‍സ്തയുമായി ബന്ധം പുലര്‍ത്തുന്ന ഹിന്ദുജനജാഗ്രതാ സമിതി പ്രവര്‍ത്തകനാണ് നവീന്‍ കുമാര്‍.