ലയന ചര്‍ച്ച അന്തിമ ഘട്ടത്തില്‍

എന്‍ എസ് സിയും ഐ എന്‍ എലും ഒന്നിക്കുന്നു
Posted on: March 17, 2018 6:15 am | Last updated: March 16, 2018 at 11:19 pm
SHARE

താമരശ്ശേരി: അഡ്വ. പി ടി എ റഹീം എം എല്‍ എ യുടെ നാഷനല്‍ സെക്കുലര്‍ കോണ്‍ഫ്രന്‍സും ഇന്ത്യന്‍ നാഷനല്‍ ലീഗും ഒരുമിച്ചു നീങ്ങാനുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തില്‍. ഇടതു മുന്നണിക്കൊപ്പം നില്‍ക്കുന്ന ഇരു കക്ഷികളും ഒന്നിച്ചു നീങ്ങിയാല്‍ മുന്നണി പ്രവേശം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. മുസ്‌ലിം ലീഗിനോടുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് രൂപം കൊണ്ട രണ്ട് പാര്‍ട്ടികളുടെയും രാഷ്ട്രീയ നയം ഒന്നായതിനാല്‍ രണ്ട് പാര്‍ട്ടിയായി പ്രവര്‍ത്തിക്കേണ്ടതില്ലെന്ന നിലപാടിനോട് നേതാക്കളും അണികളും യോജിച്ചുകഴിഞ്ഞു.

കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന ചര്‍ച്ചയില്‍ ഇരു പാര്‍ട്ടികളുടെയും മൂന്ന് വീതം പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. നാഷനല്‍ ലീഗിന്റെ പതാക മാറ്റണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും ദേശീയ തലത്തില്‍ ഉപയോഗിക്കുന്ന കൊടിയും പേരും മാറ്റുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നായിരുന്നു നാഷനല്‍ ലീഗിന്റെ നിലപാട്. ഒരുമിച്ച് നീങ്ങണമെന്ന കാര്യത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ഒരേ അഭിപ്രായത്തിലാണെന്നും മറ്റു കാര്യങ്ങള്‍ ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യാ നേതാവായിരുന്ന ഇബ്‌റാഹീം സുലൈമാന്‍ സേട്ടുവിന്റെ നേതൃത്വത്തില്‍ 1994 ലാണ് ഇന്ത്യന്‍ നാഷനല്‍ ലീഗ് രൂപവത്കരിച്ചത്. പിന്നീട് ഒരു വിഭാഗം മുസ്‌ലിം ലീഗിലേക്ക് മടങ്ങുകയും മുന്നണി പ്രവേശം അസാധ്യമാകുകയും ചെയ്തതോടെ പലരും മറ്റ് പാര്‍ട്ടികളില്‍ ചേക്കേറി ഇതോടെയാണ് കേരളത്തില്‍ പാര്‍ട്ടിയുടെ ശക്തി ക്ഷയിച്ചത്.

മുസ്‌ലിം ലീഗുമായുണ്ടായ അഭിപ്രായഭിന്നതയെ തുടര്‍ന്ന് പാര്‍ട്ടി വിട്ട അഡ്വ. പി ടി എ റഹീം 2006ല്‍ കൊടുവള്ളിയില്‍ നിന്ന് ഇടതു സ്വതന്ത്രനായി നിയമസഭയിലെത്തുകയും തുടര്‍ന്ന് നാഷനല്‍ സെക്കുലര്‍ കോണ്‍ഫ്രന്‍സ് എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കുകയുമായിരുന്നു.

ലയനത്തിന് സി പി എമ്മും എല്‍ ഡി എഫും പച്ചക്കൊടി കാണിച്ചതായാണ് സൂചന. മുസ്‌ലിം ലീഗിനോട് വിയോജിപ്പുള്ള ന്യൂനപക്ഷങ്ങളെ ഒരുമിപ്പിക്കാനാകുമെന്നും ഇത് മുന്നണി പ്രവേശം എളുപ്പമാക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.