Connect with us

Kerala

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം: ബോര്‍ഡ് യോഗം 19ന്

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച് സര്‍ക്കാറിന് ശിപാര്‍ശ സമര്‍പ്പിക്കുന്നതിന് ഈ മാസം 19ന് മിനിമം വേതന ഉപദേശക സമിതി യോഗം ചേരുമെന്ന് മിനിമം വേജസ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ പി കെ ഗുരുദാസന്‍ പറഞ്ഞു. ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചുകൊണ്ടുള്ള ഒരു നടപടിയും മിനിമം വേതന ഉപദേശക സമിതി സ്വീകരിക്കില്ല. സമയബന്ധിതമായി ബോര്‍ഡിന്റെ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കും. ബോര്‍ഡ് യോഗത്തില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ട്, തീയതി എന്നിവ സംബന്ധിച്ച് തീരുമാനമെടുക്കും.

മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്ന കാര്യത്തില്‍ ഉപദേശക സമിതി ശരിയായ തീരുമാനം കൈക്കൊള്ളും. ഇക്കഴിഞ്ഞ 13ന് തിരുവനന്തപുരത്ത് തൊഴില്‍ ഭവനില്‍ മിനിമം വേതനം സംബന്ധിച്ച് ട്രേഡ് യൂനിയനുകളുടെയും തൊഴിലാളി സംഘടനകളുടെയും പരാതികളും ആക്ഷേപങ്ങളും സ്വീകരിച്ച് ഹിയറിംഗ് നടത്തിയിരുന്നു. സമിതിക്ക് മുന്നില്‍ പരാതി നല്‍കിയവരെ കത്തയച്ച് വരുത്തി ഹിയറിംഗ് നടത്തുകയായിരുന്നു. എറണാകുളം ടൗണ്‍ ഹാളില്‍ ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ നിന്നുള്ള സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെയും സ്ഥാപനങ്ങള്‍ക്കായി വ്യക്തിപരമായി പരാതി നല്‍കിയവരുടെയും ആക്ഷേപങ്ങളും പരാതികളും പരിഗണിച്ച് ഹിയറിംഗ് നടത്തി.

ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് തൊഴില്‍ ഭവനില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെയും സ്ഥാപനങ്ങള്‍ക്കായി വ്യക്തിപരമായി പരാതി നല്‍കിയവരുടെയും ആക്ഷേപങ്ങളും പരാതികളും പരിഗണിച്ച് ഹിയറിംഗ് നടത്തും. ഹിയറിംഗില്‍ 110 പരാതികള്‍ പരിശോധിക്കും. എട്ട് അസോസിയേഷനുകളുടേതുള്‍പ്പെടെ 200ഓളം പരാതികളാണ് എറണാകുളം ടൗണ്‍ ഹാളില്‍ നടത്തിയ ഹിയറിംഗില്‍ എത്തിയിരുന്നത്.

യോഗത്തില്‍ ലേബര്‍ കമ്മീഷണര്‍ എ അലക്‌സാണ്ടര്‍, ബോര്‍ഡ് അംഗങ്ങളായ കെ പി സഹദേവന്‍, കെ പി രാജേന്ദ്രന്‍, സി എസ് സുജാത, യു പോക്കര്‍, കെ ഗംഗാധരന്‍, തോമസ് ജോസഫ്, ബാബു ഉമ്മന്‍, കെ കൃഷ്ണന്‍, എം പി പവിത്രന്‍, ജോസ് കാവനാട്, എം സുരേഷ്, ഇക്കണോമിക്‌സ് ആന്‍ഡ് ് സ്റ്റാറ്റിറ്റിക്‌സ്, ഇന്‍ഡസ്ട്രീസ് ആന്‍ഡ് കോമേഴ്‌സ് ഡയറക്ടര്‍മാരുടെ പ്രതിനിധികള്‍, ജില്ലാ ലേബര്‍ ഓഫീസര്‍ കെ വിനോദ്, മിനിമം വേജസ് അഡൈ്വസറി ബോര്‍ഡ് സെക്രട്ടറി ടി വി രാജേന്ദ്രന്‍ പങ്കെടുത്തു.

Latest