മുശര്‍റഫിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ പാക് കോടതിയുടെ ഉത്തരവ്

Posted on: March 17, 2018 6:09 am | Last updated: March 16, 2018 at 10:50 pm

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുശര്‍റഫിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ പാക് പ്രത്യേക കോടതിയുടെ ഉത്തരവ്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കേസില്‍ വിചാരണ നടത്തുന്ന പ്രത്യേക കോടതിയാണ് മുശര്‍റഫിന് കനത്ത തിരിച്ചടി നല്‍കുന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന് പുറമെ, മുശര്‍റഫിന്റെ ദേശീയ തിരിച്ചറിയല്‍ കാര്‍ഡും റദ്ദ് ചെയ്യാന്‍ കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനും സമ്പത്ത് കണ്ടുകെട്ടാനും കഴിഞ്ഞ ആഴ്ച ഇതേ കോടതി ഉത്തരവിട്ടിരുന്നു. 2007ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കേസില്‍ മുശര്‍റഫ് കുറ്റക്കാരനാണെന്ന് 2014 മാര്‍ച്ചില്‍ വിധി പുറത്തുവന്നിരുന്നു. ദുബൈയിലേക്ക് രക്ഷപ്പെട്ട മുശര്‍റഫിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആഭ്യന്തരവകുപ്പിന് കൃത്യമായ മറുപടി നല്‍കുന്നതില്‍ മുശര്‍റഫ് പരാജയപ്പെട്ടാല്‍ അദ്ദേഹത്തിന്റെ സ്വത്ത് കണ്ടുകെട്ടുന്നതുള്‍പ്പടെ, നടപടികളിലേക്ക് സര്‍ക്കാര്‍ പ്രവേശിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. പാക് സര്‍ക്കാര്‍ മുശര്‍റഫിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയാല്‍ പിന്നീട് മറ്റൊരു രാജ്യത്തേക്കും യാത്ര ചെയ്യാന്‍ അദ്ദേഹത്തിന് നിയമസാധുതയുണ്ടാകില്ല.

മുശര്‍റഫിനെതിരെ പ്രത്യേക കോടതി 2013 മുതല്‍ വാദം കേട്ടുകൊണ്ടിരിക്കുകയാണ്. ഈ മാസം 21ന് കോടതി വീണ്ടും വാദം കേള്‍ക്കും.