റഷ്യക്കെതിരെ അമേരിക്ക പുതിയ ഉപരോധമേര്‍പ്പെടുത്തി

യു എസ് പൊതുതിരഞ്ഞെടുപ്പിനിടെ സൈബര്‍ കടന്നുകയറ്റം
Posted on: March 17, 2018 6:04 am | Last updated: March 16, 2018 at 10:35 pm

വാഷിംഗ്ടണ്‍: റഷ്യക്ക് മേല്‍ അമേരിക്ക പുതിയ ഉപരോധമേര്‍പ്പെടുത്തി. 2016ല്‍ നടന്ന യു എസ് പൊതുതിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെടാന്‍ ശ്രമിച്ച സംഭവത്തിലാണ് ട്രംപ് ഭരണകൂടം റഷ്യക്ക് മേല്‍ പുതിയ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സൈബര്‍ ഇടപെടലിലൂടെ അമേരിക്കയുടെ പരമാധികാരത്തിന്റെ മേല്‍ റഷ്യ കടന്നുകയറിയെന്ന് അമേരിക്ക ആരോപിച്ചിരുന്നു. യു എസ് തിരഞ്ഞെടുപ്പിനിടെ നുഴഞ്ഞുകയറ്റം നടത്തിയ റഷ്യക്കെതിരെ ഉപരോധ നടപടികള്‍ വൈകിയത്, റഷ്യക്കെതിരെ നടപടിയെടുക്കാന്‍ ട്രംപ് ഭരണകൂടത്തിന് താത്പര്യമില്ലാത്തതുകൊണ്ടാണെന്ന് ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അല്‍പം വൈകിയാലും റഷ്യക്കെതിരെ കടുത്ത ഉപരോധമാണ് ഇപ്പോള്‍ അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നത്. ഉപരോധ പ്രഖ്യാപനത്തിനിടെ, അമേരിക്കന്‍ ഊര്‍ജ നെറ്റ് വര്‍ക്കുകളിലേക്ക് റഷ്യ കടന്നുകയറാന്‍ ശ്രമിച്ച സംഭവവും അമേരിക്ക വെളിപ്പെടുത്തി. മറ്റു സൈബര്‍ ആക്രമണങ്ങളില്‍ പങ്കാളികളായവര്‍ക്കെല്ലാം ഉപരോധം ഏര്‍പ്പെടുത്തുമെന്നും അമേരിക്ക അറിയിച്ചു.

റഷ്യന്‍ സൈബര്‍ ആക്രമണം സംബന്ധിച്ച അന്വേഷണം നടത്തിയ സ്‌പെഷ്യല്‍ കൗണ്‍സില്‍ റോബര്‍ട്ട് മുള്ളര്‍ 13 റഷ്യക്കാരുടെ പേരുവിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്നത്. 2016ലെ യു എസ് തിരഞ്ഞെടുപ്പ് വേളയില്‍ അമേരിക്കന്‍ സോഷ്യല്‍ മീഡിയ രംഗത്ത് വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിച്ച ഇന്റര്‍നെറ്റ് റിസര്‍ച്ച് ഏജന്‍സി റഷ്യന്‍ ട്രോള്‍ ഫാമും ഉപരോധ പരിധിയില്‍ വരുന്നുണ്ട്. ഈ ഇന്റര്‍നെറ്റ് ഏജന്‍സിക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്ന വ്യവസായി യേവ്ഗനി വിക്ടോറോവിച്ചിനെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ്, പ്രധാനപ്പെട്ട ഇന്റലിജന്‍സ് ഡയറക്ടര്‍മാര്‍, മറ്റു ചില ജോലിക്കാര്‍ എന്നിവരെയും ഉപരോധം ബാധിക്കും.