Connect with us

Editorial

ആയുധക്കമ്പനികളെ കൊഴുപ്പിക്കാന്‍ ഇന്ത്യ

Published

|

Last Updated

രാജ്യത്തെ ഏറ്റവും വലിയ പ്രതിരോധ ശക്തികളിലൊന്നായി വളര്‍ന്നുവെന്നവകാശപ്പെടുമ്പോഴും ആയുധ ഇറക്കുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തന്നെ. 2013-17കാലയളവില്‍ ആഗോള തലത്തില്‍ ആയുധ ഇറക്കുമതിയില്‍ 12 ശതമാനം വര്‍ധനവാണ് ഉണ്ടായതെങ്കില്‍ ഇന്ത്യയില്‍ 24 ശതമാനം വര്‍ധിച്ചതായി സ്വീഡനിലെ സ്‌റ്റോക്‌ഹോം ഇന്റര്‍നാഷനല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. റഷ്യയില്‍ നിന്നും അമേരിക്കയില്‍ നിന്നും ഇസ്‌റാഈലില്‍ നിന്നുമാണ് ഇന്ത്യആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നത്. അതേസമയം 2008-17ല്‍ ചൈനയുടെ ആയുധ ഇറക്കുമതി 19 ശതമാനവും പാക്കിസ്ഥാന്റെത് 36 ശതമാനവും കുറഞ്ഞു.

മോദി സര്‍ക്കാറിന്റെ “മെയ്ക് ഇന്‍ ഇന്ത്യ” പദ്ധതിയുടെ പരാജയത്തിലേക്കാണ് ആയുധ ഇറക്കുമതിയിലെ വര്‍ധന വിരല്‍ ചൂണ്ടുന്നത.് “മെയ്ക്ക് ഇന്‍ ഇന്ത്യ” മുഖ്യമായും ഉന്നം വെച്ചിരുന്നത് ആയുധ നിര്‍മാണമായിരുന്നു. ആയുധങ്ങള്‍ക്ക് മറ്റു രാഷ്ട്രങ്ങളെ ആശ്രയിക്കുന്നത് പരമാവധി ഒഴിവാക്കുകയും ആയുധ കയറ്റുമതി രാജ്യങ്ങളുടെ പട്ടികയില്‍ നിര്‍ണായക സ്ഥാനം കൈവരിക്കുകയും പ്രതിരോധ മേഖലയില്‍ വിദേശ പങ്കാളിത്തം ഉയര്‍ത്തുകയും ചെയ്യുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പ്രതിരോധ മേഖലയില്‍ ഇന്ത്യയുമായി സഹകരിക്കാന്‍ വിദേശ രാഷ്ട്രങ്ങള്‍ താത്പര്യം കാണിക്കുന്നില്ല. 2014 ഏപ്രില്‍ മുതല്‍ 2017 ഡിസംബര്‍ വരെയുള്ള കാലയളവില്‍ പ്രതിരോധ മേഖലയില്‍ “മെയ്ക് ഇന്‍ ഇന്ത്യ”യിലേക്കെത്തിയ വിദേശ നിക്ഷേപം കേവലം 1.17 കോടി രൂപയാണ്. ആയുധ നിര്‍മാണത്തില്‍ ഇന്ത്യന്‍ കമ്പനികളുടെ പരിചയക്കുറവും നടപടിക്രമങ്ങളിലെ സങ്കീര്‍ണതകളുമാണ് നിക്ഷേപത്തിന് വിദേശ കമ്പനികള്‍ വിമുഖത കാണിക്കുന്നതിന് കാരണമായി പറയപ്പെടുന്നത്.

പ്രതിരോധ മേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപത്തിനു വഴിയൊരുക്കി 2016ല്‍ വിദേശ നിക്ഷേപനയം ഭേദഗതി ചെയ്തതും വിദേശ പങ്കാളിത്തത്തോടെയുള്ള പ്രതിരോധ നിര്‍മാണ സംരംഭങ്ങള്‍ക്കു സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയതും മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ വിജയത്തിനായിരുന്നു. ഇന്ത്യയില്‍ നിര്‍മിക്കുന്ന യുദ്ധ വിമാനങ്ങളിലും ആയുധങ്ങളിലും നമ്മുടെ സേനക്ക് തന്നെ വിശ്വാസമില്ല. മൂന്ന് പതിറ്റാണ്ടിലേറെക്കാലം കൊണ്ട് രാജ്യം സ്വന്തമായി വികസിപ്പിച്ചെടുത്ത തേജസ് യുദ്ധവിമാനം നിലവാരമില്ലെന്നു ചൂണ്ടിക്കാട്ടി വ്യോമസേന നിരസിക്കുകയാണുണ്ടായത്. പാക്കിസ്ഥാന്റെയും ചൈനയുടെയും ഭീഷണി നേരിടാന്‍ തേജസ് പര്യാപ്തമല്ലെന്നാണ് സേനയുടെ പക്ഷം. അതേസമയം ഇന്ത്യയുടെ മുഖ്യ എതിരാളിയായ ചൈന ആയുധ നിര്‍മാണ രംഗത്തും ആയുധ കയറ്റുമതി രംഗത്തും വന്‍ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ജര്‍മനി എന്നിവക്കൊപ്പം ആയുധ കയറ്റുമതിയില്‍ മുന്നിട്ടുനില്‍ക്കുന്ന അഞ്ച് രാജ്യങ്ങളുടെ പട്ടികയിലാണ് ചൈന.

പ്രതിരോധ മേഖലയില്‍ ഏറ്റവുമധികം തുക ചെലവഴിക്കുന്ന രാജ്യങ്ങളിലും ഇന്ത്യയുടെ സ്ഥാനം മുന്നിലാണ്. 2007 മുതല്‍ 2016 വരെയുള്ള കണക്കു പ്രകാരം ഇന്ത്യയുടെ പ്രതിരോധ ബജറ്റിലുണ്ടായ വര്‍ധന 54 ശതമാനമാണെന്ന് ജര്‍മന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിപണി ഗവേഷണ സ്ഥാപനം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യയുടെയും ചൈനയുടെയും പ്രതിരോധ ബജറ്റ് ഇന്ത്യയേക്കാള്‍ കൂടുതലാണെങ്കിലും ഈ രണ്ടു രാഷ്ട്രങ്ങളും തദ്ദേശീയമായി ആയുധങ്ങള്‍ നിര്‍മിക്കുന്നതിനാണ് ഇതിന്റെ ഗണ്യഭാഗവും നീക്കിവെക്കുന്നത്. ചൈന തങ്ങളുടെ വ്യോമസേനക്കായി അഞ്ചാം തലമുറ യുദ്ധവിമാനമായ ചെങ്ദുജെ -20 നിര്‍മിക്കുന്നതിന് വലിയ തുകയാണ് മാറ്റിവെച്ചത്. അമേരിക്കന്‍ പോര്‍വിമാനങ്ങളായ എഫ് 22, എഫ് 35 വിമാനങ്ങളോട് മത്സരിക്കാന്‍ ശേഷിയുള്ളവയാണ് ചൈനയുടെ ഈ യുദ്ധവിമാനം. റഷ്യയാകട്ടെ ശീതയുദ്ധ കാലത്തെ ആയുധങ്ങളെ പടിപടിയായി ഒഴിവാക്കി, സുഖോയ് 57, പി എ കെ എഫ് എ തുടങ്ങി അത്യന്താധുനിക യുദ്ധവിമാനങ്ങളുടെ വികാസത്തിനാണ് മുന്‍തൂക്കം നല്‍കുന്നത്. ഇന്ത്യയാകട്ടെ, പ്രതിരോധ മേഖലയിലേക്ക് അനുവദിച്ച തുകയില്‍ ഗണ്യഭാഗവും ചൈനയുമായുള്ള കിട മത്സരത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ നാവിക സേനയുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനായി പുതിയ അന്തര്‍വാഹിനികള്‍, വിമാന വാഹിനികള്‍, യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ വാങ്ങുന്നതിനാണ് ചെലവിടുന്നത്.

കൊട്ടിഘോഷത്തോടെ “മെയ്ക്ക് ഇന്‍ ഇന്ത്യ” പോലുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചതു കൊണ്ടായില്ല. കാര്യക്ഷമമായി നടപ്പാക്കുക കൂടി വേണം. ആയുധങ്ങള്‍ നിര്‍മിക്കാനുള്ള അത്യാധുനിക സൗകര്യങ്ങളും ഗവേഷകരും പണവും ഇന്ത്യക്കില്ലാതെയല്ല. വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്തുന്നില്ലെന്നതാണ് പ്രശ്‌നം. ചില ബാഹ്യശക്തികളുടെ ഇടപെടലുകളും മെയ്ക്ക് ഇന്‍ ഇന്ത്യക്ക് തിരിച്ചടിയാകുന്നുണ്ട്. റാഫേല്‍ പോര്‍വിമാനങ്ങള്‍ ഇടപാടില്‍ ബി ജെ പി സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങള്‍ ഉദാഹരണം. യു പി എ സര്‍ക്കാര്‍ നടപ്പിലാക്കിയ കരാര്‍, വിമാനങ്ങളുടെ വിലയില്‍ വര്‍ധന വരുത്തി മോദി സര്‍ക്കാര്‍ പുതുക്കിയത് രാജ്യത്തെ ഒരു പ്രമുഖ കോര്‍പറേറ്റ് രാജാവിന് വേണ്ടിയാണെന്നാണല്ലോ റിപ്പോര്‍ട്ട്. ഇത്തരം സ്വാധീനങ്ങള്‍ക്ക് വഴങ്ങാതെയും അയല്‍രാഷ്ട്രങ്ങളുമായുള്ള കിടമത്സരം ഒഴിവാക്കിയും “മെയ്ക്ക് ഇന്‍ ഇന്ത്യ” മെച്ചപ്പെടുത്തിയും ആയുധ ഇറക്കുമതി പരിമിതപ്പെടുത്തേണ്ടതുണ്ട്. വിദേശ ആയുധ കമ്പനികളെ കൊഴുപ്പിക്കാനുള്ളതല്ല രാജ്യത്തെ പാവപ്പെട്ടവന്റെ നികുതിപ്പണം.

Latest