Connect with us

Articles

5ജി: വരുന്നത് വലിയ വിപ്ലവം

Published

|

Last Updated

കഴിഞ്ഞ മാസം ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ 90 അംഗ സംഘത്തെ നയിച്ച ടെലിംകോം മന്ത്രി മനോജ് സിന്‍ഹ പറഞ്ഞതിപ്രകാരമായിരുന്നു. “2ജി, 3ജി, 4ജി ബസുകള്‍ നമുക്ക് നഷ്ടപ്പെട്ടു, എന്നാല്‍ 5ജി ബസ് ഒരിക്കലും നമുക്ക് നഷ്ടപ്പെടില്ല. അതിനായി ടെലികോം മന്ത്രാലയവും സേവനദാതാക്കളും നിരവധി കാര്യങ്ങള്‍ ചെയ്തുകഴിഞ്ഞു”. വിവരസാങ്കേതിക രംഗത്തെ അഞ്ചാംതലമുറ “ബസ്” കയറുന്ന ആദ്യ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുമെന്നാണ് മനോജ് സിന്‍ഹ പറഞ്ഞതിന്റെ ആകെത്തുക. ഇന്റര്‍നെറ്റ് സേവനദാതാവായ എയര്‍ടെല്‍ നടത്തിയ 5ജി പരീക്ഷണം തെളിയിക്കുന്നതും രാജ്യം ആ വഴിയില്‍ തന്നെയാണെന്നാണ്. ഈ പരീക്ഷണത്തില്‍ സെക്കന്‍ഡില്‍ 3 ജിബി ഡാറ്റ വരെ കൈമാറാന്‍ കഴിഞ്ഞെന്നാണ് അവരുടെ അവകാശവാദം. ഏതായാലും 2018 അവസാനത്തോടെയോ അല്ലെങ്കില്‍ 2019 ആദ്യത്തിലോ ഇന്ത്യ അതിവേഗ ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ ഉപയോഗിച്ചുതുടങ്ങുമെന്നതില്‍ സംശയമില്ല.

വിവരസാങ്കേതിക വിദ്യയുടെ വികാസത്തോടു കൂടി മനുഷ്യജീവിതത്തിന് അനിവാര്യമായ ഒരു ഘടകമായി ഇന്റര്‍നെറ്റ് മാറിയിരിക്കുന്നുവെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. വെള്ളവും വായുവും മനുഷ്യജീവിതത്തിന് എത്രമാത്രം ആവശ്യമാണോ അതുപോലെ തന്നെ അത്യാവശ്യ ഘടകമായി ഇന്ന് ഇന്റര്‍നെറ്റ് മാറിയിരിക്കുകയാണ്. വെള്ളമില്ലാതെ ദിവസങ്ങള്‍ മനുഷ്യന് കഴിയാമെങ്കിലും ഇന്റര്‍നെറ്റില്ലാതെ ഒരു ദിനം ചെലവഴിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ആധുനിക മനുഷ്യന്‍. ഒരുദിവസം “ഓഫ്‌ലൈന്‍” ആയാല്‍ മാനസിക വിഭ്രാന്തി വരുന്ന അവസ്ഥയിലാണ് ആധുനിക സമൂഹം.

കഴിഞ്ഞ മാസം കൊറിയയില്‍നടന്ന വിന്റര്‍ ഒളിമ്പിക്‌സോടു കൂടി 5ജി ഉദ്ഘാടനം ചെയ്യപ്പെടുന്ന ആദ്യരാജ്യമായി ദക്ഷിണകൊറിയ മാറിക്കഴിഞ്ഞു. ഖത്വറും 5ജി സാങ്കേതികവിദ്യ പൂര്‍ത്തീകരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ്. ലോകത്ത് മൊബൈല്‍ ഡാറ്റ ഉപയോഗത്തില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് 5ജി സാങ്കേതികവിദ്യ കൈവരിക്കുക എന്നതുമാത്രമല്ല ലക്ഷ്യം. തങ്ങളുടെ സാങ്കേതികവിദ്യ മറ്റു ള്ളവര്‍ക്ക് വില്‍പ്പന നടത്തുകവഴി സാമ്പത്തികനേട്ടവും രാജ്യം പ്രതീക്ഷിക്കുന്നുണ്ട്. ലോകത്ത് ഏറ്റവും കുറഞ്ഞ 4ജി വേഗമുള്ള രാജ്യമാണ് നമ്മുടേത്. എന്നാല്‍ 5ജി നടപ്പാക്കുന്നതോടെ രാജ്യത്തെ ഇന്റര്‍നെറ്റിന്റെ വേഗം സെക്കന്‍ഡില്‍ ഒരു ജിബി മുതല്‍ പത്ത് ജിബി വരെ എന്ന നിലയിലേക്ക് ഉയരുമെന്നാണ് കരുതപ്പെടുന്നത്. ഈ ഉയര്‍ന്ന വേഗത്തിലുള്ള ഇന്റര്‍നെറ്റ് ആട്ടോമാറ്റിക് കാറുകളുടെയും റോബോട്ടിക് സര്‍ജറികളുടെയും ഉപയോഗം വര്‍ധിപ്പിക്കും. എന്നാല്‍ 5ജിയില്‍ വേഗം വര്‍ധിക്കുമെങ്കിലും കവറേജ് ഏരിയ കുറയുമെന്നാണ് കരുതുന്നത്.

എം2 എം സിം

5ജി നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ 13 അക്കമാക്കുന്നു എന്ന വാര്‍ത്ത ചില തെറ്റിദ്ധാരണകള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍ എം2എം (മെഷീന്‍ ടു മെഷീന്‍) കണക്ഷനുകള്‍ മാത്രമാണ് 13 അക്കത്തിലേക്ക് മാറുന്നത്. ഇന്റര്‍നെറ്റ് വേഗം വര്‍ധിക്കുന്നതോടെ രാജ്യത്ത് ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സിന്റെ ഉപയോഗം പതിന്മടങ്ങ് വര്‍ധിക്കുമെന്നതാണ് ഇത്തരമൊരു മാറ്റത്തിന് ടെലികോം മന്ത്രാലയത്തെ പ്രേരിപ്പിക്കുന്നത്. വീടുകളിലെയും സ്ഥാപനങ്ങളിലേയും വിവിധ ഉപകരണങ്ങള്‍ ഇന്റര്‍നെറ്റ് വഴി നിയന്ത്രിക്കപ്പെടുകയാണ് ഐഒടി വഴി ചെയ്യുന്നത്. അപ്പോള്‍ ഇതിനായി കൂടുതല്‍ സിമ്മുകള്‍ ആവശ്യമായിവരും. പത്തക്ക നമ്പറുകള്‍ മതിയാകാത്ത അവസ്ഥയെ മറികടക്കുകയാണ് 13 അക്ക നമ്പറിലേക്കുള്ള മാറ്റംകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരം സിമ്മുകള്‍ക്ക് കവറേജ് പ്രശ്‌നവും ഉണ്ടായിരിക്കുകയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഏത് സേവനദാതാവിന്റെ സിമ്മാണെങ്കിലും കവറേജ് നഷ്ടപ്പെടുന്നപക്ഷം മറ്റ് സേവനദാതാവിന്റെ സിഗ്നല്‍ സ്വീകരിച്ച് ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ഇത്തരത്തിലുള്ള സിമ്മുകള്‍ക്ക് കഴിയും. അതായത് 24 മണിക്കൂറും ഇന്റനെറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ ഇന്റര്‍നെറ്റില്ലാതെ പ്രവര്‍ത്തനരഹിതമാകില്ലെന്നര്‍ഥം.

മൊബൈല്‍ കച്ചവടം

രാജ്യത്ത് ഈയടുത്താണ് 4ജി സേവനം പൂര്‍ണമായി നടപ്പിലാക്കിയതെങ്കിലും 5ജി നടപ്പിലാകുന്നതോടെ നടക്കാന്‍ പോകുന്നത് കോടിക്കണക്കിന് രൂപയുടെ മൊബൈല്‍ ഫോണ്‍ കച്ചവടമായിരിക്കും. നിലവില്‍ 5ജി സേവനം നല്‍കുന്ന സെറ്റുകള്‍ ഇന്ത്യയിലിറങ്ങുന്നില്ല. സമീപഭാവിയില്‍ ഇത്തരം സെറ്റുകളുടെ രംഗപ്രവേശവും വില്‍പ്പനയും നടക്കും. 2019 പകുതിയോടെ തന്നെ ലോകവ്യാപകമായി 5ജി സെറ്റുകള്‍ ലഭ്യമാകും.

വേഗം വര്‍ധിക്കും, പക്ഷേ

5ജി വരുന്നതോടുകൂടി മൊബൈല്‍ ഇന്റര്‍നെറ്റിന്റെ വേഗം വര്‍ധിക്കുമെന്ന് പറയുമ്പോള്‍ തന്നെ പ്രായോഗിക തലത്തില്‍ ഇത് എത്രമാത്രം പൂര്‍ത്തീകരിക്കപ്പെടുമെന്നത് കണ്ട് തന്നെ അറിയണം. കാരണം നിലവില്‍ രാജ്യത്ത് 4ജിയുടെ ഔദ്യോഗിക വേഗം ആറ് എം ബി പി എസ് ആണ്. എന്നാല്‍ ഈ വേഗം ആര്‍ക്കും ലഭിക്കാറില്ലെന്ന് മാത്രമല്ല ചിലപ്പോഴൊക്കെ മൊബൈല്‍ ഇന്റര്‍നെറ്റിന്റെ വേഗം 3ജിയിലും 2ജിയിലുമൊക്കെയാണ്. എന്നാല്‍ അംബാനിയുടെ ജിയോയുടെ വരവോടുകൂടി ഇതിന് ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. വിപണി പിടിക്കാനുള്ള ജിയോയുടെ ഓഫര്‍ പെരുമഴകള്‍ പലപ്പോഴും മറ്റ് സേവനദാതാക്കളെയും മികച്ച സേവനം നല്‍കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടെന്നത് സത്യമാണ്. ഇതുവഴി രാജ്യത്ത് ഇന്റര്‍നെറ്റിനായി ചെലവഴിക്കുന്ന തുക കുറഞ്ഞിട്ടുണ്ടെങ്കിലും ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. എന്നുമാത്രമല്ല ഇന്റര്‍നെറ്റ് എന്നത് ഒഴിച്ചുകൂടാനാകാത്തതാക്കി മാറ്റിയിട്ടുമുണ്ട്. 5ജി എത്തുന്നതോടുകൂടി ഉപയോഗത്തിന്റെ പരിധി ഇനിയും വര്‍ധിക്കുകയും ചെയ്യും. സെക്കന്‍ഡില്‍ 1 ജിബി എന്ന വേഗം വീഡിയോകളില്‍ സ്പര്‍ശിക്കുമ്പോഴേക്കും ഡൗണ്‍ലോഡ് പൂര്‍ത്തീകരിക്കും എന്ന അവസ്ഥയുണ്ടാക്കും. ഇനി അഞ്ചാം തലമുറ ഇന്റര്‍നെറ്റ് സേവനം രാജ്യത്ത് വേഗത്തില്‍ നടപ്പിലാക്കുന്നതും അംബാനിയുടെ ജിയോ തന്നെയായിരിക്കും. വളരെ ചെറിയ സോഫ്റ്റ്‌വെയര്‍ മാറ്റംകൊണ്ട് അവര്‍ക്കത് സാധ്യമാണ്. എന്നാല്‍ മറ്റ് സേവനദാതാക്കള്‍ക്ക് 5ജി സേവനം പൂര്‍ത്തീകരിക്കാന്‍ കുറച്ച് കാലതാമസം വന്നേക്കും.
ഏതായാലും 2018 പോലെയായിരിക്കില്ല 2019ഉം 2020 എന്ന് നമുക്ക് മനസ്സിലാക്കാം. വിവര വിനിമയ സാങ്കേതികരംഗത്ത് 5ജി സൃഷ്ടിക്കുന്ന വിപ്ലവം നമുക്ക് മുന്‍കൂട്ടി പ്രവചിക്കുക സാധ്യമല്ല. നാളെയുടെ ടെക്‌നോളജികള്‍ എന്ന് വിശേഷിപ്പിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സി(കൃത്രിമ ബുദ്ധി)ന്റെയും ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സിന്റെയും അതിവിശാലമായ ലോകമായിരിക്കും അടുത്തവര്‍ഷങ്ങള്‍ നമുക്ക് മുമ്പില്‍ തുറന്നിടുക. ഐ ടി മേഖലയില്‍ മാത്രമല്ല ആരോഗ്യരംഗത്തും ഓഫീസ്- ഭരണ സംവിധാനങ്ങളിലും മാറ്റങ്ങള്‍ക്ക് 5ജിയുടെ വരവ് കാരണമാകും. തിരക്കേറുന്ന ആധുനിക മനുഷ്യന്റെ ജീവിതത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്നതില്‍ 5ജി മാറ്റങ്ങള്‍ വരുത്തുമെന്നതില്‍ സംശയമില്ല.

4ജിയിലേക്കാള്‍ പത്ത് മടങ്ങ്

1980ലാണ് ഫസ്റ്റ് ജനറേഷന്‍ സാങ്കേതികവിദ്യ മൊബൈല്‍ ഫോണുകളില്‍ ഉപയോഗിച്ചു തുടങ്ങിയത്. അതിനെത്തുടര്‍ന്ന് വന്ന 2ജി കൂടുതല്‍ സൗകര്യം നല്‍കിയതോടൊപ്പം ടെക്സ്റ്റ് മെസേജുകള്‍ അയക്കാനും പര്യാപ്തമായിരുന്നു. 3ജി വരവ് സ്മാര്‍ട്ട് ഫോണ്‍ എന്നതിലേക്കും അവിടെനിന്ന് 4ജിയിലെത്തിയപ്പോള്‍ ഫോണുകള്‍ തമ്മില്‍ അതിവേഗ വിവരവിനിമയവും സാധ്യമാക്കി. മികച്ച ഗുണമേന്മയുള്ള ലൈവ് സ്ട്രീമിംഗും 4ജി പ്രധാനം ചെയ്തു.

5ജിയിലെത്തുമ്പോള്‍ സെക്കന്‍ഡുകള്‍ കൊണ്ട് 1 ജിബി മുതല്‍ 10 ജി ബി വരെയുള്ള വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം ലഭിക്കും. ഇത് 4ജിയിലേക്കാള്‍ പത്ത് മടങ്ങ് വരും. 4ജിയില്‍ പത്ത് മിനുട്ട് എടുത്ത് ചെയ്യാവുന്നത് 5ജിയിലേതിനെക്കെത്തുമ്പോള്‍ സെക്കന്‍ഡുകള്‍ മതിയാകും. അതുപോലെ തന്നെ ഉപകരണങ്ങള്‍ തമ്മിലുള്ള ഡാറ്റാ കൈമാറ്റത്തില്‍ വരുന്ന കാലതാമസം (ലേറ്റന്‍സി) ആയിരത്തില്‍ ഒന്നായി കുറയും. 5ജി നെറ്റ്‌വര്‍ക്കിനോട് ഘടിപ്പിക്കാവുന്ന ഉപകരണങ്ങളുടെ എണ്ണം ഗണ്യമായി വര്‍ധിക്കും.

---- facebook comment plugin here -----

Latest