ബംഗ്ലാദേശ് – ഇന്ത്യ ഫൈനല്‍

Posted on: March 16, 2018 11:57 pm | Last updated: March 17, 2018 at 9:54 am
SHARE

കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര പരമ്പരയില്‍ ശ്രീലങ്കയെ രണ്ടു വിക്കറ്റിന് തോല്‍പ്പിച്ച് ബംഗ്ലാദേശ് ഫൈനലില്‍ പ്രവേശിച്ചു. ഫൈനലില്‍ ഇന്ത്യയും ബംഗ്ലാദേശും നേര്‍ക്കുനേര്‍.

അവസാന പൂള്‍ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്ക ഏഴു വിക്കറ്റിന് 159 റണ്‍സാണ് നേടിയത്. കുശാല്‍ പെരേര (61), തിസാര പെരേര (58) എന്നിവരാണ് ലങ്കയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. മറുപടി ബാറ്റിങില്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണെങ്കിലും ഒരു പന്ത് ബാക്കിനില്‍ക്കെ എട്ടു വിക്കറ്റിന് ബംഗ്ലാദേശ് ജയം പൊരുതി നേടി. 42 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 50 റണ്‍സെടുത്ത ഓപ്പണര്‍ തമീം ഇഖ്ബാലാണ് ബംഗ്ലാദേശിന്റെ ടോപ്‌സ്‌കോറര്‍. ക്രീസിന്റെ മറുഭാഗത്ത് വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നപ്പോഴും ഒരറ്റം കാത്തു സൂക്ഷിച്ച മഹമ്മൂദുള്ളയുടെ പ്രകടനം ശ്രദ്ധേയമായി. വെറും 18 പന്തില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം പുറത്താവാതെ 43 റണ്‍സാണ് താരം നേടിയത്. നേരത്തേ 40 പന്തില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമടക്കാണ് 61 റണ്‍സോടെ കുശാല്‍ ലങ്കയുടെ ടോപ്‌സ്‌കോററായത്. 37 പന്തില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറുമടക്കമാണ് പെരേര 58 റണ്‍സ് അടിച്ചെടുത്തത്.

പരിക്കുമൂലം നേരത്തേ പരമ്പരയില്‍ നിന്നും പിന്‍മാറിയിരുന്ന സ്റ്റാര്‍ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായ ഷാക്വിബ് അല്‍ ഹസന്‍ ഈ മല്‍സരത്തിലൂടെ ബംഗ്ലാ നിരയില്‍ തിരിച്ചെത്തി.

രണ്ടോവര്‍ ബൗള്‍ ചെയ്ത ഷാക്കിബ് ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. രണ്ടു വിക്കറ്റെടുത്ത മുസ്തഫിസുര്‍ റഹമാനാണ് ബംഗ്ലാ ബൗളിംഗില്‍ മിന്നിയത്.