എക്‌സ്‌പോ 2020; തസ്തികകളില്‍ അപേക്ഷിക്കാന്‍ പുതിയ പോര്‍ട്ടല്‍

Posted on: March 16, 2018 9:43 pm | Last updated: March 16, 2018 at 9:43 pm

ദുബൈ: എക്‌സ്‌പോ 2020 ടീമില്‍ വിവിധ തസ്തികകളെക്കുറിച്ച് അറിയാനും അപേക്ഷിക്കാനും അധികൃതര്‍ പുതിയ പോര്‍ട്ടല്‍ ആരംഭിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി (ഐ സി ടി), മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഡിസൈന്‍, ഓപ്പറേഷന്‍സ്, ലീഗല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ എന്നീ മേഖലകളിലാണ് അവസരങ്ങള്‍.

57 രാജ്യങ്ങളില്‍നിന്നുള്ള 850 പേരാണു നിലവില്‍ എക്‌സ്‌പോ ടീമില്‍ ഉള്ളത്. കണ്‍സല്‍റ്റന്റുമാരും മറ്റുമാണ് ബാക്കിയുള്ളവര്‍. 454 സ്ഥിരം ജീവനക്കാരെയും നേരിട്ടു നിയമിക്കുകയായിരുന്നു. ഇതില്‍ 129 പേരും 30 വയസ്സില്‍ താഴെയുള്ളവരാണ്. യോഗ്യതയ്ക്കനുസരിച്ചുള്ള അവസരം നിലവില്‍ ഇല്ലെങ്കിലും റജിസ്റ്റര്‍ ചെയ്യാമെന്ന് എക്‌സ്‌പോ ഹ്യൂമന്‍ റിസോഴ്‌സസ് ഡയറക്ടര്‍ റീത പൈന്റഡോ പറഞ്ഞു.

ഭാവിയില്‍ ഉണ്ടാകുന്ന അവസരങ്ങളില്‍ ഇവരെ പരിഗണിക്കും. എക്‌സ്‌പോയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ വലിയൊരു ടീമിനെ ആവശ്യമുണ്ട്. 2020 ഒക്ടോബര്‍ മുതല്‍ 2021 ഏപ്രില്‍വരെ നടക്കുന്ന വേള്‍ഡ് എക്‌സ്‌പോയില്‍ രണ്ടരക്കോടി സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നു. ഇതില്‍ 70 ശതമാനവും രാജ്യത്തിനു പുറത്തുനിന്നുള്ളവരായിരിക്കും. അപേക്ഷിക്കാന്‍ വെബ്‌സൈറ്റ്: https://careers.expo2020dubai.com/