മലമുകളില്‍ പാമ്പുകടിയേറ്റയാളെ എയര്‍വിംഗ് രക്ഷിച്ചു

Posted on: March 16, 2018 9:36 pm | Last updated: March 16, 2018 at 9:36 pm

റാസ് അല്‍ ഖൈമ: മലമുകളില്‍ വെച്ച് പാമ്പുകടിയേറ്റ ഏഷ്യക്കാരനെ റാസ് അല്‍ ഖൈമ പോലീസ് എയര്‍ വിംഗും ആംബുലന്‍സും ചേര്‍ന്ന് രക്ഷിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവമെന്ന് എയര്‍വിംഗ് കമാന്‍ഡര്‍ സഈദ് റാശിദ് അല്‍ യമഹി പറഞ്ഞു. അഞ്ച് മണിയോടെ മലമുകളിലെത്തിയ വ്യോമ വിഭാഗം പരുക്കേറ്റയാളെ ഇബ്‌റാഹീം ബിന്‍ ഹമദ് ഉബൈദുല്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലമുകളില്‍നിന്ന് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷമാണ് ആശുപത്രിയിലെത്തിച്ചത്.

പര്‍വതങ്ങളിലേക്കെത്തുന്നവര്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകളെടുക്കണമെന്ന് നിരന്തരം അധികൃതര്‍ ആവശ്യപ്പെടുന്നുണ്ട്. പര്‍വതാരോഹകര്‍ മൊബൈല്‍ ഫോണോ സാറ്റലൈറ്റ് ഫോണോ കൈവശം വെക്കണമെന്നും റാക് പോലീസ് ആംബുലന്‍സ് ആന്‍ഡ് റെസ്‌ക്യൂ വിഭാഗം മേധാവി മേജര്‍ താരീഖ് അല്‍ ഷര്‍ഹാന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഉഗ്രവിഷമുള്ള അപൂര്‍വയിനം അറേബ്യന്‍ ക്യാറ്റ് സ്‌നേക്കിനെ യു എ ഇയുടെ കിഴക്കന്‍ മേഖലകളില്‍ കണ്ടെത്തിയിരുന്നു.