വ്യാജ സര്‍ട്ടിഫിക്കറ്റ്; നിരവധി പേര്‍ വിചാരണ നേരിടുന്നു

Posted on: March 16, 2018 9:30 pm | Last updated: March 16, 2018 at 9:30 pm

അബുദാബി: ജോലിയില്‍ പ്രവേശിക്കുന്നതിന് വ്യാജ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി അബുദാബിയില്‍ റസിഡന്റ്സ് വിസക്ക് ശ്രമിച്ചര്‍ വിചാരണ നേരിടുന്നു.

വൈദ്യപരിശോധനക്ക് വിധേയരാകാതെ വ്യാജ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസില്‍ 82 തൊഴിലാളികളാണ് വിചാരണ നേരിടുന്നത്. 76 പുരുഷന്മാരും ആറു സ്ത്രീകളും, 2,000 ദിര്‍ഹം ഈടാക്കി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതിന് ഏജന്റുമാരും ബ്രോക്കര്‍മാരുമുള്‍പ്പെടെയുള്ള പ്രതികള്‍ വ്യാജ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചുവെന്നാണ് അബുദാബി ക്രിമിനല്‍ കോടതിയുടെ കണ്ടെത്തല്‍.

രോഗ ബാധിതരായ ആളുകളില്‍ നിന്ന് മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് 1200 മുതല്‍ 2000 ദിര്‍ഹംവരെയാണ് ഏജന്റുമാരും ബ്രോക്കര്‍മാരും ഈടാക്കുന്നത്. മെഡിക്കല്‍ ഫിറ്റ്നസ് സെന്ററുകളുടെ സ്റ്റാമ്പടിച്ച് വ്യാജ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് തൊഴിലാളികള്‍ക്ക് വിറ്റഴിച്ചതാണ് ഇവര്‍ക്കെതിരെയുള്ള കേസ്. എമിറേറ്റ് ഐഡന്റിറ്റി അതോറിറ്റിയിലെ ജീവനക്കാരനാണ് ഏഷ്യന്‍ വനിത സമര്‍പിച്ച മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് സംശയിക്കുന്നതായി കണ്ടെത്തിയതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. തുടര്‍ അന്വേഷത്തിലും പരിശോധനകളിലുമാണ് സമര്‍പ്പിച്ച ഒട്ടേറെ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് ബോധ്യമായത്. ഫിറ്റ്നസ് ടെസ്റ്റുകളില്‍ ആദ്യം പരാജയപ്പെട്ട ചില തൊഴിലാളികള്‍ വ്യാജ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ അധികാരികള്‍ക്ക് സമര്‍പ്പിച്ചതായും പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. പുതിയ എമിറേറ്റ് ഐഡി ഉണ്ടാക്കുന്നതിനും തൊഴില്‍ വീസ പാസ്പോര്‍ട്ടില്‍ അടിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുമാണ് വ്യാജ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ പ്രതികള്‍ സമര്‍പിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.