ബി ജെ പിക്കെതിരെ ആഞ്ഞടിച്ച് ശിവസേന

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 110 സീറ്റുകള്‍ കുറയുമെന്നും ഒരു ചാണക്യനും ബി ജെ പിയെ രക്ഷിക്കാനെത്തില്ലെന്നും സഖ്യകക്ഷിയായ ശിവസേന
Posted on: March 16, 2018 6:46 pm | Last updated: March 17, 2018 at 10:42 am
SHARE

മുംബൈ: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് 100 മുതല്‍ 110 സീറ്റുകളുടെ കുറവുണ്ടാകുമെന്ന് ശിവസേന. കൂട്ടുകാരെ ഉപേക്ഷിച്ചു മുന്നോട്ടു പോകുന്നവരെയും നുണകള്‍ പറഞ്ഞ് യാത്രക്ക് വഴി തിരഞ്ഞെടുക്കുന്നവരെയും കാത്തിരിക്കുന്നതു നഷ്ടങ്ങള്‍ മാത്രമാണ്. അങ്ങനെ വീഴ്ച സംഭവിക്കുമ്പോള്‍ ഒരു ‘ചാണക്യനും’ ബിജെപിയെ രക്ഷിക്കാനാകില്ലെന്നും പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ ശിവസേന ആഞ്ഞടിച്ചു.

ചെറിയ സംസ്ഥാനമായ ത്രിപുരയിലെ വിജയം ആഘോഷിക്കുമ്പോഴും ശക്തികേന്ദ്രങ്ങളായ ഗൊരഖ്പൂരിലെയും ഫുല്‍പൂരിലെയും തോല്‍വി ബി ജെ പിയെ അസ്വസ്ഥരാക്കുന്നുണ്ടെന്നും ശിവസനേ ആരോപിച്ചു. അഹങ്കാരവും ധാര്‍ഷ്ട്യവും നിറഞ്ഞ ഭരണത്തിനുള്ള മറുപടിയാണു ബി ജെ പിക്ക് ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ലഭിച്ചതെന്നും ശിവസേന സാമ്‌നയില്‍ വ്യക്തമാക്കി. ബിജെപിയില്‍നിന്ന് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നാരോപിച്ച് ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി എന്‍ഡിഎ സഖ്യം വിട്ടുപോയ ദിവസം തന്നെയാണ് ‘സാമ്‌ന’യിലെ ലേഖനം.

പാര്‍ലമെന്റില്‍ ടിഡിപി അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നല്‍കിയ സാഹചര്യത്തില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ പിന്തുണ ഉറപ്പാക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ ബി ജെ പി കേന്ദ്ര നേതൃത്വം ചുമതലപ്പെടുത്തിയിരിക്കുകയാണ്. ശിവസേന നേതാവും കേന്ദ്രമന്ത്രിയുമായ അനന്ത് ഗീഥെയുമായി മുംബൈയില്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ചയും പൂര്‍ത്തിയാക്കി.

ബി ജെ പിക്ക് ശിവസേന പിന്തുണ ഉറപ്പു നല്‍കിയിട്ടുണ്ടെന്നാണു സൂചന. അതേസമയം തന്നെ മുന്നണി വിട്ടതില്‍ ടി ഡി പിയെ പ്രശംസിച്ചിട്ടുമുണ്ട്. ഇതോടൊപ്പമാണ് സുഹൃത്തുക്കളെ മറന്നു മുന്നോട്ടു പോയാല്‍ നാശമായിരിക്കും ഫലമെന്ന സാമ്‌നയിലെ ലേഖനം.