Connect with us

National

അവിശ്വാസ പ്രമേയം പരിഗണിച്ചില്ല; ലോക്‌സഭ പിരിഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് തെലുഗുദേശം പാര്‍ട്ടിയും വൈ എസ് ആര്‍ കോണ്‍ഗ്രസും കേന്ദ്ര സര്‍ക്കാറിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസ് ലോക്‌സഭാ സ്പീക്കര്‍ പരിഗണിച്ചില്ല. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വിവിധ പാര്‍ട്ടികളുടെ ബഹളത്തിനിടയില്‍ നോട്ടീസ് പരിഗണിക്കാനാകില്ലെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു. ഇതോടെ തുടര്‍ച്ചയായി പത്താം ദിവസവും പാര്‍ലിമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു. നാല് വര്‍ഷത്തെ എന്‍ ഡി എ ഭരണത്തിനിടയില്‍ ആദ്യമായാണ് അവിശ്വാസ പ്രമേയം വരുന്നത്. ആന്ധ്രയില്‍ നിന്നുള്ള വൈ എസ് ആര്‍ കോണ്‍ഗ്രസ് നേരത്തെ തന്നെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെ പിന്തുണക്കുമെന്നായിരുന്നു വ്യാഴാഴ്ച രാത്രി വരെ ടി ഡി പി നേതാക്കള്‍ അറിയിച്ചിരുന്നത്.

എന്നാല്‍, ഇന്നലെ രാവിലെ നടന്ന പാര്‍ട്ടി പോളിറ്റ് ബ്യൂറോ യോഗത്തിലാണ് സ്വന്തമായി അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പാര്‍ട്ടി പ്രസിഡന്റ് ചന്ദ്രബാബു നായിഡു തീരുമാനിച്ചത്. ആന്ധ്രയില്‍ ടി ഡി പിയുടെ മുഖ്യ എതിരാളിയായ വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെ അവിശ്വാസത്തെ പിന്തുണക്കുന്നതിന് പകരം സ്വന്തമായി പ്രമേയം അവതരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് പാര്‍ട്ടിയുടെ ഉന്നത സമിതി തീരുമാനിച്ചത്.
ടി ഡി പിയുടെ ടി നരസിംഹം, വൈ എസ് ആര്‍ കോണ്‍ഗ്രസിലെ വൈ വി സുബ്ബ റെഡ്ഢി എന്നിവര്‍ അവിശ്വാസ പ്രമേയത്തിന് കത്ത് നല്‍കിയിട്ടുണ്ട്. പ്രമേയം തിങ്കളാഴ്ച പരിഗണിക്കണമെന്നാണ് നരസിംഹം സ്പീക്കര്‍ സുമിത്രാ മഹാജന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടത്. റെഡ്ഢി നല്‍കിയ അവിശ്വാസ പ്രമേയം ഇന്നലെ പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് നരസിംഹം തിങ്കളാഴ്ചത്തേക്ക് പ്രമേയം പരിഗണിക്കാന്‍ കത്ത് നല്‍കിയത്.

കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സി പി എം തുടങ്ങിയ കക്ഷികള്‍ അവിശ്വാസ പ്രമേയത്തെ പിന്തുണക്കുമെന്ന് അറിയിച്ചു. മുസ്‌ലിം ലീഗ്, എ എ പി എന്നീ കക്ഷികളും ടി ഡി പിയുടെ പ്രമേയത്തെ പിന്തുണച്ചേക്കും.

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ ടി ആര്‍ എസ്, എ ഐ എ ഡി എം കെ എന്നീ കക്ഷികള്‍ കേന്ദ്ര സര്‍ക്കാറിനൊപ്പം നില്‍ക്കും. ബി ജെ പിയുമായി ഇടഞ്ഞുനില്‍ക്കുന്ന ശിവസേന നിലപാട് പരസ്യമാക്കിയിട്ടില്ല.