മുരളീധരന്റെ രാജ്യസഭാ സീറ്റ്: ബി ജെ പിയില്‍ ആഭ്യന്തര പ്രശ്‌നം രൂക്ഷം

Posted on: March 16, 2018 9:47 am | Last updated: March 16, 2018 at 11:09 am
SHARE

കണ്ണൂര്‍: തുഷാര്‍ വെള്ളാപ്പള്ളിയുടെ പേര് ഉപയോഗിച്ച് വി മുരളീധരന്‍ രാജ്യസഭാംഗമാകുന്നത് തടയാന്‍ ബി ജെ പിയിലെ ഒരു വിഭാഗം നടത്തിയ ശ്രമങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത പ്രതിസന്ധിക്കും വിഭാഗീയതക്കുമിടയാക്കുന്നു. മുന്‍സംസ്ഥാന പ്രസിഡന്റായ വി മുരളീധരനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ ദേശീയ നേതൃത്വം തീരുമാനിച്ചതിന് പിന്നാലെ ചെങ്ങന്നൂരില്‍ ബി ജെ പിയെ പിന്തുണക്കില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കുകയും കൂടി ചെയ്തതോടെയാണ് പ്രതിസന്ധി ഇരട്ടിച്ചത്.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടാകുന്ന ഏത് തിരിച്ചടിക്കും സംസ്ഥാന നേതൃത്വത്തിലെ ചില നേതാക്കള്‍ മറുപടി പറയേണ്ടി വരുമെന്ന് മുരളീധരനെ അനുകൂലിക്കുന്നവര്‍ പറയുന്നു. ചരടുവലി സംബന്ധിച്ച് വിശദമായ പരാതി മുരളീധരന്‍ വിഭാഗം ദേശീയ നേതൃത്വത്തിന് മുന്നില്‍ എത്തിക്കാനൊരുങ്ങുകയാണ്. മുരളീധരനെ വെട്ടാനായി തുഷാര്‍ വെള്ളാപ്പള്ളി രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന വാര്‍ത്ത പ്രചരിപ്പിച്ചതിന് പിന്നില്‍ പി കെ കൃഷ്ണദാസ്, എം ടി രമേശ് പക്ഷമാണെന്ന് മറുവിഭാഗം ആരോപിക്കുന്നു. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ മൗന അനുവാദവും ഇവര്‍ക്ക് ലഭിച്ചതായാണ് ആരോപണം. കുറച്ചു കാലം മുമ്പ് തിരുവനന്തപുരത്ത് നിന്നാണ് ഒരു ചാനലില്‍ തുഷാര്‍ മത്സരിക്കുമെന്ന വാര്‍ത്ത ആദ്യമായി വന്നത്. അത് ഫലിക്കാതെ പോയതോടെ മറ്റൊരു ചാനലിലൂടെ കോഴിക്കോട് നിന്ന് വാര്‍ത്ത കൊടുപ്പിക്കുകയായിരുന്നു. സംഘപരിവാര്‍ അനുകൂലികളായ മാധ്യമ പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തിയായിരുന്നു ഇവര്‍ ഇത്തരമൊരു വാര്‍ത്ത പ്രചരിപ്പിച്ചതെന്ന് മുരളീധര വിഭാഗം പറയുന്നു.

സീറ്റ് ലഭിക്കുമെന്ന വിശ്വാസം തുഷാറില്‍ ഉണ്ടാക്കിയെടുത്താല്‍, സീറ്റ് കിട്ടാതെ വരുമ്പോള്‍ ബി ഡി ജെ എസ് ഇടയാന്‍ സാധ്യത ഉണ്ട്. അത് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് തിരിച്ചടിയാകുന്ന ഘട്ടം ഉണ്ടാവുമ്പോള്‍ വി മുരളീധരനെ മാറ്റി തുഷാറിന് തന്നെ സീറ്റ് നല്‍കുമെന്നായിരുന്നു ഇവരുടെ കണക്കു കൂട്ടല്‍. ഔദ്യോഗിക സംഘ്പരിവാര്‍ ഭാരവാഹികള്‍ തന്നെ ഈ വാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ബി ജെ പിയുടെ ചാനലായ ജനവും ഇത്തരത്തിലൊരു വാര്‍ത്ത നല്‍കുകയും ചെയ്തിരുന്നു. ഇതില്‍ നിന്ന് തന്നെ ഒരു വിഭാഗം നേതാക്കളുടെ താത്പര്യം വ്യക്തമായിരുന്നു.
എന്നാല്‍, പാര്‍ട്ടി ദേശീയ നേതൃത്വം മുരളീധരനെ തന്നെ തിരഞ്ഞെടുക്കുകയും രാജ്യസഭാ സീറ്റിന്റെ പേരില്‍ ബി ജെ പിയിലെ ചിലര്‍ തന്നെയും പാര്‍ട്ടിയെയും അധിക്ഷേപിച്ചുവെന്ന് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കുകയും ചെയ്തതോടെയാണ് പ്രതിസന്ധിക്ക് തീവ്രത വര്‍ധിച്ചത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി സഹകരിക്കില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയതോടെ പയറ്റിയ തന്ത്രങ്ങള്‍ ബി ജെ പിയിലെ ഒരു വിഭാഗത്തിന് കുരുക്കാവുകയും തമ്മിലടി രൂക്ഷമാകാന്‍ സാധ്യതയേറുകയും ചെയ്തിരിക്കുകയാണ്. കോഴിക്കോട് നിന്നാണ് ഇത്തരത്തിലൊരു വാര്‍ത്ത വന്നതെന്നും ബി ജെ പിയിലെ ഒരു വിഭാഗവും ചില മാധ്യമ പ്രവര്‍ത്തകരുമാണ് വാര്‍ത്തയുടെ പിന്നില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

വി മുരളീധരന്റെ നേട്ടത്തില്‍ മുതിര്‍ന്ന നേതാക്കളായ പി കെ കൃഷ്ണദാസും എം ടി രമേശും ഇതുവരെ അഭിനന്ദനം അറിയിച്ചിട്ടില്ല. കുമ്മനം രാജശേഖരനാവട്ടെ ഫേസ്ബുക്കില്‍ ബി ജെ പി കേരളം എന്ന പേജില്‍ വന്ന വി മുരളീധരന്‍ രാജ്യസഭയിലേക്ക് എന്ന വാര്‍ത്ത ഷെയര്‍ ചെയ്യുക മാത്രമാണ് ഉണ്ടായത്. മുതിര്‍ന്ന നേതാക്കളുടെ നിശബ്ദത പാര്‍ട്ടി അണികളില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സംസ്ഥാനത്ത് പാര്‍ട്ടിക്കുണ്ടാവുന്ന ചെറിയ നേട്ടങ്ങള്‍ക്ക് പോലും അഭിവാദ്യം അര്‍പ്പിച്ച് പോസ്റ്റ് ചെയ്യാറുള്ള നേതാക്കള്‍ മുതിര്‍ന്ന നേതാവിന് ഇതുപോലൊരു നേട്ടമുണ്ടായതിനെ അവഗണിച്ചത് ശരിയായില്ലെന്ന അഭിപ്രായമാണ് ഭൂരിപക്ഷത്തിനും.
മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ വി മുരളീധരന് സ്വീകരണം നല്‍കാനും തിരുവനന്തപുരത്ത് ഉണ്ടായിട്ടും കുമ്മനം പോയില്ല. ബി ജെ പി സംസ്ഥാന കാര്യാലയത്തിലെത്തുമ്പോള്‍ സ്വീകരിക്കാമെന്ന നിലപാടിലായിരുന്നു അദ്ദേഹം. തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ നേതൃത്വത്തിലെത്തിയാണ് സ്വീകരണം നല്‍കിയത്.
ബി ജെ പിയിലെ ഗ്രൂപ്പിലാക്കാതാക്കാനാണ് കുമ്മനെത്തെ ദേശീയ നേതൃത്വം കൊണ്ടുവന്നത്. എന്നാല്‍ അദ്ദേഹം തന്നെ ഒരു ഗ്രൂപ്പിന്റെ ഭാഗമായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതായാണ് മറുവിഭാഗം ആരോപിക്കുന്നത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് കഴിയുന്നതോടെ ദേശീയ നേതൃത്വം പ്രശ്‌നത്തില്‍ ഇടപെടുമെന്നാണ് മുരളീധര വിഭാഗം കണക്ക് കൂട്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here