Connect with us

National

തെലുഗുദേശം പാര്‍ട്ടി എന്‍ ഡി എ വിട്ടു

Published

|

Last Updated

അമരാവതി: ബി ജെ പിയെ പ്രതിരോധത്തിലാക്കി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുഗുദേശം പാര്‍ട്ടി (ടി ഡി പി) എന്‍ ഡി എ വിട്ടു. ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കുന്നത് പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ടി ഡി പി തീരുമാനം. ആന്ധ്രക്ക് പ്രത്യേക സംസ്ഥാന പദവി നല്‍കാത്തതിനെ തുടര്‍ന്ന് വൈ എസ് ജഗന്‍മോഹന്‍ റെഡ്ഢിയുടെ നേതൃത്വത്തിലുള്ള വൈ എസ് ആര്‍ കോണ്‍ഗ്രസ് മോദി സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് തെലുഗുദേശം എന്‍ ഡി എ വിട്ടത്.

ഇന്നലെ രാവിലെ അമരാവതിയില്‍ വെച്ച് ടി ഡി പി പ്രസിഡന്റും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു പാര്‍ട്ടി പോളിറ്റ്ബ്യൂറോ അംഗങ്ങളുമായി ടെലികോണ്‍ഫറന്‍സ് വഴി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം അറിയിച്ചത്. കേന്ദ്ര സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയവും ടി ഡി പി സഭയുടെ മേശപ്പുറത്ത് വെച്ചു. ടി ഡി പി തീരുമാനം ലോക്‌സഭയില്‍ കേവല ഭൂരിപക്ഷമുള്ള ബി ജെ പി സര്‍ക്കാറിനെ ബാധിക്കില്ലെങ്കിലും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ സഖ്യ രൂപവത്കരണത്തിന് കാരണമാകും.

ലോക്‌സഭയില്‍ പതിനാറ് എം പിമാരുള്ള ടി ഡി പി ശിവസേനക്ക് ശേഷം എന്‍ ഡി എയിലെ രണ്ടാമത്തെ വലിയ കക്ഷിയായിരുന്നു. പതിനെട്ട് അംഗങ്ങളാണ് ശിവസേനക്കുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ശിവസേന അറിയിച്ചിരുന്നു. എന്‍ ഡി എയില്‍ നിന്ന് ടി ഡി പി പോയാലും ലോക്‌സഭയില്‍ എന്‍ ഡി എക്ക് 315 അംഗങ്ങളുടെ പിന്തുണയുണ്ടാകും. ബി ജെ പിക്ക് 273 അംഗങ്ങളാണുള്ളത്.

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍, ഫൂല്‍പൂര്‍, ബിഹാറിലെ അരാരിയ ലോക്‌സഭാ മണ്ഡലങ്ങളില്‍ ബി ജെ പി പരാജയമേറ്റുവാങ്ങിയതിന് പിന്നാലെയാണ് തെലുഗുദേശം എന്‍ ഡി എ വിട്ടത്. ഇത് ബി ജെ പിയെ കൂടുതല്‍ പ്രതിരോധത്തിലാക്കി. ഈ മാസം എട്ടിന് ടി ഡി പിയുടെ രണ്ട് മന്ത്രിമാര്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചിരുന്നു. വ്യോമയാന മന്ത്രി അശോക് ഗജപതി രാജു, ശാസ്ത്ര, സാങ്കേതിക മന്ത്രി വൈ എസ് ചൗധരി എന്നിവരാണ് രാജിവെച്ചത്. ഇതിന് തൊട്ടുമുമ്പ് ആന്ധ്ര മന്ത്രിസഭയില്‍ നിന്ന് ബി ജെ പി മന്ത്രിമാരായ ശ്രീനിവാസ റാവു, ടി മാണിക്യാല റാവു എന്നിവര്‍ രാജിവെച്ചിരുന്നു. 2014ല്‍ കേന്ദ്രത്തില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇതാദ്യമായാണ് ഒരു കക്ഷി മുന്നണി വിടുന്നത്.

 

---- facebook comment plugin here -----

Latest