Connect with us

Kerala

കുട്ടേട്ടനും ഖാദര്‍ക്കാക്കും കോഴിക്കോടിന്റെ ആദരം

Published

|

Last Updated

ആദരിക്കല്‍ ചടങ്ങ് കലക്ടര്‍ യു വി ജോസ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: “മനഃസംതൃപ്തിയോടെ അവര്‍ക്ക് ചായ നല്‍കുന്നതാണ് എനിക്ക് സന്തോഷം” മുപ്പത് വര്‍ഷത്തിലധികമായി കോഴിക്കോട്ടുകാര്‍ക്ക് ഒരു രൂപക്ക് ചായ നല്‍കുന്ന കുട്ടേട്ടന്റെ (കുട്ടന്‍) അഭിപ്രായം. ലോക ഉപഭോക്തൃ ദിനത്തിന്റെ ഭാഗമായുള്ള ആദരിക്കല്‍ ചടങ്ങിനെത്തിയതായിരുന്നു കുട്ടേട്ടന്‍. തളിയിലെ ചെറിയ മുറി കടയിലാണ് കുട്ടേട്ടന്റെ ചായ കച്ചവടം.
നഗരത്തില്‍ മറ്റിടങ്ങളില്‍ ചായക്ക് പത്ത് രൂപയുള്ളപ്പോഴാണ് ലാഭേച്ഛയില്ലാതെ നല്ല രുചിയുള്ള ചായ ഇത്രയും കുറഞ്ഞ പൈസക്ക് നല്‍കുന്നത്. പണമില്ലെന്ന് പറഞ്ഞെത്തുന്ന ഭിക്ഷക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് ചായയും കടിയും ഫ്രീ. ചായയുടെ കടിക്ക് നാല് രൂപ വാങ്ങേണ്ടി വരുന്നതിന്റെ പരിഭവം അദ്ദേഹം പങ്കുവെച്ചു.

സ്വന്തമായുണ്ടാക്കാത്തതിനാലും പുറത്ത് നിന്ന് വാങ്ങുന്നതിനാലാണ് നാല് രൂപ ഈടാക്കേണ്ടി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ രണ്ട് രൂപയായിരുന്നു വാങ്ങിയിരുന്നത്. സമ്പന്നരെന്നോ താഴെത്തട്ടിലുള്ളവരെന്നോ വ്യത്യാസമില്ലാതെ എല്ലാവരും കുട്ടേട്ടന്റെ ചായ കുടിക്കാന്‍ സ്ഥിരമായെത്താറുണ്ട്. മനംനിറഞ്ഞ് നല്‍കുന്ന ചായയാണ് തന്റെ ഇപ്പോഴത്തെ രാഷ്ട്രീയമെന്ന്, നേരത്തെ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന കുട്ടേട്ടന്‍ പറഞ്ഞു. നാല്‍പ്പതാം വയസ്സിലാണ് അദ്ദേഹം ചായയുടെ ലോകത്തേക്ക് കടന്നത്. കുട്ടേട്ടന്‍, ഈ മേഖലയില്‍ 23 വര്‍ഷമായി.

വളരെ കുറഞ്ഞ നിരക്കില്‍ നഗരത്തിലുള്ളവര്‍ക്ക് ഭക്ഷണം നല്‍കി മാതൃകയായ ഖാദര്‍ക്കാ മെസ്സ് ഉടമ സി എം ഖാദര്‍, 40 വര്‍ഷത്തിലധികമായി മാവൂര്‍ റോഡില്‍ സൈക്കിളില്‍ ചായയും പലഹാരങ്ങളും ഓഫീസുകള്‍ തോറും എത്തിക്കുന്ന എടത്തില്‍ ബാലകൃഷ്ണന്‍, 30 വര്‍ഷമായി വെജിറ്റേറിയന്‍ ഊണും പായസവും മിതമായ നിരക്കില്‍ നല്‍കുന്ന തളി ബ്രാഹ്മിണ്‍സ് മെസ്സ് ഉടമ സി എന്‍ ശാന്തി എന്നിവരെയാണ് കണ്‍സ്യൂമര്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ആദരിച്ചത്.
മാവൂര്‍ റോഡില്‍ കണ്ണങ്കണ്ടിക്ക് പിറകിലായാണ് ഖാദര്‍ക്കാ മെസ്സ്. 25 രൂപക്ക് വയര്‍ നിറയെ ഊണും വെള്ളിയാഴ്ചകളില്‍ 60 രൂപക്ക് ആവശ്യത്തിന് ബിരിയാണിയും നല്‍കിയാണ് സി എം ഖാദര്‍ ശ്രേദ്ധയനായത്. ആവശ്യക്കാര്‍ക്ക് വേണ്ടുവോളം ബിരിയാണി ഉള്‍പ്പെടെയുള്ള ഭക്ഷണങ്ങള്‍ എടുത്തുകഴിക്കാം. പി ജി ക്ക് പഠിക്കുന്ന മകന്‍ മുഹമ്മദ് നാഫിസും ഭാര്യ ആഇശയുമാണ് മെസ്സ് നടത്താന്‍ അദ്ദേഹത്തെ സഹായിക്കുന്നത്. വരുന്നവരുടെ സംതൃപ്തിയാണ് പ്രധാനമെന്ന് നടുവണ്ണൂര്‍ കാവുന്ദറ സ്വദേശിയായ ഖാദര്‍ പറഞ്ഞു. കോഴിക്കോട് പാണ്ട്യാലയില്‍ ജോലി നോക്കിയിരുന്ന ഖാദര്‍ 22 വര്‍ഷം മുമ്പാണ് മെസ്സിലേക്ക് തിരിഞ്ഞത്.

വൈകുന്നേരങ്ങളില്‍ ഒരു ടോണിക് പോലെയാണ് ബാലകൃഷ്‌ണേട്ടന്റെ ചായയെന്ന് 30 വര്‍ഷമായി അദ്ദേഹത്തിന്റെ ചായ സ്ഥിരമായി കുടിക്കുന്ന മാവൂര്‍ റോഡിലെ ബേബി വേള്‍ഡ് റെഡിമെയ്ഡ്‌സിലെ കമാല്‍ പറഞ്ഞു. ഇപ്പോള്‍ എടത്തില്‍ ബാലകൃഷ്ണന് ഈ മേഖലയില്‍ 15ഓളം ശിഷ്യന്മാരുണ്ട്. അസംഘടിതരായ തങ്ങള്‍ക്ക് തൊഴില്‍ കാര്‍ഡെങ്കിലും തരാന്‍ അധികാരികള്‍ തയ്യാറാകണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
ഓഫീസുകളിലേക്ക് ഭക്ഷണം കൊണ്ടുപോയിക്കൊടുത്താണ് സി എന്‍ ശാന്തി തന്റെ തൊഴിലിന് തുടക്കമിട്ടത്. മെസ്സില്‍ അവരെ സഹായിക്കാന്‍ കുടുംബക്കാര്‍ തന്നെയുണ്ട്. നാല് പേരെയും കലക്ടര്‍ യു വി ജോസ് ആദരിച്ചു. നാല് പേരുടെയും സ്ഥിരം ഉപഭോക്താക്കളായ നിരവധി പേര്‍ ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുത്തു. അഡ്വ. എ കെ ജയകുമാര്‍ അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ വി ബാബുരാജ്, കൗണ്‍സിലര്‍ പി കിഷന്‍ചന്ദ്, സി പി ശ്രീകല, സൂര്യ ഗഫൂര്‍, കെ എഫ് ജോര്‍ജ്, കെ എം ബശീര്‍, പി ആര്‍ സുനില്‍ സിംഗ് സംസാരിച്ചു. ജഗത്മയന്‍ ചന്ദ്രപുരി സ്വാഗതം പറഞ്ഞു.

---- facebook comment plugin here -----

Latest