ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ കോണ്‍ഗ്രസ്; പ്ലീനറി സമ്മേളനത്തിന് ഇന്ന് തുടക്കം

Posted on: March 16, 2018 9:03 am | Last updated: March 16, 2018 at 10:22 am

ന്യൂഡല്‍ഹി: അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ 84-ാമത് പ്ലീനറി സമ്മേളനം ഇന്ന് ആരംഭിക്കും. പതിമൂവായിരത്തോളം അംഗങ്ങള്‍ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കും. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ഔദ്യോഗികമായി ചുമതലയേല്‍ക്കുന്ന സമ്മേളനത്തില്‍ അഞ്ച് പ്രമേയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. പ്രമേയങ്ങള്‍ കേന്ദ്രത്തിനും ബി ജെ പിക്കുമെതിരായ കുറ്റപത്രങ്ങളായി മാറും.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും മുന്‍ ധനമന്ത്രി പി ചിദംബരവും ചേര്‍ന്ന് തയ്യാറാക്കിയ സാമ്പത്തിക നയപ്രമേയം, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി തയ്യാറാക്കിയ രാഷ്ട്രീയ പ്രമേയം, ആഗോള വിഷയങ്ങളിലൂന്നിയുള്ള അന്തര്‍ദേശിയ പ്രമേയം, കാര്‍ഷിക – തൊഴില്‍ മേഖലയെ സംബന്ധിച്ച പ്രമേയം തുടങ്ങി നാല് പ്രമേയങ്ങളാണ് പ്ലീനറി സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നത്. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പും പ്ലീനറി സമ്മേളനത്തില്‍ നടക്കും.ഇന്ന് വൈകിട്ട് ആരംഭിക്കുന്ന പ്ലീനറി സമ്മേളനം ഞായറാഴ്ച വരെ നീണ്ടുനില്‍ക്കും.

സമ്മേളന പ്രമേയങ്ങള്‍ക്ക് അംഗീകാരം നല്‍കാനായി സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയിലെ കോണ്‍സ്റ്റിട്യൂഷന്‍ ക്ലബില്‍ സബ്‌ജെക്ട് കമ്മിറ്റി എന്ന നിലയില്‍ പാര്‍ട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേരുന്നുണ്ട്.
നാളെ രാവിലെ ഒമ്പതു മണിക്ക് ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പതാക ഉയര്‍ത്തുന്നതോടെയാണ് സമ്മേളനം ഔദ്യോഗിക നടപടിക്രമങ്ങളിലേക്ക് കടക്കുക. തുടര്‍ന്ന് പ്രമേയങ്ങളിലെ ചര്‍ച്ച’നടക്കും. കോണ്‍ഗ്രസിന്റെ പരമോന്നത ഘടകമായ പ്രവര്‍ത്തക സമിതിയുടെ പുനഃസംഘടന പ്ലീനറി സമ്മേളനത്തില്‍ നടക്കും.

പാര്‍ട്ടി ഭരണഘട അനുസരിച്ച് 25 അംഗ പ്രവര്‍ത്ത സമിതിയില്‍ 13 അംഗങ്ങളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നാമനിര്‍ദേശം ചെയ്യും.അവശേഷിക്കുന്ന 12 അംഗങ്ങളെ കണ്ടെത്താനായി തിരഞ്ഞെപ്പ് നടക്കാനാണ് സാധ്യത. സമ്മേളനത്തില്‍ ഓരോ സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സംസാരിക്കും. 18 നു നാല് മണിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്റെ മറുപടി പ്രസംഗത്തോടെ സമ്മേളനം അവസാനിക്കും.