മെസിക്ക് സെഞ്ച്വറി, ചെല്‍സിക്ക് ഇഞ്ചുറി

Posted on: March 16, 2018 6:21 am | Last updated: March 16, 2018 at 12:26 am

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയും ബയേണ്‍മ്യൂണിക്കും ക്വാര്‍ട്ടര്‍ ഫൈനലില്‍. പ്രീക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ ബാഴ്‌സലോണ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ചെല്‍സിയെ തകര്‍ത്തപ്പോള്‍ ബയേണ്‍ മ്യൂണിക് എവേ മാച്ചില്‍ 3-1ന് ബെസിക്താസിനെയും കീഴടക്കി. ഇരുപാദത്തിലുമായി ബയേണിന്റെ വിജയം 8-1നാണ്. ബാഴ്‌സലോണ ഇരുപാദത്തിലുമായി 4-1നാണ് ചെല്‍സിയെ കീഴടക്കിയത്.
നൗകാംപിലെ മത്സരത്തില്‍ ചെല്‍സി കളിക്കാനിറങ്ങിയത് അട്ടിമറി പ്രതീക്ഷയിലായിരുന്നു. എന്നാല്‍ മൂന്നാം മിനുട്ടില്‍ തന്നെ മെസി മാജിക്കില്‍ ഗോള്‍ വീണു.

ബോക്‌സിലേക്ക് വണ്‍ ടു കളിച്ച് കയറി മെസി വലത് കാല്‍ കൊണ്ട് വലയിലേക്ക് തൊടുത്ത ഷോട്ട് ഗോളിയുടെ കാലുകള്‍ക്കിടയിലൂടെ വലയില്‍ കയറി. മെസിയില്‍ നിന്ന് അങ്ങനെയൊരു ഷോട്ട് ഗോളി കുര്‍ടോയിസ് പ്രതീക്ഷിച്ചില്ല. ഇരുപതാം മിനുട്ടില്‍ ഡെംബെലെ നേടിയ ഗോള്‍ കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. മെസിയുടെ പ്രത്യാക്രമണത്തില്‍ നിന്നാണ് ഗോളിന് വഴിയൊരുങ്ങിയത്. ഡെംബെലെ ബോക്‌സിന് പുറത്ത് വെച്ച് തൊടുത്ത ഗോള്‍ വല തുളച്ചു. അറുപത്തിമൂന്നാം മിനുട്ടില്‍ മെസിയുടെ രണ്ടാം ഗോള്‍. ചാമ്പ്യന്‍സ് ലീഗില്‍ മെസിക്ക് നൂറാം ഗോള്‍.

മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ടോട്ടനം ഹോസ്പര്‍, ചെല്‍സി എന്നിങ്ങനെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമുകളെല്ലാം ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായി.

ബെസിക്താസിന്റെ തട്ടകത്തില്‍ ആദ്യ പകുതിയില്‍ തിയഗോ അല്‍കന്റാരയുടെ ഗോളില്‍ ബയേണ്‍ മുന്നിട്ട് നിന്നു. സെല്‍ഫ് ഗോളില്‍ 2-0ന് മുന്നില്‍. വാഗ്നര്‍ എണ്‍പത്തിമൂന്നാം മിനുട്ടില്‍ മൂന്നാം ഗോള്‍ നേടി. ബെസിക്താസിന്റെ ആശ്വാസ ഗോള്‍ അമ്പത്തൊമ്പതാം മിനുട്ടില്‍ ഡ സൂസ നേടി.

മെസി അതുല്യന്‍ : കോന്റെ

ബാഴ്‌സലോണ: ലയണല്‍ മെസി ബാഴ്‌സലോണയില്‍ തന്നെയാകും കരിയര്‍ അവസാനിപ്പിക്കുകയെന്ന് ചെല്‍സി കോച്ച് അന്റോണിയോ കോന്റെ. അമ്പത് വര്‍ഷത്തിനിടെ മെസിയെ പോലൊരു താരമുണ്ടായിട്ടില്ല.
അങ്ങനെയൊരു പ്രതിഭയെ വിട്ടുകൊടുക്കാന്‍ ബാഴ്‌സലോണ തയ്യാറാകില്ലെന്നും കോന്റെ.

ചെല്‍സിയുടെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ അസ്തമിച്ചത് മെസിയുടെ മാന്ത്രിക പ്രകടനത്തിന് മുന്നിലായിരുന്നു. മെസി ഇരട്ട ഗോളുകള്‍ നേടി ചാമ്പ്യന്‍സ് ലീഗില്‍ നൂറ് ഗോളുകള്‍ പൂര്‍ത്തിയാക്കി.
മെസിയെ മറ്റൊരു താരവുമായി ഉപമിക്കാന്‍ സാധിക്കില്ല.

അയാളെ നമ്മള്‍ ബഹുമാനിക്കണം. ബാഴ്‌സലോണക്കൊപ്പം അദ്ദേഹം ചരിത്രം എഴുതിക്കൊണ്ടിരിക്കുകയാണ്.
ലോകത്തെ അത്ഭുതതാരത്തെ കുറിച്ച് സംസാരിക്കാന്‍ സാധിക്കുന്നത് വലിയ ഭാഗ്യം-കോന്റെ പറഞ്ഞു.