ഗോകുലം സൂപ്പര്‍ കപ്പിന്

Posted on: March 16, 2018 6:16 am | Last updated: March 16, 2018 at 12:21 am

ഭുവനേശ്വര്‍: ഐ ലീഗ് ടീം ഗോകുലം കേരള എഫ് സി സൂപ്പര്‍ കപ്പിന് യോഗ്യത നേടി. ഐ എസ് എല്‍ ടീമായ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഗോകുലത്തിന്റെ അപ്രതീക്ഷിത കുതിപ്പ്. 43,75 മിനുട്ടുകളില്‍ ഹെന്റി കിസേകയാണ് ബിനോ ജോര്‍ജിന്റെ തന്ത്രങ്ങള്‍ക്ക് അര്‍ഥം നല്‍കിയത്. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് 4-5-1 ശൈലിയിലാണ് കളിച്ചത്. എന്നാല്‍ ഗോകുലം 4-2-3-1 ശൈലിയില്‍ ടീമിനെ വിന്യസിപ്പിച്ചു. കിസേക ഏക സ്‌ട്രൈക്കറായി വന്നപ്പോള്‍ പിറകില്‍ നിന്ന് സഹായിക്കാന്‍ മൂന്ന് പേര്‍. സല്‍മാന്‍, മുസ, അല്‍ അജ്മി എന്നിവര്‍.

മത്സരത്തിലെ ആദ്യ അവസരം ഏഴാം മിനുട്ടില്‍ ഗോകുലത്തിന് ലഭിച്ചു. ജയരാജ് നല്‍കിയ പാസ് കിസെകക്ക് അര്‍ധാവസരം തുറന്നു. പക്ഷേ, ആ ശ്രമം ഗോളായില്ല. എട്ട് മിനുട്ടിനുള്ളില്‍ ഗോകുലം വീണ്ടും എതിര്‍പാളയത്തില്‍ വിള്ളലുണ്ടാക്കി. മൂസയും സല്‍മാനുമായിരുന്നു ഇത്തവണ നീക്കം പ്ലാന്‍ ചെയ്യത്.

ബോക്‌സില്‍ കാത്തു നിന്ന കിസെകയിലേക്ക് സല്‍മാന്‍ പന്ത് തള്ളിക്കൊടുത്തു. എന്നാല്‍, ഉഗാണ്ടന്‍ താരത്തിന് പന്ത് നിയന്ത്രിക്കുന്നതില്‍ പാളിച്ച പറ്റി.

കേരള ടീമിന്റെ അറ്റാക്കിംഗിനെ നോര്‍ത്ത് ഈസ്റ്റ് ഉണര്‍ന്നു. രണ്ട് തുടര്‍ അറ്റാക്കിംഗില്‍ അവര്‍ ഗോകുലത്തെ വിറപ്പിച്ചു. പത്തൊമ്പതാം മിനുട്ടിലാണ് ആദ്യത്തേത്.

നാല് മിനുട്ടിന് ശേഷം രണ്ടാമത്തേത്.ഡാനിലോയുടെ ക്രോസ് ബോള്‍ മര്‍സീഞ്ഞോ കണക്ട് ചെയ്ത് ടാര്‍ഗറ്റിന് മുകളിലൂടെ പറന്നു. തൊട്ടു പിന്നാലെ നര്‍സാരിയുടെ ഷോട്ടും പുറത്തേക്ക്.

ആദ്യ പകുതി അവസാനിക്കാനിരിക്കെയാണ് ഗോകുലം ഗോള്‍ നേടുന്നത്. ഇരുപത്തെട്ടുകാരനായ കിസെകയുടെ സ്പീഡും ഷാര്‍പ്പ് ഷൂട്ടിംഗ് പവറും ഒത്തുചേര്‍ന്നപ്പോള്‍ നോര്‍ത്ത് ഈസ്റ്റിന്റെ മലയാളി ഗോളി രഹനേഷിന്റെ കൈകള്‍ ചോര്‍ന്നു.

ഗോള്‍ മടക്കാന്‍ നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം മറന്ന് കളിച്ചതോടെ എഴുപത്തഞ്ചാം മിനുട്ടില്‍ ഗോകുലം രണ്ടാം ഗോളടിച്ചു. ഏപ്രില്‍ ഒന്നിന് ബെംഗളുരുവാണ് ഗോകുലം കേരള എഫ് സിയുടെ എതിരാളി.