ബാബരി കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകരുത്: സമസ്ത

Posted on: March 16, 2018 6:14 am | Last updated: March 16, 2018 at 12:18 am

കോഴിക്കോട്: ബാബരി മസ്ജിദുമായി ബന്ധപ്പെട്ട കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള ബാഹ്യശക്തികളുടെ താത്പര്യങ്ങള്‍ക്ക് ജുഡീഷ്യറി വഴങ്ങരുതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ദ്വിദിന പണ്ഡിത ക്യാമ്പ് അംഗീകരിച്ച പ്രമേയം വ്യക്തമാക്കി. ബാബരി മസ്ജിദിന് മേല്‍ മുസ്‌ലിംകള്‍ക്കുള്ള അധികാരാവകാശങ്ങള്‍ വകവെച്ചു കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം കേസില്‍ അനാവശ്യമായി ഇടപെട്ട് വര്‍ഗീയവും രാഷ്ട്രീയവുമായ അജന്‍ഡകള്‍ ഒളിച്ചുകടത്താന്‍ ശ്രമിക്കുന്നവരുടെ കുതന്ത്രങ്ങളില്‍ വീണുപോകാതിരിക്കാനുള്ള ജാഗ്രത എല്ലാവര്‍ക്കുമുണ്ടാകണം.

ബാബരി പ്രശ്‌നം കോടതിക്ക് പുറത്ത് തീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ സാമുദായിക ധ്രുവീകരണത്തിന് ആക്കം കൂട്ടാനേ ഉപകരിക്കൂ എന്നതിനാല്‍ സുപ്രീം കോടതി വിധിക്കു വേണ്ടി കാത്തിരിക്കുകയാണ് രാജ്യതാത്പര്യത്തിന് അനുഗുണം.

ബാബരി വിഷയം ഇന്ത്യയിലെ രണ്ട് പ്രബല സമുദായങ്ങള്‍ തമ്മിലുള്ള തര്‍ക്കമായി പരിമിതപ്പെടുത്തി വര്‍ഗീയമായി ജനങ്ങളെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ കരുതിയിരിക്കണം. നൂറ്റാണ്ടുകള്‍ ആരാധന നിര്‍വഹിക്കപ്പെട്ട മസ്ജിദ് തികഞ്ഞ ആസൂത്രണത്തോടെ ഒരുപറ്റം മതഭ്രാന്തന്മാര്‍ തകര്‍ത്തു എന്നതാണ് കേസിന്റെ മര്‍മം. അത് മറന്ന് ഭൂമി തര്‍ക്കത്തിലേക്കും സാമുദായിക വഴക്കിലേക്കും പ്രശ്‌നത്തെ വഴിതിരിച്ചുവിടുന്നത് കൂടുതല്‍ സങ്കീര്‍ണത സൃഷ്ടിക്കുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.

കര്‍മശാസ്ത്ര വിശകലനം മുഖ്യ അജന്‍ഡയാക്കി പണ്ഡിത ക്യാമ്പിന്റെ രണ്ടാം സെഷന്‍ ഏപ്രില്‍ ആദ്യവാരം സംഘടിപ്പിക്കാനും ജംഇയ്യത്തുല്‍ ഉലമാ ജില്ല ഘടകങ്ങളുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ വിപുലമായ പണ്ഡിത ചര്‍ച്ചകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. സമൂഹത്തിന്റെ ആത്മീയ ദാഹം ചൂഷണം ചെയ്ത് വളര്‍ന്നുവരുന്ന ശരീഅത്തില്ലാത്ത ത്വരീഖത്ത് പ്രസ്ഥാനങ്ങളെയും ഇസ്‌ലാമിനെ തന്നെ തെറ്റിദ്ധരിപ്പിക്കുംവിധം ഭീകര, തീവ്രവാദ സംഘങ്ങളിലേക്ക് യുവതലമുറയെ റിക്രൂട്ട് ചെയ്യുന്ന മതപരിഷ്‌കരണ വാദങ്ങളെയും അനുദിനം മാറിക്കൊണ്ടിരിക്കുന്ന നവീന ചിന്തകരുടെ ഒളിഅജന്‍ഡകളെയും തിരിച്ചറിയുന്നതിന്ന് ആവശ്യമായ ബോധവത്കരണ കര്‍മപദ്ധതിക്ക് ക്യാമ്പ് അന്തിമരൂപം നല്‍കി.

ദ്വിദിന ക്യാമ്പിന്റെ രണ്ടാം ദിവസമായ ഇന്നലെ നടന്ന വിവിധ സെഷനുകള്‍ക്ക് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് ഫള്ല്‍ എട്ടിക്കുളം, കെ പി മുഹമ്മദ് മുസ്‌ലിയാര്‍, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, അലവി സഖാഫി കൊളത്തൂര്‍, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് നേതൃത്വം നല്‍കി. സയ്യിദ് അലി ബാഫഖി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.

സമാപന ചടങ്ങ് പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. കോടമ്പുഴ ബാവ മുസ്‌ലിയാര്‍, വി പി എം ഫൈസി വില്ല്യാപ്പള്ളി, അബൂഹനീഫല്‍ ഫൈസി തെന്നല, മൊയ്തീന്‍കുട്ടി ബാഖവി പൊന്മള, എ ത്വാഹ മുസ്‌ലിയാര്‍, പി ഹസന്‍ മുസ്‌ലിയാര്‍ വയനാട്, പി വി മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ താഴപ്ര, ഹംസ മുസ്‌ലിയാര്‍ മഞ്ഞപ്പറ്റ, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, ഇസുദ്ദീന്‍ കാമില്‍ സഖാഫി കൊല്ലം, മുഖ്താര്‍ ഹസ്‌റത്ത് പാലക്കാട് ചര്‍ച്ചക്ക് നേതൃത്വം നല്‍കി. എ പി മുഹമ്മദ് മുസ്‌ലിയാര്‍ സ്വാഗതവും പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി നന്ദിയും പറഞ്ഞു.