സി ബി എസ് ഇ പ്ലസ് ടു പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു

Posted on: March 16, 2018 6:13 am | Last updated: March 16, 2018 at 12:15 am

ന്യൂഡല്‍ഹി: സി ബി എസ് ഇ പ്ലസ് ടു പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നു. ഇന്നലെ നടന്ന അക്കൗണ്ടന്‍സി പേപ്പറാണ് വാട്‌സ്അപ്പ് വഴി ചോര്‍ന്നത്. ഡല്‍ഹിയിലെ രോഹിണി മേഖലയിലാണ് ബുധനാഴ്ച വൈകുന്നേരം മുതല്‍ വാട്‌സ്ആപ്പിലും മറ്റു സോഷ്യല്‍ മീഡിയകളിലുമായി ചോദ്യം പേപ്പര്‍ വ്യാപകമായി പ്രചരിച്ചത്.

സംഭവം സ്ഥിരീകരിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചോദ്യപേപ്പര്‍ സി ബി എസ് ഇയുടെ സെറ്റ് രണ്ട് പേപ്പറുമായി യോജിച്ചതാണെന്ന് അദ്ദേഹം വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ചോദ്യപേപ്പറും സി ബി എസ് ഇയുടെ സെറ്റ് രണ്ടിലെ പേപ്പറും പരിശോധിച്ച് ഉറപ്പുവരുത്താന്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സെക്രട്ടറിയോട് നിര്‍ദേശം നല്‍കിയിരുന്നു. ഇവ രണ്ടും ഒന്നാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചുവെന്നും സിസോദിയ വ്യക്തമാക്കി.

സംഭവത്തെ കുറിച്ച് അന്വേഷിക്കാനും പരാതി സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സി ബി എസ് ഇയുടെ അശ്രദ്ധമൂലം കഠിനാദ്ധ്വാനം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാന്‍ പാടില്ല. അതിനാല്‍ ഏറ്റവും വേഗത്തില്‍ നടപടി എടുക്കണമെന്നും സിസോദിയ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇക്കാര്യം നിഷേധിച്ച് സി ബി എസ് ഇ ഇന്നലെ രാവിലെ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ചോദ്യം പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലെയും ചോദ്യപേപ്പറുകള്‍ മുദ്രവെച്ച നിലയിലാണ് കണ്ടെത്തിയിരിക്കുന്നതെന്നുമാണ് സി ബി എസ് ഇ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചത്. എന്നാല്‍, പരീക്ഷാ പ്രക്രിയ നടക്കുന്നതിനിടെ, പരീക്ഷയുടെ പവിത്രത തടയുന്നതിനായി സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രാദേശിക തലത്തില്‍ ചില സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ദുര്‍മാര്‍ഗികള്‍ ശ്രമിച്ചിട്ടുണ്ടെന്നും സി ബി എസ് ഇ പ്രസ്താവനയില്‍ ആരോപിച്ചു. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സി ബി എസ് ഇ അറിയിച്ചു.