കണികാ പരീക്ഷണം: തമിഴ്‌നാടിന്റെ എതിര്‍പ്പ് മറികടന്ന് കേന്ദ്രം

  Posted on: March 16, 2018 6:18 am | Last updated: March 16, 2018 at 12:11 am

  തിരുവനന്തപുരം: കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ തേനിയില്‍ കണികാ പരീക്ഷണ പദ്ധതിക്ക് വീണ്ടും അനുമതി നല്‍കാനുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ശിപാര്‍ശ തമിഴ്‌നാട് സംസ്ഥാന പരിസ്ഥിതി അവലോകന സമിതിയുടെ എതിര്‍പ്പ് മറികടന്ന്. പദ്ധതി പുനരാരംഭിക്കുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ശിപാര്‍ശ ചെയ്ത സാഹചര്യത്തില്‍ കേന്ദ്രമന്ത്രിസഭ ഉടന്‍ അനുമതി നല്‍കാനാണ് സാധ്യത. തുടര്‍ന്ന് അനുമതി കത്ത് പദ്ധതി കൈമാറുന്നതോട പ്രദേശത്ത് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനാണ് അമേരിക്കന്‍ ഏജന്‍സിക്ക് വേണ്ടി പദ്ധതി നടപ്പിലാക്കുന്ന ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ തീരുമാനം.

  ഹരിത ട്രൈബ്യൂണലിന്റ ഇടപെടലിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ച പദ്ധതിക്ക് വീണ്ടും അംഗീകരിക്കാന്‍ നേടിയെടുക്കാന്‍ സമീപിച്ച ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിനോട് തമിഴ്‌നാട് പരിസ്ഥിതി അവലോകന സമിതി ഉന്നയിച്ച് ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി നല്‍കാനായിട്ടില്ല. ഇതിനിടെയാണ് സമിതിയുടെ നിര്‍ദേശങ്ങളും ആശങ്കകളും മറികടന്ന് പദ്ധതിക്ക് അനുമതി നേടിയെടുക്കാന്‍ കേന്ദ്ര പരിസ്ഥത മന്ത്രാലയം തിരക്കിട്ട നീക്കങ്ങള്‍ നടത്തുന്നത്.

  പദ്ധതിക്ക് മലകളുടെ ആഴത്തില്‍ ടണല്‍ നിര്‍മിക്കാന്‍ പാറപൊട്ടിക്കുന്നതിന് ഉഗ്ര ശക്തിയുള്ള സ്‌ഫോടനം നടത്തുന്നത് വഴി പ്രദേശത്തുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍, മലമുകളില്‍ നിന്ന് ആയിരം മീറ്റര്‍ ആഴത്തിലുള്ള തുരങ്കത്തില്‍ ആറു ലക്ഷം ക്യുബിക് മീറ്റര്‍ ആഴത്തില്‍ ഖനനം നടത്തുന്നതുമൂലം മലയിലെ പാറകള്‍ക്കുണ്ടാകുന്ന ചതുരശ്ര മീറ്ററിന് 270 കിലോഗ്രാം എന്ന തോതിലുള്ള സമ്മര്‍ദം, പാറകള്‍ പൊട്ടി ചിതറാനും മലകളുടെ മുകള്‍തട്ട് ഇളകി വീഴാനുമുള്ള സാധ്യത. പരിസ്ഥിതി -ജന്തു ജീവജാല സമ്പത്തുകൊണ്ടുള്ള അതീവ പ്രാധാന്യമര്‍ഹിക്കുന്ന പ്രദേശത്തിന് മേലുള്ള അപകടകരമായ ഇടപടല്‍, വിവിധ നദികളുടെ ജലസമ്പത്ത് കേന്ദ്രീകരിക്കുന്ന പ്രദേശത്തുള്ള പദ്ധതി പ്രദേശത്ത് കുടിവെള്ള-ജലസേചന മേഖലയില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും തമിഴ്‌നാണ് പരിസ്തിതി അവലോകന സമിതി ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ പ്രദേശത്ത് ആണവ വികിരണം ഉണ്ടാകില്ലെന്ന വാദത്തിന് ഇപ്പോള്‍ അംഗീകാരം ലഭിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കട്ടിട നിര്‍ണ അനുമതിയെന്ന ലാഘവത്തോടെ പരിസ്ഥിതി മന്ത്രാലയം പദ്ധതിക്കായി കരുക്കള്‍ നീക്കുന്നത്.

  കേന്ദ്ര സര്‍ക്കാരിന് താത്പര്യമുള്ള പദ്ധതികള്‍ മറ്റുതടസ്സങ്ങള്‍ ബാധകമാകാതെ വളരെ പെട്ടെന്ന് നടപ്പിലാക്കുന്ന പ്രവണതയും, പദ്ധതിയുമായി ബന്ധപ്പെട്ട് കേരള-തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ആശങ്കകള്‍ അവഗണിക്കാന്‍ ദേശീയ താത്പര്യമെന്ന തന്ത്രം മുന്നോട്ടുവെക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ നിലവിലെ സാഹചര്യത്തില്‍ കണികാ പരീക്ഷണ പദ്ധതിയുടെ കാര്യത്തിലും ഈ സമീപനം തന്നെ സ്വീരിക്കാനാണ് സാധ്യത. യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതിക്ക് അനുമതി സംഘടിപ്പിച്ചെടുക്കാനുള്ള പരിസ്ഥിതി മന്ത്രാലയത്തിന്റെ നീക്കങ്ങളും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖല പ്രദേശമായ തേനിയിലെ പൊട്ടിപ്പുറത്ത് വനമേഖലയില്‍ നടപ്പിലാക്കുന്ന പദ്ധതിക്കായി ഭൂഗര്‍ഭ ലബോറട്ടറി, തുരങ്കം. ഉഗ്ര സ്‌ഫോടനം നടത്തി പാറ പൊട്ടിക്കല്‍ തുടങ്ങിയ പരസ്ഥിതിക്ക് കോട്ടം തട്ടുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പട്ട ആശങ്ക പരിഹരിക്കാന്‍ ഏഴുവര്‍ഷത്തിനിപ്പുറവും മുന്‍ കൈയെടുക്കാതെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം യുദ്ധകാലാടിസ്ഥാനത്തില്‍ അനുമതി സംഘടിപ്പിച്ച് നല്‍കാന്‍ നീക്കം നടത്തുന്നത്.

  ഇതിന് പുറമെ പദ്ധതി പശ്ചിമഘട്ടത്തില്‍ പ്രത്യാഘാതം ഉണ്ടാകുമെന്ന സംസ്ഥാന അവലോകന സമിതിയുടെ ആശങ്കകള്‍ തള്ളികളയാനുള്ള ശാസ്ത്രീയ പിന്‍ബലം, ആഭ്യന്തര വിലയിരുത്തലുകള്‍ മറികടന്ന് പദ്ധതിക്ക് അനുമതി നല്‍കുന്നതിന്റ നിയമപരമായ നിലപാട്, വന്യജീവി ബോര്‍ഡിന്റെ അനുമതി ലഭ്യമാക്കിയ ശേഷം വീണ്ടും പരിസ്ഥിതി അനുമതി തേടണമെന്ന ഹരിത ട്രൈബ്യുണല്‍ ഉത്തരവ് അനുമതിക്കായി ദുര്‍വ്യാഖ്യാനം ചെയ്തത്, പുതുതായി പബ്ലിക് ഹിയറിംഗും പരിസ്ഥിതി പ്രത്യാഘാത പഠനവും നടത്താതെ പദ്ധതിക്കായി ശ്രമിക്കുന്നത്, പദ്ധതി പ്രദേശത്തിന് അഞ്ചുകിലോമീറ്റര്‍ മാത്രം അടുത്തുള്ള കേരളത്തോട് അനുമതി തേടാത്തത്, പരിസ്ഥിതി പ്രശ്‌നങ്ങള്‍ അവഗണിക്കാന്‍ ദേശീയ പ്രാധന്യമെന്ന ലേബല്‍ മുന്നോട്ടുവെച്ചത് തുടങ്ങിയ നീക്കങ്ങളെ കുറിച്ച് ഒരു വിശദീകരണവും നല്‍കാതെയാണ് പഴയ പദ്ധതി പുതുതായി വീണ്ടും അവതരിപ്പിക്കാന്‍ അമേരിക്കന്‍ ഏജന്‍സിക്ക് വേണ്ടി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ചരടുവലിക്കുന്നത്.