ആധാരം കമ്പ്യൂട്ടര്‍വത്കരണം: ഭൂവുടമകള്‍ക്ക് ദുരിതമാകുന്നു

Posted on: March 16, 2018 6:05 am | Last updated: March 15, 2018 at 11:59 pm

അരീക്കോട്: ആധാരം കമ്പ്യൂട്ടര്‍വത്കരിക്കല്‍ ഭൂ ഉടമകള്‍ക്ക് കഷ്ടകാലമാകുന്നു. കഴിഞ്ഞ ജൂലൈ മുതല്‍ വില്ലേജ് ഓഫീസുകളില്‍ ആധാരം, നികുതി ശീട്ട്, ആധാര്‍ എന്നിവയുടെ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം നല്‍കിയാണ് അവ കമ്പ്യൂട്ടര്‍വത്കരണ പ്രവൃത്തി തുടങ്ങിയത്. ആവശ്യമായ രേഖകളെല്ലാം വില്ലേജില്‍ നല്‍കിയിട്ടുണ്ടെങ്കിലും അവയില്‍ തെറ്റുകളുടെ നൂലാമാലകളാണ്. സര്‍വേ നമ്പര്‍, ഭൂ ഉടമയുടെ പേര്, തണ്ടപ്പേര്‍ നമ്പര്‍ എന്നിവ തെറ്റിയാണ് ലഭിക്കുന്നത്. അപേക്ഷ നല്‍കി മാസങ്ങള്‍ക്ക് ശേഷമാണ് ഭൂ ഉടമകള്‍ക്ക് തണ്ടപ്പേര്‍ നമ്പര്‍ ലഭിക്കുക. ഇതുപ്രകാരമാണ് ഓണ്‍ലൈനായി നികുതി അടക്കേണ്ടത്.

വില്ലേജ് ജീവനക്കാര്‍ അപേക്ഷ സ്വീകരിച്ചുകഴിഞ്ഞാല്‍ അവയുടെ പൂര്‍ണ വിവരം കമ്പ്യൂട്ടറില്‍ സമര്‍പ്പിക്കുന്നത് കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച ജീവനക്കാരാണ്. രജിസ്‌ട്രേഷന്‍, റവന്യൂ വകുപ്പുകളുമായി ബന്ധിപ്പിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യമെങ്കിലും വില്ലേജില്‍ നിന്ന് ലഭിക്കുന്ന തണ്ടപ്പേര്‍ നമ്പര്‍ പ്രകാരം തങ്ങളുടെ സര്‍വേ നമ്പറുകളുമായി ഓണ്‍ലൈന്‍ പ്രകാരം നികുതി അടക്കാന്‍ സാധിക്കുന്നില്ലെന്നാണ് ഉടമകളുടെ വാദം. നിലവില്‍ റവന്യൂരേഖ പ്രകാരം ഭൂമി വ്യത്യസ്തയാളുകളുടെ പേരിലാണ്. നിലവിലുള്ള നികുതി ശീട്ടും ഭൂരേഖയുമായി വില്ലേജില്‍ എത്തിയാലും അവ അംഗീകരിക്കാ ന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല. ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ തെറ്റിന് പൊതുജനം കഷ്ടപ്പെടുകയാണ്.

തെറ്റ് തിരുത്തണമെങ്കില്‍ മുഴുവന്‍ രേഖകളും ഹാജരാക്കുന്നതിനൊപ്പം നേരത്തെ ഭൂമി കൈമാറിയ വ്യക്തിയും കൂടി നേരിട്ട് ഹാജരാകണമെന്നാണ് വ്യവസ്ഥ. ഒരേ സര്‍വേ നമ്പറില്‍ പലരുടെയും പേരില്‍ ഭൂമി ഉണ്ടെങ്കിലും അവയില്‍ സബ് ഡിവിഷന്‍ നമ്പര്‍ വ്യത്യസ്തമായിരിക്കും. അത്തരം ഭൂമികളിലാണ് കൂടുതല്‍ പിഴവുകള്‍ കാണപ്പെടുന്നത്. 2016ന് ശേഷം കൈമാറ്റം ചെയ്യപ്പെട്ട ഭൂമികള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അതിന്റെ പൂര്‍ണ വിവരം ഓണ്‍ലൈന്‍ വഴി വില്ലേജുകളില്‍ ലഭിക്കും. ഓണ്‍ലൈനായി ലഭിക്കുന്നതിനാല്‍ പിന്നീട് വില്ലേജില്‍ പോക്കുവരവുകള്‍ നടത്തേണ്ടതില്ല. ഇത്തരക്കാരില്‍ തെറ്റുകള്‍ കുറവാണ്. എന്നാല്‍ നേരത്തെ കൈമാറ്റം ചെയ്ത ഭൂമികളില്‍ പോക്കുവരവ് നടത്തിയിട്ടും വീണ്ടും അതേ ഭൂമി കൈമാറ്റം ചെയ്തയാളി ലില്ല എന്നതാണ് വാസ്തവം. ഇത്തരം ഭൂമികള്‍ കണ്ടെത്തി അവ യഥാര്‍ഥ ഉടമകളുടെ പേരില്‍ ചേര്‍ക്കുകയെന്നത് നൂലാമാല തന്നെയാണ്.

തെറ്റുപറ്റിയ ഭൂരേഖകള്‍ വില്ലേജ് ഓഫീസര്‍ മുഖേനെ അപേക്ഷ തഹസില്‍ദാര്‍ക്ക് നല്‍കണമെന്നാണ് വ്യവസ്ഥ. തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ജീവനക്കാരും ഭൂ ഉടമകളും തമ്മില്‍ വഴക്കിനും ഇടവരുത്തുന്നുണ്ട്.