സ്വാശ്രയ കോളജുകളിലെ കരാര്‍ അധ്യാപകരെയും ജീവനക്കാരെയും പിരിച്ചുവിടേണ്ടെന്ന് സിന്‍ഡിക്കേറ്റ്

കാലിക്കറ്റ് വാഴ്‌സിറ്റി പ്രവേശന കവാടത്തിലെ രാപകല്‍ സമരം അവസാനിപ്പിച്ചു
Posted on: March 16, 2018 6:21 am | Last updated: March 15, 2018 at 11:57 pm

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല നേരിട്ട് നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങളിലെ അധ്യാപകരെയും ജീവനക്കാരെയും പിരിച്ചുവിടേണ്ടതില്ലെന്ന് സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനം. സര്‍വകലാശാല അധികൃതരുടെ ഉറപ്പിനെ തുടര്‍ന്ന് സെല്‍ഫ് ഫിനാന്‍സിംഗ് കോളജ് ടീച്ചേഴ്‌സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ നടത്തിവന്ന രാപകല്‍ സമരം അവസാനിപ്പിച്ചു. പരീക്ഷാ മൂല്യനിര്‍ണയ വേതനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വവും പരിഹരിച്ചതായി സമരരംഗത്തിറങ്ങിയ അധ്യാപകര്‍ പറഞ്ഞു.

വര്‍ഷങ്ങളായി സര്‍വകലാശാല സ്വാശ്രയ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകരെയും ജീവനക്കാരെയും മാര്‍ച്ച് 31ന് പിരിച്ചുവിടാനായിരുന്നു നീക്കം. ഈയൊരു സാഹചര്യത്തിലാണ് കരാര്‍ ജീവനക്കാരും അധ്യാപകരും രംഗത്തിറങ്ങിയത്. 2017 ഏപ്രിലില്‍ സംസ്ഥാന ധനകാര്യ വകുപ്പ് കരാര്‍ ജീവനക്കാരുടെ വേതനം പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഇറക്കിയ ഉത്തരവിന്റെ മറവിലാണ് കാലിക്കറ്റ് സര്‍വകലാശാലയും പിരിച്ചുവിടല്‍ നടപടികള്‍ സ്വീകരിച്ചത്. സമരത്തിന്റെ പശ്ചാത്തലത്തില്‍ സ്വാശ്രയ കോളജ് അധ്യാപകരുടെയും ജീവനക്കാരുടെയും മറ്റ് ആവശ്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സിന്‍ഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്.

പരീക്ഷാ മൂല്യനിര്‍ണയ വേതനം സമയബന്ധിതമായി വിതരണം ചെയ്യുക, സ്വാശ്രയ കോളജ് ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് സര്‍വകലാശാല തല മോണിറ്ററിംഗ് സമിതി രൂപവത്കരിക്കുക, സെനറ്റ് തിരഞ്ഞെടുപ്പില്‍ സ്വാശ്രയ അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും വോട്ടവകാശം നല്‍കുക, സ്വാശ്രയ കോളജുകളിലെ സേവന വേതന വ്യവസ്ഥകള്‍ കുറ്റമറ്റതാക്കുക, സര്‍വകലാശാല സ്റ്റാറ്റിയൂട്ട് പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചിരുന്നു.

സമരത്തിന്റെ സമാപന ദിനത്തില്‍ സി ഐ ടി യു ജില്ലാ കമ്മിറ്റിയംഗം എന്‍ പി സോമസുന്ദരന്‍ സിന്‍ഡിക്കേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഡോ. അബ്ദുല്‍ വഹാബ്, വി സ്റ്റാലിന്‍, കെ ഗോവിന്ദന്‍കുട്ടി, കെ വി അബ്ദുല്‍ അസീസ്, റിഷാദ്, ടി കെ സക്കീര്‍ സംസാരിച്ചു.