യോഗിക്കെതിരെ പാളയത്തില്‍ പട

  • ആരോപണവുമായി നേതാക്കള്‍
  • ബി എസ് പി സഖ്യം തുടരുമെന്ന് എസ് പി
Posted on: March 16, 2018 6:25 am | Last updated: March 16, 2018 at 9:43 am

ലക്‌നോ: ഗോരഖ്പൂര്‍, ഫൂല്‍പൂര്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളില്‍ നേരിട്ട തിരിച്ചടിയെ തുടര്‍ന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ബി ജെ പിയില്‍ പടയൊരുക്കം. ത്രിപുര ഉള്‍പ്പെടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി ജെ പി അധികാരക്കൊടി നാട്ടിയതിന്റെ ആവേശം ചോരും മുമ്പ് ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയുടെ ഉരുക്കുകോട്ടയിലുണ്ടായ വിള്ളല്‍ ബി ജെ പിയെ ഞെട്ടിച്ചിരിക്കുകയാണ്. ഈ പരാജയത്തിന്റെ ഉത്തരവാദിത്വം യോഗി ആദിത്യനാഥിന്റെ മാത്രം തലയില്‍ കെട്ടിവെക്കാനുള്ള കേന്ദ്ര നേതൃത്വത്തിന്റെ നീക്കത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് നിന്നുള്ള നേതാക്കള്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും ശ്രമം ആരംഭിച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ ദളിത്, പിന്നാക്ക വിഭാഗ വിരുദ്ധ സമീപനമാണ് തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്ന് ഒ ബി സി നേതാവും ബി ജെ പി മുന്‍ എം പിയുമായ രമാകാന്ത് യാദവ് തുറന്നടിച്ചു.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അലംഗഢ് മണ്ഡലത്തില്‍ എസ് പി നേതാവ് മുലായം സിംഗ് യാദവിനോട് നിസ്സാര വോട്ടുകള്‍ക്ക് പരാജയപ്പെട്ടയാളാണ് രമാകാന്ത് യാദവ്. ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ക്ക് നേരെ സംസ്ഥാന സര്‍ക്കാര്‍ കണ്ണടക്കുകയാണെന്നും അതാണ് ഉപതിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്നും, യോഗി ആദിത്യ നാഥിനെ പ്രതിസ്ഥാനത്ത് ഉറപ്പിച്ച് രമാകാന്ത് യാദവ് ആരോപിച്ചു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ തിരുത്തലുകള്‍ക്ക് തയ്യാറായില്ലെങ്കില്‍ കനത്ത നഷ്ടങ്ങളാണ് കാത്തിരിക്കുന്നത്. മുഖ്യമന്ത്രി അടിയന്തരമായി തിരുത്തലുകള്‍ക്ക് തയ്യാറാകണമെന്നും രമാകാന്ത് യാദവ് ആവശ്യപ്പെട്ടു.

ഗോരഖ്പൂരിലെ ഗോരഖ്‌നാഥ് ക്ഷേത്രവുമായി ബന്ധമില്ലാത്ത സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ മുഖ്യമന്ത്രി ആദിത്യനാഥ് ആഗ്രഹിച്ചിരുന്നില്ലെന്ന് മറ്റൊരു മുതിര്‍ന്ന ബി ജെ പി നേതാവ് പ്രതികരിച്ചു. 15 വര്‍ഷം മുമ്പ് യോഗി ആദിത്യ നാഥ് രൂപവത്കരിച്ച ഹിന്ദു യുവ വാഹിനി എന്ന സംഘടനാ പ്രവര്‍ത്തകരോ നേതൃത്വമോ ഗോരഖ്പൂരിലെ ബി ജെ പി സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നില്ലെന്നും നേതാവ് ചൂണ്ടിക്കാട്ടി. ഗോരഖ്പൂരിലും സമീപ ജില്ലകളിലും നല്ല സ്വാധീനമുള്ള സംഘടനയാണ് ഹിന്ദു യുവ വാഹിനി.

അതിനിടെ, അടുത്ത മാസം അവസാനത്തോടെ പ്രതീക്ഷിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ നക്ഷത്ര പ്രചാരകനായി കണക്കാക്കുന്ന യോഗി ആദിത്യനാഥിനെ പിന്‍വലിച്ചേക്കുമെന്ന സൂചനകളും നിലനില്‍ക്കുന്നുണ്ട്. കടുത്ത ഭാഷയിലുള്ള പരിഹാസങ്ങളാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് യോഗിക്കെതിരെ കര്‍ണാടകയില്‍ ഉയര്‍ന്നുവരുന്നത്. കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ യോഗി ആദിത്യനാഥ് ഇനി യു പിയുടെ വികസനം പ്രസംഗിക്കാന്‍ കര്‍ണാടകയില്‍ അധികം സമയം ഉപയോഗിക്കുമെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ ട്വിറ്ററില്‍ പരിഹസിച്ചു. അതേസമയം തന്നെ, സംസ്ഥാന തിരഞ്ഞെടുപ്പില്‍ സന്യാസിമാരെ സ്ഥാനാര്‍ഥിയാക്കുന്നത് പുനരാലോചനക്ക് വിധേയമാക്കണമെന്ന ചര്‍ച്ചകളും കര്‍ണാകയിലെ ബി ജെ പിയില്‍ ഉയര്‍ന്നുവരുന്നുണ്ട്. ഉടുപ്പി, വടക്കന്‍ മംഗളൂരു മണ്ഡലങ്ങളില്‍ പ്രമുഖ മഠങ്ങളില്‍ നിന്നുള്ള സന്യാസിമാര്‍ സീറ്റിനായി കരുനീക്കം നടത്തുന്നതിനിടെ തന്നെയാണ് ബി ജെ പിയില്‍ ഈ ചര്‍ച്ചകളും നടക്കുന്നത്.

അതേസമയം, ഉത്തര്‍ പ്രദേശില്‍ അപ്രതീക്ഷിതമായുണ്ടായ വിജയം മുതലെടുക്കുന്നതിനുള്ള രാഷ്ട്രീയ നീക്കങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചുകഴിഞ്ഞു. ബി എസ് പിയുമായുള്ള സഖ്യം വരും തിരഞ്ഞെടുപ്പുകളിലും തുടരുമെന്ന് എസ് പി നേതാവും യു പി മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് വ്യക്തമാക്കി. എന്നാല്‍, ബി എസ് പി നേതാവ് മായാവതി ഇതേക്കുറിച്ച് പ്രതികരണം നടത്തിയിട്ടില്ല.