നവാസ് ശരീഫിന്റെ വസതിക്ക് സമീപം ചാവേറാക്രമണം; പത്ത് മരണം

Posted on: March 16, 2018 6:23 am | Last updated: March 15, 2018 at 11:33 pm

അചാവേറാക്രമണമത്തില്‍ പരുക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു

കാബൂള്‍: പുറത്താക്കപ്പെട്ട പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ലാഹോറിലുള്ള വസതിക്ക് സമീപം താലിബാന്‍ നടത്തിയ ചാവേറാക്രമണത്തില്‍ പത്ത് മരണം. പോലീസ് ചെക് പോസ്റ്റിന് സമീപമായിരുന്നു സ്‌ഫോടനമെന്നും ഇതിന് സമീപമായി തബ്‌ലീഗ് ജമാഅത്തിന്റെ സമ്മേളനം നടന്നുകൊണ്ടിരിക്കുകയാണെന്നും കൗമാരക്കാരനാണ് ചാവേറായി പൊട്ടിത്തെറിച്ചതെന്നും പോലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ രണ്ട് ഇന്‍സ്‌പെക്ടര്‍മാരും മൂന്ന് കോണ്‍സ്റ്റബിള്‍മാരും ഉള്‍പ്പെടുന്നു. സംഭവത്തില്‍ 14 പോലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

അക്രമികളെന്ന് സംശയിക്കുന്ന നാല് പേര്‍ തബ്‌ലീഗ് ജമാഅത്തിന്റെ പരിപാടിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് തടഞ്ഞു. ഇതിനിടയില്‍ അക്രമികളില്‍ ഒരാള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സമയത്ത് മറ്റു ആക്രമികള്‍ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തതായി ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറിയിച്ചു. കൗമാരക്കാരനായ ചാവേറാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്നും പരുക്കേറ്റ ചില പോലീസുകാരുടെ നില ഗുരുതരമാണെന്നും ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആരിഫ് നവാസ് വ്യക്തമാക്കി.